മോദി മടങ്ങിയതിന് 'യഥാര്‍ത്ഥ കാരണം' ഇതാണ്; പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ്
ന്യൂദല്‍ഹി: പഞ്ചാബില്‍ റാലിയില്‍ പങ്കെടുക്കാനാകാതെ പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങിയതിന് പിന്നിലെ 'യഥാര്‍ത്ഥ കാരണം' പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ്. നരേന്ദ്ര മോദി പങ്കെടുക്കേണ്ടിയിരുന്ന റാലിയില്‍ ആളുകളൊന്നും വന്നില്ലെന്നും ഒഴിഞ്ഞ കസേരകള്‍ മാത്രമാണുണ്ടായിരുന്നതെന്നുമാണ് ശ്രീനിവാസിന്റെ പരിഹാസം.
ഇതിന്റെ വീഡിയോയും ശ്രീനിവാസ് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. മോദിയുടെ റാലിയില്‍ പങ്കെടുക്കാന്‍ ആളില്ലെന്നും ഒഴിഞ്ഞ കസേരകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ദൃശ്യങ്ങള്‍ പങ്കുവച്ച് ശ്രീനിവാസ് പറഞ്ഞു.
'എന്തായാലും മോദിക്ക് പഞ്ചാബില്‍ റാലി നടത്താന്‍ കഴിഞ്ഞില്ല. കര്‍ഷക വിരുദ്ധ മോദിയെ ഉജ്ജ്വലമായി വരവേല്‍ക്കാന്‍ ഒഴിഞ്ഞ കസേരകള്‍ കാത്തിരുന്നു. പഞ്ചാബില്‍ എത്തിയിട്ടും കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് റാലി റദ്ദാക്കേണ്ടി വന്നു,' ശ്രീനിവാസ് മറ്റൊരു പോസ്റ്റില്‍ പറഞ്ഞു.

പഞ്ചാബിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷേധങ്ങളെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങുകയായിരുന്നു. പിന്നാലെ പരിപാടി ഉപേക്ഷിച്ച് അദ്ദേഹം മടങ്ങുകയായിരുന്നു. രക്തസാക്ഷി മണ്ഡപത്തിന് 30 കിലോമീറ്റര്‍ അകലെ വെച്ചാണ് പ്രതിഷേധക്കാര്‍ വാഹനവ്യൂഹത്തിന് മുന്നിലെ വാഹനം തടഞ്ഞത്.
ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലക്കേസിലെ സര്‍ക്കാര്‍ നിലപാടിനെതിരെ കര്‍ഷക സംഘടനകള്‍ മോദിയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. സംഭവത്തിലെ മുഖ്യപ്രതിയായ ആശിഷ് മിശ്രയുടെ പിതാവായ ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കിയില്ലെങ്കില്‍ മോദിയെ പഞ്ചാബില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഒമ്പത് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു.
അതേസമയം പ്രധാനമന്ത്രിയുടെ പഞ്ചാബ് യാത്രയില്‍ സുരക്ഷാവീഴ്ചയുണ്ടായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തിയിരുന്നു. സംഭവിച്ചത് വന്‍ സുരക്ഷാ വീഴ്ചയാണെന്നന്നാണ് കേന്ദ്രാ ആഭ്യന്തരമന്ത്രാലയം പറഞ്ഞത്. സംസ്ഥാനത്ത് ഭരിക്കുന്നത് കോണ്‍ഗ്രസാണെന്നതിനാല്‍ വിഷയം രാഷ്ട്രീയമായും ആളിക്കത്തിയിട്ടുണ്ട്. ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകം സന്ദര്‍ശിക്കുന്നതിനായാണ് പ്രധാനമന്ത്രി ഇന്ന് രാവിലെ ബതിന്ഡയില്‍ വിമാനമിറങ്ങിയത്.
നേരത്തെ ഹെലികോപ്റ്ററിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര തീരുമാനിച്ചിരുന്നത്. എന്നാല്‍ മോശം കാലാവസ്ഥ കാരണം റോഡ് മാര്‍ഗം യാത്ര തിരിക്കുകയായിരുന്നു. പഞ്ചാബ് പോലീസിന്റെ പക്കല്‍നിന്ന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ സ്ഥിരീകരിച്ചതിന് ശേഷമാണ് റോഡ് മാര്‍ഗം യാത്ര ആരംഭിച്ചതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞത്.
അതേസമയം സുരക്ഷാ വീഴ്ചയില്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. മടക്കയാത്രയില്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി ഇവിടെ വരെ (വിമാനത്താവളം വരെ) ജീവനോടെ എത്തിയതില്‍ മുഖ്യമന്ത്രിക്ക് നന്ദി അറിയിക്കണമെന്ന് പറഞ്ഞുവെന്നാണ് ജീവനക്കാര്‍ പറഞ്ഞത്.












Click it and Unblock the Notifications