നല്ല ചികിത്സയും വിദ്യാഭ്യാസവും ലഭിക്കണമെങ്കില്‍ സാധാരണക്കാരന് വീട് വില്‍ക്കേണ്ട സാഹചര്യം: മോഹന്‍ ഭാഗവത്
ഇന്‍ഡോര്‍: ഇന്ത്യയില്‍ ഗുണമേന്മയുള്ള ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും സാധാരണക്കാരന് അപ്രാപ്യമായി മാറുകയാണെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ഇന്ത്യയിലെ നിലവിലെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത അവസ്ഥയാണെന്നും മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി.
ആദ്യ കാലങ്ങളില്‍ സ്‌കൂളുകളും ആശുപത്രികളും സാമൂഹിക സേവന മേഖലകളായിരുന്നു. എന്നാല്‍ ഇന്ന് ഇൗ മേഖലകളിലുണ്ടായ അമിതമായ വാണിജ്യവല്‍ക്കരണം മൂലം നല്ല വിദ്യാഭ്യാസവും ഗുണമേന്മയുള്ള ആരോഗ്യ സംരക്ഷണവും സാധാരണ ജനങ്ങള്‍ക്ക് അപ്രാപ്യമാക്കി മാറ്റി. ഇന്‍ഡോറില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ കാലത്ത് ഒരു വ്യക്തിക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ് ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും. എന്നാല്‍ ഇവ രണ്ടും ചെലവേറിയതായി മാറി. ഇന്‍ഡോറില്‍ ശ്രീ ഗുരുജി സേവ ന്യാസ് പബ്ലിക് ട്രസ്റ്റിന്റെ കീഴില്‍ ആരംഭിച്ച മാധവ് സൃഷ്ടി ആരോഗ്യ കേന്ദ്രത്തിന്റെയും കാന്‍സര്‍ കെയര്‍ സെന്ററിന്റെയും ഉദ്ഘാടന വേളയിലായിരുന്നു മുതിര്‍ന്ന ആര്‍എസ്എസ് നേതാവിന്റെ നിരീക്ഷണങ്ങള്‍.
ആരോഗ്യവും വിദ്യാഭ്യാസവും ലോകമെമ്പാടുമുള്ള സമൂഹത്തിന് ഇന്ന് വളേെയറെ ആവശ്യമുള്ള രണ്ടു കാര്യങ്ങളായി മാറിക്കഴിഞ്ഞു. ഇത് വിദ്യാഭ്യാസത്തിന്റെ യുഗമാണ്. പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് വേണ്ടത് നല്ല ആരോഗ്യമുള്ള ശരീരമാണ്. ആരോഗ്യമുള്ള ശരീരമില്ലെങ്കില്‍ ബുദ്ധിയും ശക്തിയും നേടാന്‍ കഴിയില്ല.
ഒരാള്‍ തന്റെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കണമെന്ന് ആഗ്രഹിക്കുന്നു എങ്കില്‍ അയാളുടെ വീട് വില്‍ക്കേണ്ടി വരുന്നു. രോഗം വന്നാല്‍ മികച്ച ചികിത്സ തേടണമെങ്കില്‍ ഒരാള്‍ക്ക് വീടും പറമ്പും വില്‍ക്കേണ്ടി വരുന്നു. ഇത് നല്ല കാര്യമല്ല. ഈ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളും ഇപ്പോള്‍ സാധാരണക്കാര്‍ക്ക് കൈയെത്തും ദൂരത്താണെന്നത് വിരോധാഭാസമാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ഇന്ത്യയില്‍ ആശുപത്രികളോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ കുറയുന്നില്ല. കൂടുന്നതാണ് കാണുന്നത്. പുതിയ ആശുപത്രികളും സ്‌കൂളുകളും വേഗത്തിലാണ് നിര്‍മ്മിക്കപ്പെടുന്നത്. പക്ഷേ ഇവയുടെ വാണിജ്യവല്‍ക്കരണം സാധാരണക്കാര്‍ക്ക് അപ്രാപ്യമാക്കി മാറ്റുന്നു.
ഇന്ത്യയിലെ വിദ്യാഭ്യാസം ഒരു ട്രില്യണ്‍ ഡോളര്‍ ബിസിനസാണെന്ന് പണ്ട് ഒരു മന്ത്രി പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്. ഈ ബിസിനസ് ഇപ്പോള്‍ സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതല്ല. പണമുള്ളവര്‍ ബിസിനസ് ചെയ്യുന്നു.
നേരത്തെ വിദ്യാഭ്യാസം എന്നത് അധ്യാപകരുടെ കടമയും ഉത്തരവാദിത്തവുമായിരുന്നു, അവര്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കുറിച്ച് ഓര്‍ത്ത് ആകുലപ്പെടാറുണ്ട്. അതു പോലെ തന്നെ ഡോക്ടര്‍മാര്‍ ചികിത്സയ്ക്കായി അവരെ വിളിക്കാതെ തന്നെ രോഗികളുടെ വീട്ടിലെത്തുമായിരുന്നു. അത് അവരുടെ സ്വന്തം കടമയായി കണ്ടു. എന്നാല്‍ ഇപ്പോള്‍ രണ്ടും ഒരു പ്രൊഫഷന്‍ മാത്രമായിക്കഴിഞ്ഞു.
രാജ്യത്ത് എളുപ്പത്തിലും കുറഞ്ഞ ചെലവിലുള്ളതുമായ ചികിത്സ അടിയന്തരമായി ലഭ്യമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ നിലവില്‍ എട്ട്, പത്ത്് വലിയ നഗരങ്ങളില്‍ മാത്രമേ നല്ല കാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ ലഭിക്കുന്നുള്ളൂ. അവിടെ പോകാന്‍ സാധാരണ ജനങ്ങള്‍ക്ക് വലിയ തുകകള്‍ ചെലവഴിക്കേണ്ടി വരുന്നു. സമൂഹത്തിലെ കഴിവുള്ളവരും സാമ്പത്തിമായി ശേഷിയുള്ളവരും പൗരന്മാര്‍ക്ക് മികച്ച ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസ സൗകര്യങ്ങളും നല്‍കാന്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications