മണിപ്പൂരിൽ കോൺഗ്രസ് നേടുമോ? സർവ്വേ ഫലത്തിൽ പ്രതീക്ഷ ഉയർന്ന് കോൺഗ്രസ് ക്യാമ്പ്
ദില്ലി; 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഞെട്ടിച്ച് കൊണ്ടായിരുന്നു മണിപ്പൂർ ഭരണം ബി ജെ പി പിടിച്ചെടുത്തത്. 60 അംഗ സഭയിൽ 28 സീറ്റ് നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി ആയിട്ടും പ്രാദേശിക കക്ഷികളുടെ സഹായത്തോടെ ബി ജെ പി അധികാരം പിടിച്ചെടുക്കുകയായിരുന്നു. ഇത്തവണയും സംസ്ഥാനത്ത് അധികാര തുടർച്ച നേടുമെന്നാണ് ബി ജെ പിയുടെ അവകാശവാദം.
അതേസമയം മറുവശത്ത് കോൺഗ്രസ് ആകട്ടെ അഞ്ച് വർഷങ്ങൾക്കിപ്പുറം ഏറെ ക്ഷയിച്ച നിലയിലാണ്. ഇതിനോടകം തന്നെ നിരവധി എം എൽ എമാർ ബി ജെ പിയിലേക്ക് ചേക്കേറി കഴിഞ്ഞു. നിലവിൽ 15 എം എൽ എമാർ മാത്രമാണ് കോൺഗ്രസ് ക്യാമ്പിലുള്ളത്. ഈ സാഹചര്യത്തിൽ ഇക്കുറി മണിപ്പൂരിൽ പ്രതീക്ഷ കൈവിട്ട നിലയിലായിരുന്നു കോൺഗ്രസ്. എന്നാൽ ഏറ്റവും ഒടുവിലായി പുറത്ത് വന്ന എ ബി പി-സി വോട്ടർ സർവ്വേയോടെ ഊർജ്ജം കൈവരിച്ച നിലയിലാണ് കോൺഗ്രസ് ക്യാമ്പ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയത് 21 സീറ്റുകൾ ആയിരുന്നു. നാഷനൽ പീപ്പിൾസ് പാർട്ടി (എൻ പി പി), നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻ പി എഫ്), ലോക് ജനശക്തി പാർട്ടി (എൽ ജെ പി) എന്നിവരുടെ പിന്തുണയോടെയായിരുന്നു ബി ജെ പി അധികാരത്തിലേറിയത്. തുടർഭരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി നേതൃത്വം. കോൺഗ്രസിൽ നിന്ന് പ്രമുഖ നേതാക്കങ്ങൾ] ഉൾപ്പെടെ ബി ജെ പിയിൽ എത്തിയതും നേതൃത്വത്തിൻറെ പ്രതീക്ഷ ഉയർത്തുന്നു.

അതേസമയം ഏറ്റവും ഒടുവിലായി പുറത്തുവന്ന സർവ്വേ ഫലങ്ങൾ സംസ്ഥാനത്ത് ബി ജെ പിയും കോൺഗ്രസും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ പ്രവചിക്കുന്നത്. ബി ജെ പിയും കോണ്‍ഗ്രസും യഥാക്രമം 36%, 33% വോട്ട് വിഹിതം നേടുമെന്നാണ് ഒടുവിലായി പുറത്തുവന്ന എ ബി പി-സി വോട്ടർ സർവ്വേ ഫലം വ്യക്തമാക്കുന്നത്. ബി ജെ പിക്ക് തനിച്ച് 25 സീറ്റുകൾ വരെ സർവ്വേ പ്രവചിക്കുമ്പോൾ 24 സീറ്റുകൾ വരേയാണ് കോൺഗ്രസിന് പ്രവചിക്കുന്നത്. എൻ പി എഫിന് 4 സീറ്റുകൾ വരേയും മറ്റ് പാർട്ടികൾക്ക് 7 സീറ്റുകൾ വരേയും സർവ്വേ പ്രവചിക്കുന്നുണ്ട്.

ഇതോടെ ഊർജം കൈവരിച്ച കോൺഗ്രസ് സകല ശക്തിയുമെടുത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് കടന്നിട്ടുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. അഫ്സപ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് കോൺഗ്രസിന്റെ പ്രചരണം.
മൂന്നുതവണ മണിപ്പൂരിന്‍റെ മുഖ്യമന്ത്രിയായിരുന്ന 73കാരനായ ഒക്രോം ഇബോബി സിംഗിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ തന്നെയാകും കോൺഗ്രസ് നീക്കം.

എന്നാൽ കള്ളപണം വെളുപ്പിക്കൽ ആരോപിച്ച് ഇബോബിക്കും കുടുംബാംഗങ്ങൾക്കും മേൽ വട്ടമിട്ട് പറക്കുകയാണ് ഇ ഡി. ഈ സാഹചര്യത്തിൽ സജീവ പ്രവർത്തനത്തിന് അദ്ദേഹം ഇറങ്ങുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും. അവസാന ഘട്ടത്തിൽ ബി ജെ പിക്ക് ചുവട് പിഴയ്ക്കുകയും കോൺഗ്രസിന് നേരിയ മുൻതൂക്കം ലഭിക്കുകയും ചെയ്താൽ തൂക്കു സഭയിലേക്ക് കാര്യങ്ങൾ നീങ്ങാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നുണ്ട്. അങ്ങനെയെങ്കിൽ എൻ പി പിയും എൻ പി എഫും ഉൾപ്പെടെയുള്ള പാർട്ടികൾ കിംഗ് മേക്കർ ആയേക്കും.

ഇത്തവണ തനിച്ച് മത്സരിക്കുമെന്ന് പീപ്പിൾസ് പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞത് 20 സീറ്റെങ്കിലും നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനാണ് എന്‍ പി പി ലക്ഷ്യമിടുന്നതെന്ന്. കൂടുതൽ സീറ്റുകൾ നേടിയെടുത്ത് സാഹചര്യത്തിന് അനുസരിച്ച് കോൺഗ്രസിനേയോ ബി ജെ പിയേയോ പിന്തുണച്ചേക്കുമെന്ന് നേരത്തേ എൻ പി പി നേതൃത്വം വ്യക്തമാക്കിയിരുന്നു.
ഞെട്ടിച്ച് അമല പോൾ.. നടിയുടെ കിടിലൻ ഫോട്ടോഷൂട്ട് വീണ്ടും വൈറൽ












Click it and Unblock the Notifications