തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പ്രശാന്ത് കിഷോറുമായി ടിആർഎസ് 500 കോടിയുടെ കരാറിലേർപ്പെട്ടു: കോണ്‍ഗ്രസ്
ഹൈദരാബാദ്: തെലങ്കാനയില്‍ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാനായി ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന് 500 കോടി രൂപ വാഗ്ദാനം ചെയ്തതുവെന്ന ആരോപണവുമായി തെലങ്കാനയിലെ കോൺഗ്രസ് നേതൃത്വം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്കായി പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയുടെ (ഐ-പാക്) സേവനം ഉപയോഗപ്പെടുത്താനും ദേശീയ തലത്തില്‍ പാർട്ടിയുടെ ഇടപെടലുകള്‍ ശക്തിപ്പെടുത്താനാനും എത്തിക്കാനും ടി ആർ എസ് മേധാവിയും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു പദ്ധതിയിടുന്നുവെന്ന വാർത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം.
പ്രശാന്ത് കിഷോർ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവുമായി ബന്ധപ്പെട്ടിരുന്നതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രശാന്ത് കിഷോർ അടുത്തിടെ കെസിആറിന്റെ മണ്ഡലമായ ഗജ്‌വെലും അദ്ദേഹത്തിന്റെ സർക്കാരിന്റെ അഭിമാന പദ്ധതിയായ 'കാലേശ്വരം' സ്ഥലവും സന്ദർശിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇരുവരും തമ്മില്‍ ധാരണയിലെത്തിയെന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമാവാന്‍ തുടങ്ങിയത്.

അതേസമയം, തിരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കണ്ടാണ് കെ സി ആറിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കം ഉണ്ടായതെന്നാണ് കോൺഗ്രസ് ദേശീയ വക്താവ് ദസോജു ശ്രവൺ അഭിപ്രായപ്പെടുന്നത്. "2018 നിയമസഭാ തെരഞ്ഞെടുപ്പിൽ ടി ആർ എസ് 41 ശതമാനം വോട്ട് വിഹിതവും കോൺഗ്രസിന് 30 ശതമാനവും ബി ജെ പിക്ക് 19 ശതമാനം വോട്ടും മാത്രമാണ് ലഭിച്ചത്. കണക്കുകള്‍ പ്രകാരം കോൺഗ്രസ് പാർട്ടി വോട്ട് വിഹിതത്തിൽ രണ്ടാമത് നില്‍ക്കുകയാണ്. ഇക്കാലയളവില്‍ സംസ്ഥാനത്ത് പാർട്ടിക്ക് മികച്ച മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അടുത്ത തിരഞ്ഞെടുപ്പിൽ ടി ആർ എസിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിയും'' കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.
മമത ബാനർജി, വൈ എസ് ജഗൻ മോഹൻ റെഡ്ഡി, നിതീഷ് കുമാർ, അമരീന്ദർ സിംഗ്, നരേന്ദ്ര മോദി എന്നിവർക്കൊപ്പം മുമ്പ് പ്രവർത്തിച്ച പ്രശാന്ത് കിഷോറിനേയും അദ്ദേഹത്തിന്റെ ടീമിനും മികച്ച സ്ട്രൈക്ക് റേറ്റാണ് തിരഞ്ഞെടുപ്പ് വിജയങ്ങളുടെ കാര്യത്തിലുള്ളത്. 2017 ല്‍ യു പിയില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവർത്തിച്ചതായിരുന്നു പ്രശാന്ത് കിഷോറിന്റെ പാളിയ തന്ത്രങ്ങളിലൊന്ന്. ഇക്കാര്യം പിന്നീട് അദ്ദേഹം തുറന്ന് പറയുകയും ചെയ്തിരുന്നു.












Click it and Unblock the Notifications