റാലിക്കിടെ ടിവികെ പ്രവര്‍ത്തകന്റെ മരണം; ശവപ്പെട്ടി ഡാന്‍സ് പങ്ക് വെച്ച് എഐഎഡിഎംകെ
ചെന്നൈ: നടന്‍ വിജയിയുടെ പാര്‍ട്ടിയായ ടിവികെ (തമിഴഗ വെട്രി കഴകം) സേലത്ത് നടത്തിയ റാലിയ്ക്കിടെ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തെ അധിക്ഷേപിച്ച് എഐഎഡിഎംകെ. ടിവികെയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ കൂടെ ശവപ്പെട്ടി കൂടെ കൊണ്ടുപോകണം എന്ന് എഐഎഡിഎംകെ വക്താവ് കോവൈ സത്യന്‍ പറഞ്ഞു. എക്‌സിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഘാനയിലെ നര്‍ത്തകരുടെ കൂട്ടായ്മയായ ഡാന്‍സിങ് പാല്‍ബെയേഴ്സ്, ശവപ്പെട്ടി നൃത്തം അവതരിപ്പിക്കുന്ന വൈറലായ ഒരു പോസ്റ്റ് പങ്കിട്ട് കൊണ്ടായിരുന്നു സത്യന്റെ ട്വീറ്റ്. 'ഭാവിയില്‍ ഒരാള്‍ക്ക് ഒരു ടിവികെ റാലിയില്‍ പങ്കെടുക്കാന്‍ തോന്നുന്നു. എങ്കില്‍ സ്വന്തം ശവപ്പെട്ടി ചുമക്കണം,' സത്യന്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ ടിവികെ നേതാക്കളാരും പ്രതികരിച്ചിട്ടില്ല. വിജയ് ഇന്ന് സേലത്ത് പങ്കെടുത്ത പരിപാടിക്കിടെയാണ് ടിവികെ പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചത്.

കനത്ത ചൂടില്‍ നിര്‍ജ്ജലീകരണം മൂലമുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ ആണ് മരണകാരണമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. വേദിയില്‍ ബോധംകെട്ടു വീഴുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇയാള്‍ക്ക് മുമ്പ് ഹൃദയ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. സൂരജ് എന്നയാളാണ് മരിച്ചത് എന്ന് ടിവികെ നേതാവായ നിര്‍മ്മല്‍ കുമാര്‍ പിന്നീട് വ്യക്തമാക്കി.
പൊതുയോഗത്തില്‍ പങ്കെടുക്കുന്നതിനിടെ ആരോഗ്യനില മോശമായതിനാല്‍ അദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. 'അദ്ദേഹത്തിന് ഉടന്‍ തന്നെ പ്രഥമശുശ്രൂഷ നല്‍കി, സംഘാടകര്‍ കൃത്യസമയത്ത് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു. എന്നിരുന്നാലും, ഹൃദയാഘാതം മൂലം അദ്ദേഹം മരിച്ചു. സൂരജിന്റെ മരണം ഹൃദയഭേദകമാണ്,'' നിര്‍മ്മല്‍ കുമാര്‍ പറഞ്ഞു.
അതേസമയം 5,000 പേര്‍ക്ക് പങ്കെടുക്കാനുള്ള അനുമതി മാത്രമുണ്ടായിരുന്നിട്ടും, സംഘാടകര്‍ 7,000-ത്തിലധികം ആളുകളെ വേദിയിലേക്ക് അനുവദിച്ചിരുന്നുവെന്നും ആരോഗ്യപ്രശ്‌നങ്ങളുള്ള വ്യക്തികള്‍ക്കും പ്രവേശനം അനുവദിച്ചിരുന്നുവെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. മരണകാരണം കൃത്യമായി സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ സംഘാടകര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ സെപ്റ്റംബറില്‍ വിജയ് ഉള്‍പ്പെട്ട കരൂര്‍ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ചിരുന്നു. കരൂരിലെ പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന സുരക്ഷാ നടപടികളോടെയാണ് വിജയിയുടെ തുടര്‍ന്നുള്ള റാലി ആസൂത്രണം ചെയ്തത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും തിരക്ക് തടയുന്നതിനുമായി അധികാരികള്‍ കനത്ത പോലീസ് വിന്യാസം, എല്ലാ പ്രവേശന കവാടങ്ങളിലും വാഹന പരിശോധന, ഗതാഗത വഴിതിരിച്ചുവിടല്‍ എന്നിവ ഏര്‍പ്പെടുത്തി.
അതിനിടെ വിജയിക്കെതിരെ ഡിഎംകെയും രംഗത്തെത്തി. വിജയ് ഒരു നല്ല നേതാവാകാന്‍ വേണ്ട കഴിവുകള്‍ നേടിയിട്ടില്ലെന്ന് ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവന്‍ പറഞ്ഞു. വിജയ് ഒരിക്കലും ജനങ്ങള്‍ക്കുവേണ്ടിയുള്ള ഒരു പ്രക്ഷോഭത്തിലും പങ്കെടുത്തിട്ടില്ല എന്നിട്ടും അദ്ദേഹം മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നു എന്ന് ഇളങ്കോവന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.












Click it and Unblock the Notifications