2014 ല്‍ സ്വതന്ത്രനായി ഞെട്ടിച്ചു, പവന്‍ കുമാർ ഗുപ്ത ഇത്തവണ ബിജെപിയുടെ തേരാളി: പോരാട്ടം ഉദ്ദംപൂർ വെസ്റ്റില
2022 ലെ മണ്ഡല പുനഃർനിർണ്ണയത്തിലൂടെ പേരും അതിർത്തികളും മാറിയെങ്കിലും ഉദ്ദംപൂർ വെസ്റ്റ് മണ്ഡലം പിടിച്ചെടുക്കാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബി ജെ പി. പഴയ ഉദ്ദംപൂർ മണ്ഡലത്തെ ഉദ്ദംപൂർ വെസ്റ്റ്, ഉദ്ദംപൂർ ഈസ്റ്റ് എന്നിങ്ങനെയായി 2022 ല്‍ വേർതിരിച്ചിരുന്നു. പാർട്ടിയുടെ ശക്തി കേന്ദ്രമായ രണ്ട് മണ്ഡലത്തിലും ബി ജെ പി ഇത്തവണ വിജയം പ്രതീക്ഷിക്കുന്നു.
പഴയ ഉദ്ദംപൂർ മണ്ഡലത്തിലെ എം എല്‍ എയായിരുന്ന പവന്‍ കുമാർ ഗുപ്തയാണ് ഇത്തവണ ബി ജെ പിക്ക് വേണ്ടി ഉദ്ദംപൂർ വെസ്റ്റ് മണ്ഡലത്തില്‍ ജനവിധി തേടുന്നത്. 2014 ലെ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച് അട്ടിമറി വിജയം നേടിയ പവന്‍കുമാർ ഗുപ്തയ്ക്ക് ഇത്തവണ ബി ജെ പി പാർട്ടി ടിക്കറ്റ് നല്‍കുകയായിരുന്നു.

അവസാനഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിലെ കലാശകൊട്ടിന്റെ അന്നാണ് വണ്‍ഇന്ത്യ മലയാളം ടീം ഉദ്ദംപൂർ മണ്ഡലത്തില്‍ എത്തുന്നത്. ഉദ്ദംപൂർ ടൗണിന്റെ പ്രധാന ഭാഗത്ത് നിന്നും കാല്‍നടയായി വോട്ടർമാരെ നേരില്‍ കണ്ടുകൊണ്ടുള്ള പ്രചരണമാണ് അവസാന ഘട്ടത്തില്‍ പവന്‍ കുമാർ ഗുപ്ത നടത്തുന്നത്.
നൂറുകണക്കിന് വരുന്ന പ്രവർത്തകരുടെ അകമ്പടിയോടെ പരമാവധി വോട്ടർമാരെ നേരില്‍ കണ്ട് വോട്ടുതേടുകയാണ് സ്ഥാനാർത്ഥി. കച്ചവടക്കാർ, ഡ്രൈവർമാർ, തൊഴിലാളികള്‍ തുടങ്ങി നഗരത്തിലെത്തിയ സാധാരണക്കരോട് അടക്കം വോട്ട് തേടിക്കൊണ്ടാണ് കാല്‍നട പ്രചരണ ജാഥ മുന്നോട്ട് പോകുന്നത്.
ഇത്തവണ ജമ്മു കശ്മീരില്‍ ബി ജെ പിയുടെ സ്വന്തം മുഖ്യമന്ത്രി മുഖ്യമന്ത്രിയുണ്ടാകുമെന്ന് പ്രചരണ തിരക്കിനിടയില്‍ സ്ഥാനാർത്ഥി വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി."ജമ്മു കശ്മീരില്‍ ഇത്തവണ ആദ്യമായി ബി ജെ പി തനിച്ച് സർക്കാറുണ്ടാക്കാന്‍ പോകുകയാണ്. ബി ജെ പിയില്‍ നിന്നുള്ള ആദ്യ മുഖ്യമന്ത്രിക്കായി ജനങ്ങള്‍ കാത്തിരിക്കുകയാണ്." പവന്‍കുമാർ ഗുപ്ത വണ്‍ഇന്ത്യ മലയാളത്തോടായി പറഞ്ഞു.
കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ കഴിഞ്ഞ പത്ത് വർഷത്തിനിടയില്‍ ജമ്മു കശ്മീരിന് വേണ്ടി ചെയ്ത വികസനങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങാത്തതാണ്. ജമ്മു കശ്മീർ വീണ്ടും ടൂറിസത്തിന്റെ പറുദീസയാകുന്നു. ഇതിന്റെ ഗുണം ജമ്മു കശ്മീരിലെ ഒരോ ജനങ്ങള്‍ക്കും ലഭിക്കുന്നു. ഉദ്ദംപൂരില്‍ മാത്രമാല്ല സംസ്ഥാനത്ത് തന്നെ ബി ജെ പി ഇത്തവണ മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

2014 തിരഞ്ഞെടുപ്പില്‍ ജമ്മു കശ്മീർ നാഷണല്‍ പാന്തേഴ്സ് പാർട്ടിയുടെ ബല്‍വന്ത് സിങ് മങ്കോട്ടിയയെ 14650 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പിന്തള്ളിയാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി പവന്‍ കുമാർ ഗുപ്ത വിജയിക്കുന്നത്. ബിജെപിയുടെ പവന്‍ കജ്വാരിയ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. നാഷണല്‍ കോണ്‍ഫറന്‍സി സ്ഥാനാർത്ഥി നാലമത് എത്തിയപ്പോള്‍ കോണ്‍ഗ്രസിന് അഞ്ചാം സ്ഥാനം മാത്രമാണ് ലഭിച്ചത്.
ഇത്തവണ പവന്‍ കുമാർ ഗുപ്തയുടെ പ്രധാന എതിരാളി ജമ്മു കശ്മീർ നാഷണല്‍ പാന്തേഴ്സ് പാർട്ടിയുടെ ഖേല്‍ കുമാറാണ്. 2002, 2008 നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ജമ്മു കശ്മീർ നാഷണല്‍ പാന്തേഴ്സ് പാർട്ടി വിജയിച്ച മണ്ഡലം കൂടിയാണ് ഉദ്ദംപൂർ. കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തില്‍ കോണ്‍ഗ്രസിനാണ് ഉദ്ദംപൂർ സീറ്റ് അനുവദിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് വേണ്ടി സൂമീത് മഗോത്രയാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിനെ സംബന്ധിച്ച് 1987 ന് ശേഷം വിജയിക്കാന്‍ സാധിക്കാത്ത മണ്ഡലമാണെങ്കിലും നാഷണല്‍ കോണ്‍ഫറന്‍സുമായുള്ള സഖ്യത്തിലാണ് ഇത്തവണ പാർട്ടിയുടെ പ്രതീക്ഷ.












Click it and Unblock the Notifications