ഹനുമാന്റെ ജന്മസ്ഥലത്തെ ചൊല്ലി തര്‍ക്കം; അവകാശവാദവുമായി രണ്ട് സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങള്‍
ഹൈദരാബാദ്: ഹൈന്ദവ പുരാണങ്ങളിലെ കഥാപാത്രമായ ഹനുമാന്റെ ജന്മദേശത്തെ ചൊല്ലി തര്‍ക്കം മുറുകുന്നു. ആന്ധ്രാപ്രദേശിലെയും കര്‍ണാടകയിലും രണ്ട് ഹൈന്ദവ ട്രസ്റ്റുകളാണ് അവകാശവാദത്തിനു പിന്നില്‍. ഹനുമാന്‍ ജനിച്ചത് തങ്ങളുടെ പ്രദേശത്താണെന്നാണ് ഇരു ട്രസ്റ്റുകളുടെയും വാദം. ആന്ധ്രപ്രദേശിലെ തിരുമല ഹില്‍സിലെ ഹനുമാന്റെ ജന്മസ്ഥലമായ അഞ്ജനാദ്രി ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ തിരുമല തിരുപതി ദേവസ്വം (ടിടിഡി) കഴിഞ്ഞ ബുധനാഴ്ചയാണ് തീരുമാനമെടുത്തത്.
അതേസമയം കര്‍ണാടകയിലെ ശ്രീ ഹനുമദ് ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ഇതിനെതിരേ രംഗത്തെത്തി. ട്രസ്റ്റ് സ്ഥാപകനായ സ്വാമി ഗോവിന്ദാനന്ദ സരസ്വതി ചര്‍ച്ചകള്‍ക്കായി തിരുമലയിലേക്ക് യാത്ര തിരിച്ചു. ഹനുമാന്‍ ജനിച്ചത് കിഷ്‌ക്കിന്ധയിലെ അഞ്ജനഹള്ളിയിലാണെന്ന് വാല്‍മീകി രാമയണ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ട്രസ്റ്റിന്റെ വാദം. ഹംപിക്കു സമീപമുള്ള തുങ്കഭദ്രയുടെ തീരത്താണ് കിഷ്‌ക്കിന്ധ സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞവര്‍ഷം മെയിലും വിഷയത്തില്‍ തര്‍ക്കം ഉടലെടുത്തിരുന്നെങ്കിലും പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ഇപ്പോള്‍ തിരുമല എന്നറിയപ്പെടുന്ന ഇടമാണ് ഹനുമാന്റെ ജന്മസ്ഥലമായി പുരാണങ്ങളില്‍ വിവരിച്ചിരിക്കുന്ന അഞ്ജനാദ്രിയെന്ന് ടിടിഡി കമ്മിറ്റി പറയുന്നു. ദേശീയ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ വി മുരളീധര്‍ ശര്‍മയായിരുന്നു ടിടിഡി കമ്മിറ്റിക്ക് നേതൃത്വം നല്‍കിയിരുന്നത്. കഴിഞ്ഞമാസം അദ്ദേഹം അന്തരിച്ചു. 2020 ഡിസംബറില്‍ ടിടിഡി രൂപംകൊടുത്ത എട്ടംഗ സമിതി വിഷയത്തില്‍ വിശദമായ റിപോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചിരുന്നു. വേദ, പുരാണ പണ്ഡിതര്‍ ഹനുമാന്റെ ജന്മദേശം തിരുമലയാണെന്ന് പുരാവസ്തു, ഭൗമശാസ്ത്ര, പുരാണ തെളിവുകള്‍ പ്രകാരം അംഗീകരിച്ചിട്ടുണ്ടെന്നും തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ അവകാശവാദം പൊള്ളയാണെന്നും ടിടിഡി ചൂണ്ടിക്കാട്ടുന്നു.
രാമജന്മഭൂമി വിവാദം ഒരുകാലത്ത് രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. അയോധ്യയിലെ ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്താണ് രാമന്‍ ജനിച്ചത് എന്നാണ് ഒരു വിഭാഗം പറഞ്ഞത്. പതിറ്റാണ്ടിലധികം നീണ്ട നിയമനടപടികള്‍ക്ക് ശേഷം മസ്ജിദ് നിന്ന സ്ഥലം ക്ഷേത്രം നിര്‍മിക്കാന്‍ സുപ്രീംകോടതി വിട്ടുകൊടുത്തു. 2019 നവംബറിലായിരുന്നു ഈ കോടതി വിധി. ഇപ്പോള്‍ ഉത്തര്‍ പ്രദേശില്‍ കൃഷ്ണ ജന്മഭൂമി വിവാദമാണ് ഉയരുന്നത്. മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളി നിലനില്‍ക്കുന്ന സ്ഥലത്താണ് കൃഷ്ണന്‍ ജനിച്ചത് എന്നാണ് വാദം. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ അടുത്തിടെ മഥുര കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. അതിനിടെയാണ് ഹനുമാന്റെ ജന്മസ്ഥലവുമായി ബന്ധപ്പെട്ട് രണ്ട് സംസ്ഥാനങ്ങളിലെ ക്ഷേത്ര ട്രസ്റ്റുകള്‍ രംഗത്തുവന്നിരിക്കുന്നത്.












Click it and Unblock the Notifications