മധ്യപ്രദേശില്‍ അധികാരം കോണ്‍ഗ്രസിന്റെ കൈകളിലേക്കോ? ആകാംക്ഷ വർധിപ്പിച്ച് സർവ്വെ ഫലം
ഭോപ്പാല്‍: മധ്യപ്രദേശിൽ ഭരണകക്ഷിയായ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് ടൈംസ് നൗ-ഇടിജി റിസർച്ച് സർവേ പ്രവചനം. നേരിയ മുന്‍തൂക്കം കോണ്‍ഗ്രസിനാണ്. കോൺഗ്രസിന് 112-122 സീറ്റുകൾ ലഭിക്കാൻ സാധ്യതയുണ്ട്, അതേസമയം നിലവിലെ സംസ്ഥാന ഭരണകക്ഷിയായ ബി ജെ പിക്ക് 107-115 സീറ്റുകൾ മാത്രമായിരിക്കും ലഭിക്കുക.
അതേസമയം മറ്റുള്ളവർ 1-3 സീറ്റുകൾ വരെ നേടിയേക്കുമെന്നും സർവേ പറയുന്നു.
ആകെ 230 സീറ്റുകളുള്ള സംസ്ഥാനത്ത് 116 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. മാൾവ നിമർ മേഖലയില്‍ 66 സീറ്റുകളിൽ 43-47 സീറ്റുകൾ നേടി കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവെക്കുമ്പോള്‍ ബി ജെ പിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും. ബി ജെ പിക്ക് 18-22 സീറ്റുകളും മറ്റ് പാർട്ടികൾ പരമാവധി രണ്ട് സീറ്റുകൾ നേടുമെന്നും സർവ്വേ പ്രവചിക്കുന്നു.

മഹാകൗശൽ, ഗ്വാളിയോർ ചമ്പൽ മേഖലകളിൽ കോൺഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. ഇവിടെയെല്ലാം ഭരണകക്ഷിയെക്കാൾ കോൺഗ്രസിന് നേരിയ മുൻതൂക്കം ലഭിക്കും. മഹാകൗശലിലെ 38 സീറ്റുകളിൽ കോൺഗ്രസ് 18-22 സീറ്റുകളും ബി ജെ പി 16-20 സീറ്റുകളും നേടുമെന്നാണ് പ്രവചനം. ഗ്വാളിയോർ ചമ്പൽ മേഖലയിൽ കോൺഗ്രസ് 16-20 സീറ്റുകൾ നേടും. ബി ജെ പിക്ക് 14-18 സീറ്റുകളായിരിക്കും ലഭിക്കുക.
മധ്യ ഭാരത്, വിന്ധ്യ മേഖലകളിലെ ഭൂരിഭാഗം സീറ്റുകളും ബി ജെപി നേടാനാണ് സാധ്യത. മധ്യഭാരതത്തിൽ ഭരണകക്ഷിക്ക് 22-24 സീറ്റുകൾ ലഭിക്കുമെന്നും കോൺഗ്രസ് 12-24 സീറ്റുകളിൽ ഒതുങ്ങുമെന്നും സർവേ പറയുന്നു. വിന്ധ്യ മേഖലയിൽ ആകെയുള്ള 30 സീറ്റിൽ 19-21 സീറ്റുകളിൽ ബി ജെ പി വിജയിക്കും. കോൺഗ്രസ് 8-10 സീറ്റുകൾ നേടിയേക്കും. ബിജെപി 13-15 സീറ്റുകളും കോൺഗ്രസിന് 11-13 സീറ്റുകളും പ്രവചിക്കുന്ന ബുന്ദേൽഖണ്ഡ് മേഖലയിലും ഇരു പാർട്ടികളും തമ്മില്‍ കനത്ത പോരാട്ടമായിരിക്കും നടക്കുക.
പ്രവചനം ശരിയാണെങ്കിൽ, തന്ത്രം മാറ്റി നവംബർ 17ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലൂടെ ബി ജെ പിക്ക് സംസ്ഥാന ഭരണം നഷ്ടമാകും. ഭരണ വിരുദ്ധത മറി കടക്കുകയെന്ന ലക്ഷ്യത്തോടെ മൂന്ന് കേന്ദ്രമന്ത്രിമാരുൾപ്പെടെ ഏഴ് ലോക്‌സഭാ എംപിമാരേയും ബി ജെ പി ഇത്തവണ മത്സരത്തിനായി ഇറക്കിയിട്ടുണ്ട്. കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമർ, പ്രഹ്ലാദ് സിംഗ് പട്ടേൽ, ഫഗ്ഗൻ സിംഗ് കുലസ്‌തെ എന്നിവരാണ് സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കുന്ന മന്ത്രിമാർ.
ഇവരെ കൂടാതെ, ഇൻഡോർ-1 നിയമസഭാ സീറ്റിൽ നിന്ന് സിറ്റിംഗ് കോൺഗ്രസ് എംഎൽഎ സഞ്ജയ് ശുക്ലയ്‌ക്കെതിരെ ഭരണകക്ഷിയായ ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയയേയും രംഗത്തിറക്കിയിട്ടുണ്ട്.മൂന്ന് കേന്ദ്രമന്ത്രിമാരെയും നാല് ലോക്‌സഭാ എംപിമാരെയും സംസ്ഥാന തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനുള്ള നീക്കം ഗംഭീരമാണെന്ന് തോന്നുമെങ്കിലും ബി ജെ പിയുടെ ഉത്കണ്ഠയും പരിഭ്രാന്തിയും ഇതില്‍ നിന്ന് വ്യക്തമാണെന്നാണ് മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ റഷീദ് കിദ്വായി അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications