ബീഫ് കൊണ്ടുപോയാല്‍ ചാണകം തീറ്റിക്കും, പശുമൂത്രം കുടിപ്പിക്കും..കാടത്തം നീളുന്നു
ദില്ലി: ഗോ രക്ഷാ ദളിന്റെ പ്രാകൃത ശിക്ഷ രീതികള്‍ തുടരുന്നു. ഗുര്‍ഗാവണില്‍ ബീഫ് കൊണ്ടു പോയതിന് യുവാക്കളെ ചാണകം തീറ്റിച്ചും പശു മൂത്രം കുടിപ്പിച്ചും പ്രാകൃത ശിക്ഷാ രീതി നടപ്പാക്കിയിരിക്കുകയാണ് ഗോ രക്ഷാ ദള്‍. റിസ്‌വാന്‍, മുക്തീര്‍ എന്ന് പേരുള്ള രണ്ട് യുവാക്കളോടാണ് ഗോ രക്ഷാ ദള്‍ പ്രവര്‍ത്തകര്‍ ഈ കാടത്തം കാണിച്ചിരിക്കുന്നത്. ജൂണ്‍ പത്തിന് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.
യുവാക്കളെ ചാണകം തീറ്റിച്ച കാര്യം ഗുര്‍ഗാവണ്‍ ഗോ രക്ഷാ ദള്‍ പ്രസിഡന്റ് ദര്‍മ്മേന്ദ്ര യാദവ് തുറന്ന് സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മീവറ്റില്‍ നിന്ന് ദില്ലിയിലേക്ക് 700 കിലോ ബീഫ് കൊണ്ട് പോയ യുവാക്കളെ ഏഴ് കിലോമീറ്ററോളം ദൂരം പിന്തുടര്‍ന്ന് പിടികൂടിയാണ് ശിക്ഷ നല്‍കിയത്.

യുവാക്കളെകൊണ്ട് ചാണകം തീറ്റിക്കുന്നതും പശുമൂത്രം കുടിപ്പിക്കുന്നതുമായ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 57 സെക്കന്റ് ആണ് വീഡിയോയുടെ ദൈര്‍ഘ്യം. രണ്ട് യുവാക്കള്‍ റോഡിലിരുന്ന് മിശ്രിതം ഭക്ഷിക്കുന്നതാണ് വീഡിയോയില്‍. ഭക്ഷിക്കുന്നതിനോടൊപ്പം ' ഗോ മാതാ കീ ജയ്' എന്നും 'ജയ് ശ്രീറാം' എന്നും നിര്‍ബന്ധിച്ച് വിളിപ്പിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
പിന്നീട് ഈ യുവാക്കളെ ഗോ രക്ഷാ പ്രവര്‍ത്തകര്‍ പോലീസിനെ ഏല്‍പ്പിച്ചു. ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ യുവാക്കളെ ചാണകം തീറ്റിച്ച സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ് പോലീസിന്റെ ഭാക്ഷ്യം. വീഡിയോ എടുത്തത് ആരാണെന്ന കാര്യം അറിയില്ലെന്ന് യാദവും പ്രതികരിച്ചു.
ഗോവധ നിരോധനത്തിന്റെ മറവില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആര്‍എസ്എസ്- ബിജെപി പിന്തുണയോടെ സര്‍വ്വ നിയമങ്ങളും ലംഘിച്ച് ഗോപാല സേനയുടെ അഴിഞ്ഞാട്ടം തുടരുകയാണ്. പോലീസ് സംവിധാനത്തെ പൂര്‍ണ്ണമായും അപ്രസക്തമാക്കി തോക്കും വടിവാളും കുറുവടിയുമേന്തിയാണ് 'ഗോ രക്ഷാ ദള്‍' പ്രവര്‍ത്തകര്‍ വിളയാടുന്നത്.
പഞ്ചാബ്- ഹരിയാന മേഖലകളിലാണ് ഗോപാല സേനയുടെ അഴിഞ്ഞാട്ടം വ്യാപകമാകുന്നത്. ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഗോപാലസേനയുടെ അക്രമാസക്തമായ ഇടപെടല്‍ കൂടുതല്‍ രൂക്ഷമായിട്ടുണ്ട്. പശുക്കളെ സംരക്ഷിക്കാനെന്ന പേരിലാണ് ഇവരുടെ പ്രവര്‍ത്തനങ്ങളെങ്കിലും പോത്തും കാളയും ഉള്‍പ്പെടെ എല്ലാ കന്നുകാലികളെയും പിടിച്ചെടുത്ത് ഡ്രൈവര്‍മാരെ മര്‍ദ്ദിക്കലാണ് ഇവരുടെ രീതി.
ഗുണ്ടാ സംഘങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തില്‍ പകല്‍ വെളിച്ചത്തില്‍ നടക്കുന്ന ഈ നിയമലംഘനങ്ങള്‍ക്കെതിരെ പോലീസിന്റെ ഭാഗത്ത് നിന്ന് പേരിനുപോലും നടപടികളുണ്ടാകുന്നില്ല.












Click it and Unblock the Notifications