വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തീരുമാനിച്ച് ടിവികെ; അംഗീകരിക്കുന്നവരുമായി സഖ്യം! നീക്കം ഇങ്ങനെ
ചെന്നൈ: വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ കൂടുതൽ പദ്ധതികളുമായി സജീവമാണ് വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം. ഇപ്പോഴിതാ അതിന്റെ ഭാഗമായി അവർ നാല് സുപ്രധാന പ്രമേയങ്ങൾ പാസാക്കിയിട്ടുമുണ്ട്. വരുന്ന തിരഞ്ഞെടുപ്പിൽ വിജയിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും, സഖ്യതീരുമാനങ്ങളിൽ അദ്ദേഹത്തിന് പൂർണ്ണ അധികാരം നൽകുകയും ചെയ്യുന്നതാണ് കഴിഞ്ഞ ദിവസം പാസാക്കിയ പ്രമേയങ്ങൾ.
തിരഞ്ഞെടുപ്പ് സഖ്യ ചർച്ചകൾക്കായി ഒരു പ്രത്യേക സമിതി രൂപീകരിക്കുമെന്നാണ് പ്രമേയങ്ങളിൽ പറയുന്നത്. എന്നാൽ, എല്ലാ സഖ്യവിഷയങ്ങളിലും അന്തിമ തീരുമാനം വിജയിയുടേതായിരിക്കും. വിജയിയുടെ നേതൃത്വം അംഗീകരിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ചേരാൻ തയ്യാറുള്ള പാർട്ടികളെ മാത്രമേ ടിവികെ സ്വാഗതം ചെയ്യൂ എന്നും പാർട്ടി വ്യക്തമാക്കി.

കൂടാതെ ടിവികെ പ്രകടനപത്രിക തയ്യാറാക്കാൻ മറ്റൊരു പ്രത്യേക സമിതിക്കും രൂപം നൽകുമെന്നും അറിയിച്ചിട്ടുണ്ട്. ഈ സമിതിയുടെ ചുമതലകൾ നിർവചിക്കാൻ വിജയിക്ക് അധികാരമുണ്ടാകും. നിലവിൽ തമിഴ്‌നാട്ടിൽ ഒരു മുന്നണിയിലും ചേരാതെ നിൽക്കുന്ന വിജയ്‌യുടെ പാർട്ടി മുന്നോട്ട് വയ്ക്കുന്ന സന്ദേശം വിജയുടെ നേതൃത്വം പ്രധാനമാണ് എന്നത് തന്നെയാണ്. സഖ്യത്തിൽ പോലും അതിന് അവർ പ്രാധാന്യം നൽകുന്നു.
അഴിമതി നിറഞ്ഞ ഡിഎംകെ ഭരണത്തെ നീക്കം ചെയ്യുക, പകരം ഒരു സമ്പന്നമായ പുതിയ തമിഴ്‌നാട് സൃഷ്‌ടിക്കുക എന്നീ പാർട്ടിയുടെ ലക്ഷ്യങ്ങളാണ് പ്രമേയങ്ങൾ ഊന്നിപ്പറഞ്ഞത്. ഈ മാറ്റത്തിന് നേതൃത്വം നൽകുന്ന അജയ്യനായ നേതാവ് വിജയ് ആണെന്ന് പ്രമേയങ്ങൾ പറയുന്നു. ഇത് പാർട്ടിയിൽ വിജയുടെ അപ്രമാദിത്വം ഊട്ടിയുറപ്പിക്കുന്നതാണ്. ഈ നിലപാടിൽ ഊന്നിക്കൊണ്ടാവും ഇനി സഖ്യ ചർച്ചകൾ ഉൾപ്പെടെ നടക്കുക എന്നാണ് വിവരം.
അതിനിടെ പുതുച്ചേരിയിലെ പ്രചാരണ പരിപാടികൾ വിജയകരമായി പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെ, ടിവികെ എക്‌സിക്യൂട്ടീവുകളുടെ ഒരു അടിയന്തര യോഗം ഇന്നലെ പനയൂരിൽ നടന്നിരുന്നു. ബസ്സി ആനന്ദ്, ആധവ് അർജുന, ചെങ്കോട്ടയൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഈ നിർണായക യോഗത്തിൽ പങ്കെടുത്തു. വിജയുടെ അടുത്ത ഘട്ട യാത്രകൾക്ക് രൂപം നൽകാനായിരുന്നു യോഗം.
2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുജനങ്ങളുമായുള്ള കൂടിക്കാഴ്‌ചകൾ ഊർജിതമാക്കാനാണ് ടിവികെ പ്രസിഡന്റ് വിജയ് ലക്ഷ്യമിടുന്നത്. എന്നാൽ, കരൂരിലെ സംഭവം കാരണം തമിഴ്‌നാട്ടിൽ വിജയുടെ പൊതുപരിപാടികൾക്ക് കർശന നിയന്ത്രണങ്ങളുണ്ട്. കാഞ്ചീപുരത്ത് നടന്ന യോഗത്തിൽ പരിമിതമായ ആളുകൾക്ക് മാത്രമേ പങ്കെടുക്കാൻ സാധിച്ചിരുന്നുള്ളൂ.
വിജയുടെ പൊതുജന സമ്പർക്ക പരിപാടികൾ ഊർജിതമാക്കുന്നതിനെക്കുറിച്ചും അടുത്ത സന്ദർശിക്കാനുള്ള ജില്ലകളെക്കുറിച്ചും യോഗത്തിൽ ചർച്ച നടന്നു. ഡിഎംകെ, എഐഎഡിഎംകെ തുടങ്ങിയ പാർട്ടികളെപ്പോലെ ജില്ലാതല നയപ്രഖ്യാപന പൊതുയോഗങ്ങളും പ്രകടനങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കാനും തീരുമാനം ആയിട്ടുണ്ട്. ജില്ലാതല സന്ദർശനങ്ങൾക്ക് ശേഷം, മണ്ഡലം തിരിച്ചുള്ള പ്രചാരണ പരിപാടികളും വിജയ് നടത്തും.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലുടൻ തമിഴ്‌നാട്ടിലുടനീളം വിജയുടെ പ്രചാരണം നടത്താനാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്. ഇതിന് വേണ്ടിയായിരുന്നു ഈ പ്രധാന കൂടിയാലോചന യോഗം. എന്തായാലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മുഖ്യ കക്ഷിയായി മാറാനുള്ള എല്ലാവിധ ശ്രമങ്ങളും പാർട്ടിയുടെയും വിജയുടെയും ഭാഗത്ത് നിന്നുണ്ടാവുന്നുണ്ട്. അതിന്റെ അണിയറ നീക്കങ്ങളും സജീവമായി തന്നെ നടക്കുന്നു.












Click it and Unblock the Notifications