30 വര്‍ഷത്തിന് ശേഷം നാഗ്പൂരും ബിജെപിയെ കൈവിട്ടു; എംവിഎയുടെ ശക്തി മനസിലാക്കിയില്ലെന്ന് ഫഡ്നാവിസ്
മുംബൈ: മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് പ്രതിപക്ഷമായ ബിജെപിക്ക് സംഭവിച്ചത്. മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറയും തമ്മിലുള്ള അഭിമാന പോരാട്ടമായി വിലയിരുത്തപ്പെട്ട തിരഞ്ഞെടുപ്പില്‍ വലിയ അവകാശ വാദങ്ങളായിരുന്നു ബിജെപി തുടക്കം മുതല്‍ നടത്തി വന്നിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ നേരത്തെ സ്വാധീനം ഉണ്ടായിരുന്ന മേഖലയില്‍ പോലും ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഏറ്റെടുത്തത്. ഇതോടെ തോല്‍വി അംഗീകരിച്ച് ദേവേന്ദ്ര ഫഡ്നാവിസും രംഗത്തെത്തിയിരിക്കുകയാണ്.

മഹാരാഷ്ട്ര
ആറ് സീറ്റിലേക്കാണ് മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ കേവലം ഒരു സീറ്റില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചത്. ഭരണ മുന്നണിയായ കോണ്‍ഗ്രസ്- എന്‍സിപി- ശിവസേന സഖ്യത്തിന് നാലിടത്ത് വിജയിക്കാന്‍ സാധിച്ചു. ഒരിടത്ത് സ്വതന്ത്രനാണ് വിജയിച്ചത്. ആര്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരിലടക്കമാണ് ബിജെപിക്ക് തിരിച്ചടിയേറ്റത്.

മഹാ അഘാഡി സഖ്യത്തില്‍
മഹാ അഘാഡി സഖ്യത്തില്‍ പുണെ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും ഔറംഗബാദ്, മറാത്ത് വാഡ സീറ്റുകളില്‍ എന്‍സിപിയും വിജയിച്ചപ്പോള്‍ ധുലെ-നന്ദുര്‍ബറില്‍ മാത്രമാണ് ബി ജെ പിക്ക് വിജയിക്കാനായത്. ഒറ്റയ്ക്ക് ഒറ്റയ്ക്ക് എടുക്കുമ്പോള്‍ വോട്ട് വിഹിതം ഉണ്ടെങ്കിലും കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ഒരുമിച്ച് നിന്നപ്പോള്‍ ബിജെപിക്ക് പരാജയം നേരിടേണ്ടി വരികയായിരുന്നു.

നാഗ്പൂര്‍
30 വർഷമായി സംഘ്‌പരിവാർ കയ്യടക്കിവച്ചിരുന്ന മണ്ഡലമായിരുന്നു നാഗ്പൂര്‍. മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നാവിസിന്റെ അച്ഛൻ ഗംഗാധര റാവു ഫദ്‌നാവിസ് 12 വർഷവും നിതിൻ ഗഡ്‌കരി 25 വർഷവും ഇവിടെ നിന്നുള്ള അംഗങ്ങളായിരുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നിയമസഭയിലെത്തിയ നാഗ്പൂര്‍ ഡിവിഷന്‍ ഗ്രാജ്വേറ്റ്സ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ അഭിജിത് ഗോവിന്ദ് റാവു വാഞ്ചാരിയാണ് വിജയിച്ചത്.

പുണെയിലും
ബിജെപിയുടെ പരമ്പരാഗത ശക്തികേന്ദ്രമായ പുണെയിലും ബിജെപി സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് സഖ്യം അട്ടിമറിച്ചു. ബിജെപിയുടെ ശക്തി കേന്ദ്രമായ അമരാവതിയിലും വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. സന്ദീപ് ജോഷിയായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. മുൻ നാഗ്പുർ മേയറായ സന്ദീപ് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ അടുത്തയാളാണ്. മുതിര്‍ന്ന ബിജെപി നേതാക്കളായ ദേവേന്ദ്ര ഫഡ്‌നാവിസും ചന്ദ്രകാന്ത് പാട്ടീലും സജീവമായി പ്രചരണ നടത്തിയ മണ്ഡലങ്ങളായിരുന്നു ഇതെല്ലാം.

ദേഹേന്ദ്ര ഫഡ്നാവിസ്
അതേസമയം, തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിച്ചുകൊണ്ട് ദേഹേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തി. മഹാ വികാസ് അഘാഡി സഖ്യത്തിന്‍റെ ശക്തി മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടെന്നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ദേവേന്ദ്ര ഫഡ്നാവിസ് അഭിപ്രായപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലം ഞങ്ങളുടെ പ്രതീക്ഷകൾക്ക് അനുസൃതമല്ലെന്നും അദ്ദേഹം തുറന്ന് സമ്മതിച്ചു.

ശക്തി മനസിലാക്കിയില്ല
'മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പ് ഫലം ഞങ്ങളുടെ പ്രതീക്ഷകൾക്ക് അനുസൃതമല്ല. ഞങ്ങൾ കൂടുതൽ സീറ്റുകൾ പ്രതീക്ഷിച്ചിരുന്നെങ്കിലും ഒരു സീറ്റ് മാത്രമാണ് നേടിയത്. മൂന്ന് പാർട്ടികളുടെയും (മഹാ വികാസ് അഘാഡി) സംയുക്തമായുള്ള ശതികിയെ ശരിയായി കണക്കാക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു'- ദേവന്ദ്ര ഫഡ്നാവിസ് പറഞ്ഞു