Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉദയനിധി ഉപമുഖ്യമന്ത്രി? എതിരിടാന്‍ എത്തുന്നത് വിജയ്!; തമിഴ്‌നാട് രാഷ്ട്രീയം പുതിയ വഴിത്തിരിവിലേക്ക്

ചെന്നൈ: തമിഴ്‌നാട് കായിക മന്ത്രിയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഡിഎംകെ ഉടന്‍ പ്രഖ്യാപിച്ചേക്കും എന്ന് സൂചന. ഉദയനിധിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് സന്ദര്‍ശനം ആരംഭിക്കുന്നതിന് മുമ്പ് ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കിയേക്കും എന്ന് സ്റ്റാലിന്‍ സൂചന നല്‍കിയിരുന്നു.

ഈ വര്‍ഷം ഓഗസ്റ്റില്‍ തമിഴ്നാട് മന്ത്രി രാജകണ്ണപ്പനും ഉദയനിധി സ്റ്റാലിനെ സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയാക്കും എന്ന് പറഞ്ഞിരുന്നു. നിലവില്‍ കായിക യുവജനക്ഷേമ മന്ത്രി എന്നതിന് പുറമെ, പ്രത്യേക പരിപാടി നടപ്പാക്കുന്നതിന്റെ പ്രധാന വകുപ്പും ഉദയനിധിയാണ് കൈകാര്യം ചെയ്യുന്നത്. ചെന്നൈ മെട്രോ റെയില്‍ ഫേസ്-2 പോലുള്ള പ്രധാന പദ്ധതികളുടെ നടത്തിപ്പ് അദ്ദേഹം പരിശോധിക്കുകയും അവലോകനം ചെയ്യുകയും ചെയ്യുന്നു.

udhayanidhi stalin

''ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്. അടുത്തിടെ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) തൂത്തുവാരിയത് ഉദയനിധിയും അദ്ദേഹത്തിന്റെ പ്രചാരണവുമാണ്. ഉദയനിധിയുടെ ഉയര്‍ച്ച 2026ലെ തമിഴ്നാട് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയിപ്പിക്കും,'' പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ ഉദയിനിധിയെ ഉപമുഖ്യമന്ത്രിയാക്കുന്നത് വലിയ വിവാദമുണ്ടാക്കില്ലെന്നാണ് സ്റ്റാലിന്‍ കരുതുന്നത്.

കരുണാനിധി കുടുംബത്തില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും ഉദയനിധിയെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ അനുവാദം ലഭിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ അണ്ണാഡിഎംകെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ ഉലയുകയാണ്. നിയമസഭയിലെ പ്രതിപക്ഷ പാര്‍ട്ടിയാണെങ്കിലും ഗതകാല ശക്തിയുടെ നിഴല്‍ മാത്രമാണ് പാര്‍ട്ടി. സംസ്ഥാനത്ത് സ്വാധീനമുറപ്പിക്കാന്‍ ശ്രമിച്ച ബിജെപിയുടെ പ്രസിഡന്റ് അണ്ണാമലൈ ഫെല്ലോഷിപ്പ് ആവശ്യങ്ങള്‍ക്കായി യുകെയിലാണ്.

ഈ സാഹചര്യത്തില്‍ കാര്യമായ പ്രതിഷേധങ്ങളും വിവാദങ്ങളും ഇല്ലാതെ തന്നെ ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാം എന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഉദയനിധിയ്ക്ക് നിര്‍ണായക പദവി നല്‍കുന്നതോടെ ഡിഎംകെയെ ഭാവിയില്‍ ആര് നയിക്കും എന്ന വ്യക്തമായ സന്ദേശം കൂടിയാണ് സ്റ്റാലിന്‍ നല്‍കുന്നത്. നടന്‍ വിജയ് സിനിമയുപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് വരുന്നത് കൂടി കണക്കുകൂട്ടിയാണ് സ്റ്റാലിന്റെ നീക്കമെന്ന് വ്യക്തം.

Vijay

2026 ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് തന്റെ ലക്ഷ്യം എന്ന് വിജയ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. നടന്‍ കൂടിയായ ഉദയനിധി സ്റ്റാലിനും ഉപമുഖ്യമന്ത്രിയാകുന്നതോടെ സിനിമ പൂര്‍ണമായി ഉപേക്ഷിക്കും. അങ്ങനെയെങ്കില്‍ രണ്ട് സിനിമാ താരങ്ങളുടെ രാഷ്ട്രീയ പോരാട്ടത്തിനും കൂടിയായിരിക്കും തമിഴ്‌നാട് വരുംനാളുകളില്‍ സാക്ഷ്യം വഹിക്കുക. നിലവില്‍ സംസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള പാര്‍ട്ടിയാണ് ഡിഎംകെ.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 39 സീറ്റിലും ഡിഎംകെ സഖ്യമാണ് ജയിച്ചത്. 22 സീറ്റില്‍ മത്സരിച്ച ഡിഎംകെ 22 സീറ്റിലും ജയിച്ചു. ബിജെപിയും അണ്ണാഡിഎംകെയുമെല്ലാം നിഷ്പ്രഭമായി. ഈ വിജയത്തിന്റെ പൊലിമയില്‍ തന്നെ പാര്‍ട്ടിയിലെ തലമുറമാറ്റമാണ് സ്റ്റാലിന്‍ ലക്ഷ്യമിടുന്നത്. നിലവില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കാര്യമായ വിഷയങ്ങളുയര്‍ത്തിക്കൊണ്ടുവന്ന് പ്രതിഷേധം നടത്താന്‍ ബിജെപിക്കും അണ്ണാഡിഎംകെയ്ക്കും സാധിക്കാറില്ല.

ആ ഒരു ഒഴിവിലേക്കാണ് വിജയ് തന്റെ പാര്‍ട്ടിയുമായി എത്തുന്നത്. നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയ് ഫാന്‍സ് എന്ന പേരില്‍ മത്സരിച്ചവര്‍ വിജയിച്ചിരുന്നു. രജനീകാന്തും കമല്‍ഹാസനും രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചപ്പോഴുണ്ടായതിനേക്കാള്‍ വലിയ പിന്തുണയും വിജയിക്ക് ലഭിക്കുന്നുണ്ട്. ഇതെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ ഭാവിയില്‍ ഉദയ്‌നിധി സ്റ്റാലിനും വിജയിയും തമ്മിലായിരിക്കും സംസ്ഥാനത്തെ രാഷ്ട്രീയ പോരാട്ടം എന്നത് വ്യക്തമാണ്.

കുടുംബാധിപത്യ രാഷ്ട്രീയം എന്ന വിമര്‍ശനം

ചെറുതെങ്കിലും കുടുംബാധിപത്യ രാഷ്ട്രീയം എന്ന വിമര്‍ശനം ഉദയനിധി സ്റ്റാലിന്റെ സ്ഥാനാരോഹണ വാര്‍ത്തകള്‍ക്കിടെ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ നിന്ന് ഉയരുന്നുണ്ട്. ബിജെപിയും അണ്ണാഡിഎംകെയും പാര്‍ട്ടിയിലെ കുടുംബാംധിപത്യത്തെ ചോദ്യം ചെയ്തു. ഡിഎംകെയെ എഐഎഡിഎംകെ വിശേഷിപ്പിച്ചത് രാജവംശ പാര്‍ട്ടിയുടെ ഉത്തമ ഉദാഹരണമാണെന്നാണ്. സ്റ്റാലിന്‍ എത്ര വലിയ നുണയനാണെന്ന് ഇത് വ്യക്തമാക്കുന്നുവെന്ന് എഐഎഡിഎംകെ വക്താവ് കോവൈ സത്യന്‍ പറഞ്ഞു.

udhayanidhi stalin

തന്റെ മകനും മരുമകനും രാഷ്ട്രീയത്തില്‍ ഇറങ്ങില്ലെന്ന് 2018 ല്‍ സ്റ്റാലിന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. ഡിഎംകെ ഒരു രാജവംശ പാര്‍ട്ടിയുടെ ഉത്തമ ഉദാഹരണമാണ്. ഡിഎംകെയില്‍ ജനാധിപത്യമില്ല എന്നും ഒരു കുടുംബത്തിന് മുഴുവന്‍ അധികാരവും നല്‍കുന്നത് സംസ്ഥാനത്തിന് നല്ലതല്ല എന്നും അദ്ദേഹം പറഞ്ഞു. ഉപമുഖ്യമന്ത്രിയാകാനുള്ള പക്വതയും ശേഷിയും അദ്ദേഹത്തിനില്ലെന്ന് ബിജെപി വക്താവ് നാരായണന്‍ തിരുപ്പതി പറഞ്ഞു.

ഡിഎംകെയില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാനാവില്ല. സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞ് അദ്ദേഹം ഹിന്ദു മതത്തെ ദുരുപയോഗം ചെയ്തയാളാണ് എന്നും തിരുപ്പതി ആരോപിച്ചു. സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള ഉദയനിധിയുടെ പരാമര്‍ശം വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിനെ തുടര്‍ന്ന് ഡിഎംകെയെ 'ഹിന്ദു വിരുദ്ധ' പാര്‍ട്ടിയെന്ന് ബിജെപി വിശേഷിപ്പിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍, സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന് ഉദയനിധി പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായെങ്കിലും ഡിഎംകെ യുവജന വിഭാഗം സെക്രട്ടറി കൂടിയായ ഉദയനിധി തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും കേസുകള്‍ നിയമപരമായി നേരിടുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+