നാടണഞ്ഞില്ല; വീണ്ടും നടുക്കം; ട്രക്ക് മറിഞ്ഞ് 5 അതിഥി തൊഴിലാളികള്‍ മരിച്ചു; 15 പേര്‍ക്ക് പരിക്ക്
ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രക്ക് മറിഞ്ഞ് അഞ്ച് അതിഥി തൊഴിലാളികള്‍ മരണപ്പെട്ടു. മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നും 200 കിലോമീറ്റര്‍ ഇള്ളിലായാണ് സംഭവം. 15 പേര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്താകമാനം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഉപജീവന മാര്‍ഗം നഷ്ടപ്പെട്ട തൊഴിലാളികള്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോവുകയാണ്. ഹൈദരാബാദില്‍ നിന്നുള്ള 20 അംഗ സംഘമായിരുന്നു യാത്ര തുടങ്ങിയത്. മധ്യപ്രദേശിലെ ജാന്‍സിലിലേക്കും ഉച്ചര്‍പ്രദേശിലെ നഗരങ്ങളിലേക്കും മാമ്പഴം കയറ്റി അയക്കുന്ന ട്രക്കിലായിരുന്നു ഇവരുടെ യാത്ര.
നരസിംഗപൂരില്‍ നിന്നും ട്രക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് പേര്‍ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെല്ലാവരും തന്നെ കൊറോണ വൈറസ് പരിശോധന നടത്തിയിരുന്നു.

മഹാരാഷ്ട്രയില്‍ നിന്നും ഉത്തര്‍പ്രദേശിലേക്കുള്ള കാല്‍നടയാത്രക്കിടെ മൂന്ന് അതിഥി തൊഴിലാളികള്‍ മരണപ്പെട്ടിരുന്നു. മധ്യപ്രദേശിലെ ഭര്‍വാനിയില്‍ വെച്ചായിരുന്നു അപകടം.
മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച്ച ട്രെയിന്‍ ഇടിച്ച് 16 അതിഥി തൊഴിലാളികള്‍ മരണപ്പെട്ടതിന്റെ നടുക്കം മാറുന്നതിന് മുന്നേയാണ് ഈ അപകടം. റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുന്നവരുടെ മുകളിലൂടെ ജല്‍നയ്ക്കും ഔറംഗബാദിനുമിടയില്‍ ഓടികൊണ്ടിരിക്കുന്ന ട്രെയിനായിരുന്നു അപകടമുണ്ടാക്കിയത്. വെള്ളിയാഴ്ച്ച രാവിലെ 6.30 ന് ആണ് അപകടം നടന്നത്. ഫ്ലൈ ഓവറിന് സമീപത്തെ ട്രാക്കില്‍ ഉറങ്ങിക്കിടന്നിരുന്നു 16 തൊഴിലാളികള്‍ സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു.
മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം ശക്തമായതിന് പിന്നാലെ നിരവധി ഇതര സംസ്ഥാന തൊഴിലാളികള്‍ അവരവരുടെ നാട്ടിലേക്ക് കാല്‍നടയായും മറ്റും പോകാറുണ്ടായിരുന്നു. ഇത്തരത്തില്‍ മധ്യപ്രദേശിലേക്ക് കാല്‍നടയായി മടങ്ങുന്നതിനിടയില്‍ വിശ്രമിക്കുകയായിരുന്ന അതിഥി തൊഴിലാളികളുടെ മേലാണ് ചരക്ക് തീവണ്ടി പാഞ്ഞ് കയറിയത്. കുടുംബമായാണ് ഇവര്‍ പോയത്.
സ്ത്രീകളും കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ലോക്ക് ഡൗണ്‍ ആയതിനാല്‍ ട്രെയിന്‍ ഗതാഗതം ഉണ്ടാവില്ലെന്ന ധാരണയില്‍ സംഘം ട്രാക്കില്‍ കിടുന്നുറങ്ങുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചരക്ക് തീവണ്ടികള്‍ സര്‍വീസ് നടത്തുമെന്ന വിവരം ഇവര്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് അധികൃതര്‍ അനൗദ്യോഗികമായി വിവരം നല്‍കുന്നു.
സംഭവത്തെ അപലപിച്ച് രാഹുല്‍ ഗാന്ധിയും സീതാറാം യെച്ചൂരിയും അടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.എന്റെ സഹോദങ്ങളായ തൊഴിലാളികളുടെ മരണവാര്‍ത്ത വല്ലാതെ ഞെട്ടലുണ്ടാക്കിയെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. കാര്യമായ ദുരിതാശ്വാസ പാക്കേജുകളൊന്നും പ്രഖ്യാപിക്കാതെ കേന്ദ്രസര്‍ക്കാര്‍ ഒരു മുന്നറിയിപ്പും കൂടാതെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ആഴ്ച്ചകളോളം അവര്‍ക്ക് യാത്രാനുമതി നിഷേധിച്ചതുമാണ് തൊഴിലാളികള്‍ മരണപ്പെടാന്‍ കാരണമെന്ന സീതാറാം യെച്ചൂരി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അവരോട് എന്താണോ ചെയ്തത് അത് ക്രൂരതയാണെന്നും സീതാറാം യെച്ചൂരി വിമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications