ഞെട്ടിച്ച് യുഎഇയുടെ കുതിപ്പ്; ഇന്ത്യയിലേക്ക് സ്വർണവും ക്രൂഡ് ഓയിലും ഉള്‍പ്പെടെ ഒഴുകി: 109.57 ശതമാനം വർധനവ്
ഡല്‍ഹി: യു എ ഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ റെക്കോർഡ് വർധനവ്. നവംബറില്‍ യു എ ഇയില്‍ നിന്നുള്ള ഇറക്കുമതി 109.57 ശതമാനം ഉയർന്ന് 6.12 ബില്യൺ ഡോളറിലെത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാകുന്നത്. യു എ ഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിലും ഇക്കാലയളവില്‍ മികച്ച നേട്ടമുണ്ടാക്കാനായിട്ടുണ്ട്. കയറ്റുമതി കഴിഞ്ഞ മാസത്തിൽ 11.38 ശതമാനം ഉയർന്ന് 3 ബില്യൺ ഡോളറിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറാണ് വ്യാപര ബന്ധം കൂടുതല്‍ ശക്കിപ്പെടുത്തുന്നതില്‍ നിർണ്ണായകമായത്.
ഏപ്രിൽ -നവംബർ കാലയളവിൽ യു എ ഇയിൽ നിന്നുള്ള ഇറക്കുമതി 60.84 ശതമാനം ഉയർന്ന് 44.76 ബില്യൺ ഡോളറിലേക്ക് എത്തില്‍. 2023-24 ഏപ്രിൽ-നവംബർ കാലയളവിൽ 20.77 ബില്യൺ ഡോളർ മൂല്യമുള്ള ചരക്കുകളായിരുന്നു യു എ ഇയില്‍ ഇന്ത്യയിലേക്ക് എത്തിയത്. ഇന്ത്യയും യു എ ഇയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ 2022 മെയ് മാസം മുതലാണ് നിലവില്‍ വന്നത്.

2023-24 ൽ 83.65 ബില്യൺ ഡോളറിൻ്റെ ഉഭയകക്ഷി വ്യാപാരവുമായി യു എ ഇ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായി തുടരുകയാണ്. മിനറൽ ഓയിൽ, രാസവസ്തുക്കൾ, എസന്‍ഷ്യല്‍ ഓയില്‍, സുഗന്ധദ്രവ്യങ്ങൾ, വിലയേറിയതും അമൂല്യവുമായ കല്ലുകൾ, ഇരുമ്പ്, ഉരുക്ക് ഉൽപ്പന്നങ്ങൾ, ചെമ്പ്, നിക്കൽ, സ്വർണം, അലുമിനിയം ഉൽപ്പന്നങ്ങൾ എന്നിവയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന പ്രധാന ചരക്കുകള്‍.
പുറത്തുവന്ന പട്ടിക പ്രകാരം കൂടാതെ 74.68 ബില്യൺ ഡോളറിന്റെ ഇറക്കുമതി നടത്തുന്ന ചൈനയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ഇറക്കുമതി സ്രോതസ്സ്. ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ വർഷാവർഷം 10 ശതമാനം വർദ്ധനവ് രേഖപ്പെടുത്തുന്നുന്നുണ്ട്. ചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി വലിയ തോതില്‍ വർധിച്ചപ്പോള്‍ ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 10.28 ശതമാനം ഇടിഞ്ഞ് 9.22 ബില്യൺ ഡോളറിലെത്തി.
ചൈന, റഷ്യ, യുഎഇ, യുഎസ്, ഇറാഖ്, സൗദി അറേബ്യ, ഇന്തോനേഷ്യ, കൊറിയ, സ്വിറ്റ്‌സർലൻഡ്, സിംഗപ്പൂർ എന്നിവയാണ് ഇന്ത്യയിലേക്ക് ഏറ്റവും അധികം ചരക്കുകള്‍ ഇറക്കുമതി ചെയ്യുന്ന രാഷ്ട്രങ്ങള്‍. ഈ സാമ്പത്തിക വർഷം ഏപ്രിൽ-നവംബർ കാലയളവിൽ റഷ്യയിൽ നിന്നുള്ള ഇറക്കുമതി 9.22 ശതമാനം ഉയർന്ന് 43.91 ബില്യൺ ഡോളറിലെത്തി എന്നുള്ളതും ശ്രദ്ധേയമാണ്. ക്രൂഡ് ഓയിലാണ് ഇന്ത്യ പ്രധനമായും റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്.
ഇക്കാലയളവിൽ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്കുള്ള കയറ്റുമതി മൂല്യം 5.27 ശതമാനം വർധിച്ച് 52.94 ബില്യൺ ഡോളറായി. അമേരിക്ക കഴിഞ്ഞാല്‍, യു എ ഇ, നെതർലാൻഡ്‌സ്, യു കെ, ചൈന, സിംഗപ്പൂർ, സൗദി അറേബ്യ, ബംഗ്ലാദേശ്, ജർമ്മനി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കാണ് ഇന്ത്യ ഏറ്റവും അധികം കയറ്റുമതി നടത്തുന്നത്.
2023-24ൽ യുഎസായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. രണ്ടാമത് ചൈനയും. എന്നാല്‍ ഇത്തവണ ചൈനയെ മറികടന്ന് യു എ ഇ അടക്കമുള്ള മറ്റ് രാജ്യങ്ങളും മുന്നിലേക്ക് എത്തി. 2013-14 മുതൽ 2017-18 വരെയും 2020-21 വരെയും ചൈനയായിരുന്നു ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളി. ചൈനയ്ക്ക് മുമ്പ്, യുഎഇ ആയിരുന്നു രാജ്യത്തിൻ്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി. 2021-22, 2022-23 വർഷങ്ങളിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി അമേരിക്കയുമായിരുന്നു.












Click it and Unblock the Notifications