തൂത്തുകുടിയില്‍ വീണ്ടും വെടിവയ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, എസ്പിക്ക് പരിക്ക്, തമിഴ്‌നാട് കത്തുന്നു!!
Recommended Video

ചെന്നൈ: പോലീസ് വെടിവയ്പ്പില്‍ 11 പേര്‍ കൊല്ലപ്പെട്ട തൂത്തുകുടിയില്‍ വീണ്ടും വെടിവയ്പ്. അണ്ണാനഗറിലാണ് സമരക്കാര്‍ക്ക് നേരെ പോലീസ് വെടിവച്ചത്. ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പോലീസുകാര്‍ക്കും രണ്ട് സമരക്കാര്‍ക്കും പരിക്കുണ്ടെന്നാണ് വിവരം. സമരക്കാരുടെ നില അതീവ ഗുരുതരമാണ്. തമിഴ്‌നാട്ടില്‍ സാഹചര്യം കൂടുതല്‍ വഷളാകുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. അതിനിടെ, തൂത്തുകുടി ജനറല്‍ ആശുപത്രിക്ക് പുറത്ത് തമ്പടിച്ച ജനങ്ങളും പോലീസും തമ്മില്‍ നേരിയ പ്രശ്‌നങ്ങളുണ്ടായി. ഇവരെ പിരിച്ചുവിടാന്‍ ലാത്തി വീശിയ പോലീസ് അവിടെയും വെടിയുതിര്‍ക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ജനറല്‍ ആശുപത്രിയിലാണ് വെടിയേറ്റവരും സംഘര്‍ഷത്തില്‍ പരിക്കേറ്റവരും ചികില്‍സയില്‍ കഴിയുന്നത്....

ജനം വീണ്ടും ഒത്തുചേരുന്നു
ആശുപത്രിക്ക് പുറത്ത് പരിക്കേറ്റവരുടെ ബന്ധുക്കള്‍ ഒത്തുകൂടി നിന്നു. ഇവരുടെ എണ്ണം കൂടിവന്നതോടെയാണ് പോലീസ് പിരിച്ചുവിടാന്‍ ശ്രമിച്ചത്. തൂത്തുകുടിയുടെ വിവിധ മേഖലകളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിരിക്കുകയാണ്. നിരോധനാജ്ഞ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

എസ്പിക്ക് പരിക്കേറ്റു
പോലീസ് വെടിവയ്പ്പിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ് ദേശ മക്കള്‍ മുന്നണിയുടെ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. 25ന് സംസ്ഥാനത്ത് വന്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ തീരുമാനം. അണ്ണാനഗറില്‍ കാളിയപ്പന്‍ എന്ന യുവാവാണ് വെടിയേറ്റ് മരിച്ചത്. എസ്പി മഹേന്ദ്രനുള്‍പ്പെടെയുള്ള പോലീസുകാര്‍ക്കു ഇവിടെ പരിക്കേറ്റുവെന്നാണ് വിവരം. ഉച്ചയ്ക്ക് 2.30നാണ് സംഭവം.

പ്രക്ഷോഭത്തിന് ആഹ്വാനം
11 പേരെ കൂട്ടക്കൊല ചെയ്തതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കാന്‍ ഡിഎംകെ തീരുമാനിച്ചു. എല്ലാ പാര്‍ട്ടികളോടും സഹകരിക്കണമെന്നും സമരത്തില്‍ പങ്കാളികളാകണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു. വേദാന്ത കമ്പനിക്കെതിരായ സമരം ശക്തമാക്കുമെന്നാണ് നാട്ടുകാര്‍ ഇപ്പോഴും പറയുന്നത്. സമരം പൊളിക്കാനാണ് വെടിവയ്പ്പ് നടത്തിയതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാതെ പ്രതിഷേധം
തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നത് വരെ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. വേദാന്ത കമ്പനിയുടെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടിയാല്‍ മാത്രമേ മൃതദേഹങ്ങള്‍ സംസ്‌കരിക്കൂ. ജനറല്‍ ആശുപത്രിക്ക് പുറത്ത് നാട്ടുകാരുടെ പ്രതിഷേധം നടക്കുകയാണ്.

മൃതദേഹങ്ങള്‍ പരിശോധിച്ചു
വെടിയേറ്റ് മരിച്ചവരുടെ മൃതദേഹം ആറംഗ ഡോക്ടര്‍മാര്‍ പരിശോധിക്കുകയാണ്. നാല് ജഡ്ജിമാരുടെ മേല്‍നോട്ടത്തിലാണ് പരിശോധന. വെടിവയ്പ്പിനെ കുറിച്ച് അന്വേഷിക്കാന്‍ വിരമിച്ച ജഡ്ജി അരുണ ജഗദീഷന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. സംഭവത്തില്‍ മിക്ക നേതാക്കളും സംശയം പ്രകടിപ്പിക്കുന്നുണ്ട്.

ആരാണ് വെടിവയ്ക്കാന്‍ ഉത്തരവിട്ടത്
ആരാണ് വെടിവയ്്ക്കാന്‍ ഉത്തരവിട്ടത് എന്ന് തങ്ങള്‍ക്ക് അറിയണമെന്ന്് നടന്‍ കമല്‍ഹാസന്‍ ആവശ്യപ്പെട്ടു. ഇത് എന്റെ മാത്രം ആവശ്യമില്ല. നാട്ടുകാരുടെ മൊത്തം ആവശ്യമാണ്. നഷ്ടപരിഹാരം ഒരു പരിഹാരമല്ല. ജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് വേദാന്തയുടെ കമ്പനി അടച്ചുപൂട്ടണമെന്നും കമല്‍ഹാസന്‍ ആവശ്യപ്പെട്ടു.

കമ്മീഷന്‍ ഇടപെട്ടു
അതേസമയം, 11 പേര്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ വിശദീകരണം തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തമിഴ്‌നാട് സര്‍ക്കാരിന്് നോട്ടീസ് അയച്ചു. രണ്ടാഴ്ചക്കകം വ്യക്തമായ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ക്കാണ് നോട്ടീസ അയച്ചത്. വേദാന്ത കമ്പനിയുടെ പ്ലാന്റ് വിപുലീകരണം ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞിട്ടുണ്ട്.

ഹൈക്കോടതി തടഞ്ഞു
വേദാന്ത കമ്പനിക്ക് നല്‍കിയ പാരസ്ഥിതിക അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. പരിസ്ഥിതി പ്രവര്‍ത്തകയായ പ്രഫ. ഫാത്തിമയാണ് സ്‌റ്റെര്‍ലൈറ്റ് കമ്പനിക്കെതിരെ കോടതിയെ സമീപിച്ചത്. ഇവിടെ ഒരു പ്ലാന്റ് പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റൊരു പ്ലാന്റ് കൂടി നിര്‍മിക്കാനുള്ള നീക്കം കമ്പനി നടത്തുകയായിരുന്നു. ഇതാണ് തടഞ്ഞിരിക്കുന്നത്.

ഹിതപരിശോധന നടത്താന്‍ ഹൈക്കോടതി
പ്ലാന്റ് വിപുലീകരണം സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ഹിതപരിശോധന നടത്തണമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. വേദാന്ത കമ്പനിക്ക് നല്‍കിയ പാരിസ്ഥിതിക അനുമതി പുതുക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നാല് മാസത്തിനകം ഉചിതമായ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

കമ്പനി പറയുന്നത്
കമ്പനിയുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് കമ്പനി വക്താവ് പ്രതികരിച്ചു. 2009ലാണ് വേദാന്ത കമ്പനിക്ക് അന്നത്തെ യുപിഎ സര്‍ക്കാര്‍ പാരസ്ഥിതിക അനുമതി നല്‍കിയത്. പിന്നീട് 2015ലും 2016ലും കേന്ദ്രം ഇത് പുതുക്കി നല്‍കി. പരിസ്ഥിതിക്കുണ്ടായ നഷ്ടം കമ്പനിയില്‍ നിന്ന് ഈടാക്കണമെന്നും ഫാത്തിമ ബാബു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

100 കോടി രൂപ പിഴ
2013ല്‍ കമ്പനിയില്‍ നിന്ന് വാതക ചോര്‍ച്ചയുണ്ടാകുകയും പ്രദേശവാസികള്‍ രോഗബാധിതരാകുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി കമ്പനിക്ക് 100 കോടി രൂപ പിഴയിട്ടിരുന്നു. ആരാണ് വെടിവയ്ക്കാന്‍ ഉത്തരവിട്ടതെന്ന് തങ്ങള്‍ക്കറിയണമെന്ന് നടന്‍ കമല്‍ഹാസനും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് സ്റ്റാലിനും ആവശ്യപ്പെട്ടു. എഡിഎംകെ സര്‍ക്കാരിനെതിരെ സംഭവം ആയുധമാക്കുകയാണ് ഡിഎംകെ.












Click it and Unblock the Notifications