തിരുപ്പതി വിവാദം: കേന്ദ്രം റിപ്പോര്‍ട്ട് തേടി, വീഴ്ച്ചയില്ലെന്ന് ജഗന്‍; നിയമനടപടിക്ക് ട്രസ്റ്റ്
അമരാവതി: തിരുപ്പതി ലഡ്ഡു വിവാദത്തില്‍ ഇടപെട്ട് കേന്ദ്ര സര്‍ക്കാര്‍. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനോട് കേന്ദ്ര മന്ത്രി ജെപി നദ്ദ വിശദമായി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡുവില്‍ ഉപയോഗിക്കുന്ന നെയ്യില്‍ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന ലാബ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് രാഷ്ട്രീയ വിവാദം ശക്തമായത്.
വിവാദത്തില്‍ നടപടിയെടുക്കുമെന്ന് നദ്ദ അറിയിച്ചിട്ടുണ്ട്. ചന്ദ്രബാബു നായിഡുവുമായി ഇക്കാര്യം സംസാരിച്ചിരുന്നു. വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം കര്‍ശനമായ നടപടിയെടുക്കണമെന്നും നദ്ദ പറഞ്ഞു. ആദ്യം റിപ്പോര്‍ട്ട് പഠിക്കണമെന്നും നദ്ദ വ്യക്തമാക്കി.

അതേസമയം തന്റെ സര്‍ക്കാരിന്റെ കാലത്താണ് തിരുപ്പതി ലഡ്ഡുവിന്റെ നിലവാരം കുറഞ്ഞതെന്ന ആരോപണങ്ങളെ മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി തള്ളി. യാതൊരു നിയമലംഘനങ്ങളും തന്റെ കാലത്ത് നടന്നിട്ടില്ല. ഈ വിവാദം അനാവശ്യമാണെന്നും ജഗന്‍ പറഞ്ഞു.
ദൈവത്തിന്റെ പേരില്‍ ചന്ദ്രബാബു നായിഡു വൃത്തിക്കെട്ട രാഷ്ട്രീയം കളിക്കുകയാണ്. നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള കമ്പനികളുടെ നെയ്യാണ് ലഡ്ഡു ഉണ്ടാക്കാനായി വാങ്ങുന്നത്. നെയ്യ് വാങ്ങുന്നത് തീര്‍ത്തും സുതാര്യമായ നടപടിയാണ്. ലാബ് ടെസ്റ്റുകള്‍ക്ക് പുറമേ തിരുമല തിരുപ്പതി ദേവസ്ഥാനവും നെയ്യിന്റെ നിലവാരം മൂന്ന് തവണ പരിശോധിക്കാറുണ്ട്. ഇതേ നടപടികള്‍ വര്‍ഷങ്ങളായി പിന്തുടരുന്നതാണെന്നും ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനും ഈ വിഷയത്തില്‍ കത്തെഴുതുമെന്നും ജഗന്‍ വ്യക്തമാക്കി. ചന്ദ്രബാബു നായിഡു വിഷയത്തെ വളച്ചൊടിക്കുകയാണ് ചെയ്ത്. അക്കാര്യം കത്തില്‍ വിശദമാക്കുമെന്നും ജഗന്‍ പറഞ്ഞു.
രാഷ്ട്രീയ നേട്ടത്തിനായി നായിഡു ദൈവത്തെ ഉപയോഗിക്കുകയാണ്. വെങ്കടേശ്വര സ്വാമിയെ അദ്ദേഹം അപമാനിക്കുകയാണ്. ആന്ധ്രപ്രദേശിലെ 100 ദിവസത്തെ ഭരണത്തില്‍ നിന്നുള്ള ശ്രദ്ധ തിരിക്കാന്‍ വേണ്ടിയുള്ള വിഷയമാണ് ചന്ദ്രബാബു നായിഡുവിന് ഈ വിവാദം. നൂറ് ദിവസത്തെ നായിഡുവിന്റെ ഭരണത്തില്‍ ജനങ്ങള്‍ രോഷാകുലരാണ്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എവിടെ പോയെന്നാണ് അവര്‍ ചോദിക്കുന്നതെന്നും ജഗന്‍ പറഞ്ഞു.
അതേസമയം തിരുപ്പതി ക്ഷേത്ര ട്രസ്റ്റ് പ്രസാദത്തില്‍ മായം ചേര്‍ത്തതില്‍ നിയമനടപടിയെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പരിശോധനയ്ക്ക് അയച്ച സാമ്പിളുകളില്‍ മായം അടങ്ങിയിട്ടുണ്ടെന്നും ട്രസ്റ്റ് ആരോപിച്ചു. നല്ല ലഡ്ഡു ശുദ്ധമായ പശുവിന്‍ നെയ്യ് കൊണ്ടുമാത്രമേ ഉണ്ടാക്കാനാവൂ. നിയമം ലംഘിക്കുന്നവരെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്നും തിരുമല തിരുപ്പതി ദേവസ്ഥാനം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശ്യാമള റോയ് പറഞ്ഞു.
മുഖ്യമന്ത്രിക്ക് നിരവധി പരാതികള്‍ പ്രസാദത്തിന്റെ നിലവാരം മോശമായെന്ന് കാണിച്ച് ലഭിച്ചിട്ടുണ്ടെന്നും ട്രസ്റ്റിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ശുദ്ധമായ നെയ്യ് വിലയേറിയതാണ്. കുറഞ്ഞ വിലയില്‍ നെയ്യ് ലഭ്യമാകും. പക്ഷേ അതിന് നിലവാരം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications