വിദ്യാഭ്യാസമുള്ള സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണമെന്ന് വിദ്യാർത്ഥികളോട് അധ്യാപകൻ; പുറത്താക്കി അൺഅക്കാഡമി
ഡൽഹി: വിദ്യാസമ്പന്നരായ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണമെന്ന് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട അധ്യാപകനെ പുറത്താക്കി
എഡ് ടെക് സ്ഥാപനമായ അൺഅക്കാദമി. കരൺ സാങ്‌വാൻ എന്ന അധ്യാപകനെയാണ് പുറത്താക്കിയത്. വ്യക്തിപരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പങ്കിടാനുള്ള ഇടമല്ല അക്കാഡമിയെന്നാണ് സ്ഥാപനത്തിന്റെ വിശദീകരണം. സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. വിദ്യാഭ്യാസം ഉള്ളവർക്ക് വോട്ട് ചെയ്യണമെന്ന് പറയുന്നത് കുറ്റകരമാണോയെന്ന് അദ്ദേഹം ചോദിച്ചു.
അക്കാദമിയുടെ നിർദ്ദേശങ്ങൾ ലംഘിച്ചതിനാലാണ് സാങ്വാനെ പുറത്താക്കേണ്ടി വന്നതെന്നാണ് അൺഅക്കാഡമി സഹസ്ഥാപകനായ റോമൻ സൈനി പറയുന്നത്. 'വിദ്യാർത്ഥികൾക്ക് നിഷ്പക്ഷമായ നിർദ്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി ഞങ്ങളുടെ അധ്യാപകർക്ക് കർശനമായ പെരുമാറ്റച്ചട്ടങ്ങൾ നിലനിൽക്കുന്നുണ്ട്. ഞങ്ങളെ സംബന്ധിച്ച് ഞങ്ങളുടെ വിദ്യാർത്ഥികളാണ് പ്രധാനം.ക്ലാസ് റൂം വ്യക്തിപരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പങ്കിടാനുള്ള ഇടമല്ല, കാരണം അവ തെറ്റായി സ്വാധീനിക്കും. നിലവിലെ സാഹചര്യത്തിൽ നിർദ്ദേശങ്ങൾ ലംഘിച്ചതിനാലാണ് സാങ്വാനെ പുറത്താക്കാൻ ഞങ്ങൾ നിർബന്ധിതരായത്', അദ്ദേഹം പറഞ്ഞു.

അതേസമയം സംഭവത്തെ കുറിച്ച് തന്റെ ചാനലിലൂടെ വിശദമായി തന്നെ പ്രതികരിക്കുമെന്ന് കരൺ സാങ്വാൻ അറിയിച്ചു. 'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആ വീഡിയോ വലിയ വിവാദമായിരിക്കുകയാണ്. അത് കാരണം ഞാൻ ജുഡീഷ്യൽ സർവീസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന എന്റെ നിരവധി വിദ്യാർത്ഥികൾക്ക് വളരെയധികം പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുന്നുണ്ട്. എനിക്കും നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്',സാങ്വാൻ പറഞ്ഞു.
അതേസമയം അക്കാദമിയുടെ തീരുമാനത്തിനെതരെ അരവിന്ദ് കെജരിവാൾ രൂക്ഷമായാണ് പ്രതികരിച്ചത്. 'വിദ്യാഭ്യാസമുള്ളവർക്ക് വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്നത് കുറ്റമാണോ? ആരെങ്കിലും നിരക്ഷരനാണെങ്കിൽ, വ്യക്തിപരമായി ഞാൻ അവരെ ബഹുമാനിക്കുന്നുണ്ട്. പക്ഷേ, ജനപ്രതിനിധികൾനിരക്ഷരനാകാൻ പാടില്ല. ഇത് ശാസ്ത്ര സാങ്കേതിക വിദ്യയുടെ യുഗമാണ്. നിരക്ഷരരായ ജനപ്രതിനിധികൾക്ക് ഒരിക്കലും 21-ലെ ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കാനാവില്ല', കെജരിവാൾ ട്വീറ്റിൽ പറഞ്ഞു.












Click it and Unblock the Notifications