'കോൺഗ്രസിന്റെ ഈ കഴിവിനെ അഭിനന്ദിക്കണം'; വൻ പരിഹാസവുമായി ഹിമന്ത ബിശ്വ ശർമ
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഇത്തവണയും ബി ജെ പി സഖ്യത്തിനാണ് വൻ വിജയം നേടാനായത്

ദില്ലി: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകളിൽ കനത്ത തിരിച്ചടിയാണ് കോൺഗ്രസ് നേരിട്ടത്. മേഘാലയയിൽ അടക്കം ഒരിടത്തും പോലും പാർട്ടിക്ക് നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. അതേസമയം വിവിധ സംസ്ഥാനങ്ങളിലായി ഉപതിരഞ്ഞെടുപ്പിൽ വലിയ വിജയം നേടാൻ കോൺഗ്രസിന് സാധിച്ചിരുന്നു. ബംഗാളിലും തമിഴ്നാട്ടിലും മഹാരാഷ്ട്രയിലുമായിരുന്നു കോൺഗ്രസ് നേട്ടം കൊയ്തത്. ഇതിന് പിന്നാലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പ്രതികരിച്ച് കൊണ്ട് മുതിർന്ന നേതാവായ ജയ്റാം രമേശ് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ ഈ ട്വീറ്റിൽ കോൺഗ്രസിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ.
'ഇന്നത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ: -കോൺഗ്രസ് 33 വർഷത്തിന് ശേഷം മഹാരാഷ്ട്രയിലെ കസ്ബ പേട്ടിൽ വിജയിക്കുന്നു. -51 വർഷത്തിന് ശേഷം പശ്ചിമ ബംഗാളിലെ സാഗർദിഗി സീറ്റിൽ വിജയിക്കുന്നു. ത്രിപുരയിൽ 0 സീറ്റിൽ നിന്ന് 5 ആയി. -5 സീറ്റുകൾ മേഘാലയയിൽ (21 സിറ്റിംഗ് എംഎൽഎമാരെ ഹൈജാക്ക് ചെയ്തിട്ടും ) -തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പ്', എന്നിങ്ങനെയായിരുന്നു ജയറാം രമേശിന്റെ പോസ്റ്റ്. ഇതിനെ പരിഹസിച്ച് കൊണ്ടാണ് ഹിമന്തയുടെ പ്രതികരണം. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും കോൺഗ്രസ് നിഷേധാത്മക നിലപാട് തുടരുകയാണെന്ന് ഹിമന്ത വിമർശിച്ചു.
'ഇത്തരത്തിൽ ആഖ്യാനങ്ങളിലൂടെ നിഷേധാത്മകമായി നിലനിൽക്കാനുളള കോൺഗ്രസിന്റെ കഴിവിനെ അഭിനന്ദിക്കണം. മൂന്ന് സംസ്ഥാനങ്ങളിൽ തുടച്ച് നീക്കപ്പെട്ടിട്ടും അതിനെ നേട്ടമായി അവതരിപ്പിക്കുന്നു', ശർമ്മ ട്വീറ്റിൽ പറഞ്ഞു.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഇത്തവണയും ബി ജെ പി സഖ്യത്തിനാണ് വൻ വിജയം നേടാനായത്.ത്രിപുരയിൽ 60 അംഗ നിയമസഭയില്‍ 32 സീറ്റുകളാണ് ബി ജെ പിക്ക് നേടാനായത്.. ബി ജെ പി സഖ്യകക്ഷിയായ ഐ പി എഫ് ഒരു സീറ്റിലും വിജയിച്ചു. സി പി എം-കോണ്‍ഗ്രസ് സഖ്യം 14 സീറ്റുകളിലാണ് വിജയിച്ചത്. അതേസമയം കന്നിയങ്കത്തിനിറങ്ങിയ തിപ്ര മോത്ത 13 സീറ്റുകളിലാണ് വിജയം നേടിയത്. നാഗാലന്‍ഡിലും ബി ജെ പി ഭരണം നിലനിര്‍ത്തി. ബിജെപി എ ന്‍ഡി പി പി സഖ്യം 37 സീറ്റുകളിലാണ് വിജയിച്ചത്. മേഘാലയയിലും അവസാന നിമിഷം ബി ജെ പിക്ക് കാര്യങ്ങൾ അനുകൂലമായിരിക്കുകയാണ്. ഇവിടെ കോൺറാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള എൻപിപിയാണ് ഏറ്റവു വലിയ ഒറ്റകക്ഷിയായത്. 26 സീറ്റുകളാണ് പാർട്ടിക്ക് ലഭിച്ചത്. എന്നാൽ സർക്കാർ രീപീകരിക്കണമെങ്കിൽ 31 സീറ്റുകൾ ആവശ്യമാണ്. ഈ സാഹചര്യത്തിൽ എൻ പി പി ബി ജെ പിയെ സഖ്യത്തിനായി സമീപിക്കുകയായിരുന്നു.
ബി ജെ പിയുമായി നേരത്തേ സഖ്യത്തിലാണ് എൻ പി പി മേഘാലയ ഭരിച്ചിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് സഖ്യം പിരിയുകയും എൻ പി പി തനിച്ച് മത്സരിക്കുകയുമായിരുന്നു. തൂക്കുസഭയ്ക്ക് സാധ്യത ഉയർന്നതോടെയായണ് എൻ പി പി ബി ജെ പിയുമായി വീണ്ടും കൈകോർക്കാൻ തയ്യാറായത്.












Click it and Unblock the Notifications