ത്രിപുര ഫലം: ജയിച്ചെങ്കിലും വോട്ട് ഷെയറില്‍ ബിജെപിക്ക് വന്‍ ഇടിവ്, നേട്ടമുണ്ടാക്കിയത് ടിപ്ര മോതയും കോണ്‍ഗ്രസും
കഴിഞ്ഞ തവണ വട്ടപ്പൂജ്യമായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ മൂന്ന് സീറ്റില്‍ വിജയിക്കാനായിട്ടുണ്ട്. സിപിഎമ്മിനൊപ്പം സഖ്യമായാണ് കോണ്‍ഗ്രസ് ഇത്തവണ മത്സരിച്ചത്.

അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ വന്‍ നേട്ടമുണ്ടാക്കിയത് പുതിയതായി രൂപീകരിച്ച ടിപ്ര മോതയും കോണ്‍ഗ്രസും. സംസ്ഥാനത്ത് ആദ്യമായി മത്സരിക്കാനിറങ്ങിയ പ്രദ്യോത് ദേബര്‍മ്മയുടെ ടിപ്ര മോത 13 സീറ്റില്‍ വിജയിച്ച് സംസ്ഥാനത്ത് ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റക്കക്ഷിയായിരിക്കുകയാണ്. 22.1 ശതമാനം വോട്ടാണ് സംസ്ഥാനത്ത് ടിപ്ര മോതക്ക് ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ ആര്‍ജിക്കാനായത്.
കഴിഞ്ഞ തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടപ്പൂജ്യമായ സംസ്ഥാന മുന്‍ പ്രധാന പ്രതിപക്ഷം കൂടിയായ കോണ്‍ഗ്രസിന് ഇത്തവണ മൂന്ന് സീറ്റ് നേടാനായത് വലിയ ആശ്വാസമാണ്. മാത്രമല്ല കഴിഞ്ഞ തവണ കുത്തനെ ഇടിഞ്ഞ വോട്ട് ഷെയര്‍ അല്‍പമെങ്കിലും തിരിച്ച് പിടിക്കാനായതും നേട്ടമാണ്. ഇത്തവണ 8.57 ശതമാനം വോട്ട് ഷെയര്‍ ആണ് കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്നത്.

കോണ്‍ഗ്രസിന് ആശ്വാസം
സി പി എമ്മിനൊപ്പം പുരോഗമന സഖ്യത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് ത്രിപുരയില്‍ ജനവിധി തേടാനിറങ്ങിയത്. സി പി എമ്മിന്റെ സഹായം കോണ്‍ഗ്രസിന് വേണ്ടുവോളം ലഭിച്ചു എന്നത് വ്യക്തമാണ്. കാരണം കഴിഞ്ഞ തെരഞ്ഞെടുപ്പോടെ തന്നെ കോണ്‍ഗ്രസിന്റെ നേതാക്കളും പ്രവര്‍ത്തകരും അടക്കം വലിയ ഒരു വോട്ട് ബാങ്ക് ബി ജെ പിയിലേക്ക് മാറുന്ന സ്ഥിതിയുണ്ടായിരുന്നു.

പൂജ്യത്തില്‍ നിന്ന് കരകയറി
സി പി എമ്മിന്റെ തുടര്‍ ഭരണകാലത്ത് പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസ് 2018 ലെ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിയുക ആയിരുന്നു. ഒരു സീറ്റില്‍ പോലും സംസ്ഥാനത്ത് ജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. 1.79 ശതമാനം വോട്ട് ഷെയറാണ് കോണ്‍ഗ്രസിന് 2018 ല്‍ ത്രിപുരയില്‍ ഉണ്ടായിരുന്നത്. അതില്‍ നിന്ന് ഏഴ് ശതമാനത്തിന് അടുത്ത് വോട്ട് ഷെയര്‍ ലഭിച്ചത് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നു.

ബിജെപിക്ക് തിരിച്ചടി
അതേസമയം ജയിച്ചെങ്കിലും ബി ജെ പിക്ക് സംസ്ഥാനത്ത് വലിയ രീതിയില്‍ വോട്ട് ചോര്‍ച്ചയുണ്ടായിട്ടുണ്ട്. ഇത്തവണ 32 സീറ്റ് നേടിയ ബി ജെ പിയുടെ വോട്ട് ഷെയര്‍ 38.97 ആണ്. 2018 ല്‍ ബി ജെ പിക്ക് 36 സീറ്റ് ആണ് ത്രിപുരയില്‍ നിന്ന് ലഭിച്ചത്. ബി ജെ പിക്ക് വോട്ട് ഷെയര്‍ 43.59 ശതമാനം ആയിരുന്നു. ഇതാണ് 38.97 ലേക്ക് ഇടിഞ്ഞിരിക്കുന്നത്. മാത്രമല്ല സഖ്യകക്ഷിയായ ഐ പി എഫ് ടി ക്കും വോട്ട് ഷെയറില്‍ ഇടിവുണ്ടായി.

ദുരന്തമായി ഐപിഎഫ്ടി
കഴിഞ്ഞ തവണ 8 സീറ്റും ആകെ പോള്‍ ചെയ്ത വോട്ടിന്റെ 7.38 ശതമാനവും ഐ പി എഫ് ടിക്ക് നേടാനായിരുന്നു. എന്നാല്‍ ഇത്തവണ ഇതില്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഒരു സീറ്റില്‍ മാത്രം ജയിച്ച ഐ പി എഫ് ടിക്ക് ഇത്തവണ 1.26 ശതമാനം വോട്ട് മാത്രമാണ് നേടാനായത്. ബി ജെ പിയുടെ മുന്നേറ്റത്തെ ഐ പി എഫ് ടിയുടെ പ്രകടനം സാരമായി ബാധിച്ചിട്ടുണ്ട്. സി പി എമ്മിനും സീറ്റും വോട്ട് ഷെയറും ഇടിഞ്ഞിട്ടുണ്ട്.

സിപിഎമ്മിനും വോട്ട് നഷ്ടം
സി പി എമ്മിന് 2018 ല്‍ 16 സീറ്റ് ലഭിച്ചിരുന്നു. സീറ്റ് എണ്ണത്തില്‍ കുറവുണ്ടായെങ്കിലും സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പിയില്‍ നിന്ന് വോട്ട് ഷെയറില്‍ 1.37 ശതമാനത്തിന്റെ മാത്രം കുറവ് ആയിരുന്നു 2018 ല്‍ സി പി എമ്മിന് ഉണ്ടായിരുന്നത്. അതായത് 42.22 ശതമാനം വോട്ട് ആര്‍ജിക്കാന്‍ സി പി എമ്മിന് കഴിഞ്ഞ തവണ സാധിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഇത് 11 സീറ്റിലേക്കും 24.62 ശതമാനം വോട്ട് ഷെയറിലേക്കും ഇടിഞ്ഞു.

മറ്റുള്ളവര്‍
ആള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് സംസ്ഥാനത്ത് വോട്ട് ഷെയറില്‍ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ 0.56 ശതമാനം ഉണ്ടായിരുന്ന ഫോര്‍വേഡ് ബ്ലോക്കിന് ഇത്തവണ അത് 1.03 ശതമാനത്തില്‍ അടുത്തെത്തിക്കാന്‍ സാധിച്ചിരുന്നു. കഴിഞ്ഞ തവണ 0.30 ശതമാനം മാത്രം വോട്ട് ഷെയറുണ്ടായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസിന് ഈ തെരഞ്ഞെടുപ്പില്‍ 0.88 ശതമാനമാണ് വോട്ട് ഷെയര്‍.












Click it and Unblock the Notifications