
അഗ്നിപഥിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് അയോഗ്യത; റിക്രൂട്ട്‌മെന്റ് റാലി തുടങ്ങി
കോഴിക്കോട്: അഗ്‌നിവീര്‍ പദ്ധതിക്കെതിരെ പ്രതിഷേധം നടത്തിയവര്‍ക്ക് അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റുകളില്‍ പങ്കെടുക്കാനാവില്ല എന്ന കരസേന. ഇക്കാര്യം നിയമാവലിയില്‍ വ്യക്തമാക്കിയിട്ടുണ്ട് എന്നും ഇവര്‍ റിക്രൂട്ട്‌മെന്റിന് അയോഗ്യരാണ് എന്നും കരസേന വ്യക്തമാക്കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോഴിക്കോട് അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റിന് എത്തിയ ഉന്നത ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അഗ്‌നിവീര്‍ പദ്ധതിക്കെതിരെ നടന്ന പ്രതിഷേധങ്ങള്‍ റിക്രൂട്ട്‌മെന്റിനെ ബാധിച്ചിട്ടില്ല എന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. കേരളം, കര്‍ണ്ണാടക, പോണ്ടിച്ചേരി, ലക്ഷദ്വീപ് എന്നീ പ്രദേശങ്ങളാണ് ബെംഗളൂരു അഗ്നിവീര്‍ റിക്രൂട്ട്‌മെന്റ് മേഖലക്ക് കീഴില്‍ ഉള്ളത്. ഇതില്‍ കേരളത്തിലേയും കര്‍ണാടകത്തിലേയും റിക്രൂട്ട്‌മെന്റ് നടപടികള്‍ പുരോഗമിച്ച് വരുന്നു.

കേരളത്തില്‍ വടക്കന്‍ മേഖല റിക്രൂട്ട്‌മെന്റ് റാലിയില്‍ 23000 ഓളം പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 13100 ഓളം പേര്‍ ഇതിനകം റാലിക്കെത്തിയിരുന്നു. 705 പേരാണ് പ്രാഥമിക യോഗ്യത നേടിയിട്ടുള്ളത്. 624 പേരെ വീണ്ടും പരിശോധനക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങള്‍ ഒരിടത്തും റിക്രൂട്ട്‌മെന്റിനെ ബാധിച്ചിട്ടില്ല എന്നാണ് കരസേന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.
ലഹരിമരുന്ന് കിട്ടുന്നത് നടന്മാര്ക്ക് മാത്രമല്ല; നിര്‍മാതാക്കള്‍ക്ക് മമ്മൂട്ടിയുടെ മറുപടി

തെക്കന്‍ കേരളത്തിലെ റിക്രൂട്ട്‌മെന്റ് റാലി കൊല്ലത്ത് നവംബര്‍ 15 ന് നടക്കും. കേരളത്തിലെ യുവാക്കള്‍ എഴുത്ത് പരീക്ഷയില്‍ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത് എന്നും എന്നാല്‍ കായിക ക്ഷമത ഇനിയും മെച്ചപ്പെടാനുണ്ട് എന്നുമാണ് കരസേനയുടെ വിലയിരുത്തല്‍. വനിതകള്‍ക്കായുള്ള റിക്രൂട്ട്‌മെന്റ് റാലി അടുത്തമാസം ബെംഗളൂരുവില്‍ വെച്ചാണ് നടക്കുന്നത്.

ഇതിനായി 11000 ത്തോളം വനിതകളെ ബെംഗളൂരു റിക്രൂട്ട്‌മെന്റിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം രാജ്യത്തുടനീളം 3.5 ദശലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികളെ അഗ്‌നിപഥ് റിക്രൂട്ട്മെന്റിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഗ്‌നിപഥ് പദ്ധതിക്ക് കീഴില്‍ 40,000 ഒഴിവുകള്‍ ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ വര്‍ഷം രാജ്യത്തുടനീളം സൈന്യം 96 റിക്രൂട്ട്മെന്റ് റാലികള്‍ നടത്തുന്നുണ്ട്.
'എന്തിനാണ് വിലക്കുന്നത്... പ്രശ്നക്കാരെ വെച്ച് സിനിമയെടുക്കാതിരുന്നാല്‍ പോരേ..?' എംഎ നിഷാദ്

ഇതില്‍ 30 എണ്ണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. 12 എണ്ണം നടന്നുകൊണ്ടിരിക്കുന്നു. ബാക്കിയുള്ളവ ഡിസംബറില്‍ സംഘടിപ്പിക്കും എന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അഗ്‌നിപഥ് പദ്ധതിയോട് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നും വൃത്തങ്ങള്‍ പറയുന്നു.

അപേക്ഷകരില്‍ 250,000 സ്ത്രീകളും ഉള്‍പ്പെടുന്നു. ആറ് മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം 2023 ജൂലൈയില്‍ സൈന്യത്തിന്റെ ആദ്യ സെറ്റ് അഗ്‌നിവീറുകള്‍ അവരുടെ അതത് യൂണിറ്റുകളില്‍ ചേരും എന്നാണ് റിപ്പോര്‍ട്ട്..