ഭീകരര്‍ ഇനിയും നുഴഞ്ഞുകയറും; പാകിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവാലെ
ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ നിരപരാധികളെ കൂട്ടക്കൊല ചെയ്ത ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചിരിക്കുകയാണ്. നയതന്ത്ര തലത്തില്‍ ഇന്ത്യ നല്‍കിയ തിരിച്ചടിക്ക് അതിര്‍ത്തികളില്‍ പ്രകോപനം സൃഷ്ടിച്ചാണ് പാകിസ്ഥാന്റെ മറുപടി. സംഭവത്തിന് ശേഷം ഇന്ത്യയിലുള്ള പതിനായിരക്കണക്കിന് പാകിസ്ഥാന്‍ പൗരന്മാരോട് നാട്ടിലേക്കു മടങ്ങാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നിരവധി ഭീകരരുടെ ജമ്മു കാശ്മീരിലെ വീടുകള്‍ ബിഎസ്എഫും കാശ്മീര്‍ പൊലീസും ചേര്‍ന്ന് സ്‌ഫോടനത്തിലൂടെ തകര്‍ത്തിരുന്നു. ഇന്ത്യയില്‍ അസ്ഥിരത സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് അതിര്‍ത്തി കടന്നുള്ള പിന്തുണ ലഭിക്കുന്നുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. അതിനിടെ അബദ്ധത്തില്‍ പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന ബിഎസ്എഫ് ജവാനെ പാകിസ്ഥാന്‍ സൈന്യം പിടിച്ചു വച്ചിരിക്കുകയാണ് ഇദ്ദേഹത്തെ ഇതുവരെ മോചിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല ഈ സാഹചര്യത്തില്‍ ഏത് നിമിഷവും ഒരു രൂക്ഷമായ പോരാട്ടം മുന്നില്‍കണ്ട് ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രതയിലാണ്.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്ര സഭ കഴിഞ്ഞദിവസം അഭ്യര്‍ത്ഥിച്ചിരുന്നു ഇതുകൂടാതെ വിഷയത്തില്‍ താന്‍ ഇടപെടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. വര്‍ഷങ്ങളുടെ പഴക്കമുള്ള സംഘര്‍ഷം ഇന്ത്യയും പാകിസ്ഥാനും പരസ്പരം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.
ഇപ്പോഴിതാ, നിലവില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സങ്കീര്‍ണമായ പ്രശ്‌നത്തില്‍ പ്രകോപനപരമായ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത് കേന്ദ്ര സഹമന്ത്രി രാംദാസ് അതാവാലെയാണ്. പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച മന്ത്രി ഇന്ത്യ പാകിസ്ഥാനെതിരേ യുദ്ധം പ്രഖ്യാപിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ലോണാവാലയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സാമൂഹിക നീതി വകുപ്പ് സഹമന്ത്രിയായ രാംദാസിന്റെ പ്രതികരണം.
പാക് അധീന കാശ്മീര്‍ നിലനില്‍ക്കുന്ന കാലത്തോളം തീവ്രവാദികളുടെ ഭീഷണി ഇന്ത്യ നേരിടേണ്ടി വരുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കണമെന്നും രാംദാസ് ആവശ്യപ്പെട്ടു. പാക് അധീന കാശ്മീര്‍ പാകിസ്ഥാന്‍ സ്വമേധയാ കൈമാറിയില്ലെങ്കില്‍ ഇന്ത്യ പാകിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്നും രാംദാസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചു.
'തീവ്രവാദികള്‍ സ്ഥരമായി അവിടെ നിന്ന് നുഴഞ്ഞുകയറുന്നതിനാല്‍ ഇന്ത്യ ഈ മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കണം. തീവ്രവാദികള്‍ ഒരേ വഴിയിലൂടെയാണ് വീണ്ടും വീണ്ടും ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്നത്. അതുകൊണ്ടാണ് പാക് അധീന കാശ്മീരിന്റെ നിയന്ത്രണം ഏറ്റെടുക്കണമെന്ന് താന്‍ ആവശ്യപ്പെടുന്നത്. പാകിസ്ഥാന്‍ ഈ പ്രദേശം സ്വമേധയാ വിട്ടു നല്‍കണം. അല്ലാത്തപക്ഷം ഇന്ത്യ യുദ്ധം ചെയ്യാന്‍ അമാന്തിക്കരുത് - രാംദാസ് പറഞ്ഞു
കാശ്മീര്‍ ഇന്ത്യയുടേതാണ്. പാകിസ്ഥാന് സ്വന്തം രാജ്യത്തിന്റെ കാര്യം നോക്കാന്‍ പോലും ശേഷിയില്ല. ഈ വിഷയത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഭിന്നത വെടിഞ്ഞ് സര്‍ക്കാരിനെ പിന്തുണയ്ക്കണമെന്നും രാംദാസ് അതാവാലെ അഭ്യര്‍ത്ഥിച്ചു.
നിലവിലെ സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ പ്രതിപക്ഷം കേന്ദ്രസര്‍ക്കാരിന് ഒപ്പം നില്‍ക്കണം. ആവശ്യമുള്ളപ്പോള്‍ രാഷ്ട്രം ഒരുമിച്ച് നില്‍ക്കാനാണ് അംബേദ്കര്‍ നമ്മെ പഠിപ്പിച്ചിട്ടുള്ളത്
കഴിഞ്ഞ 22 നാണ് ജമ്മുകാശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം ഉണ്ടായത്. മരിച്ചവരില്‍ കൂടുതല്‍ പേരും വിനോദസഞ്ചാരികളാണ്. അവധിക്കാലം ആഘോഷിക്കാനെത്തിയ മലയാളിയായ രാമചന്ദ്രനും വെടിയേറ്റു മരിച്ചിരുന്നു.
സംഭവത്തിന് ശേഷം പാകിസ്ഥാന് എതിരെയുള്ള തിരിച്ചടി എന്ന നിലയില്‍ സിന്ധുനദീജല കരാര്‍ താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. രാജ്യത്തെ ഹൈക്കമ്മീഷനുകളില്‍ നിന്ന് പാക് ഉദ്യോഗസ്ഥരെ പുറത്താക്കി. പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് നല്‍കിയിരുന്നു എല്ലാ വിസ സേവനങ്ങളും നിര്‍ത്തിവച്ചു. ഇന്ത്യയിലുള്ള പാകിസ്ഥാനികള്‍ക്ക് മാതൃരാജ്യത്തേക്കു മടങ്ങാനുള്ള സമയപരിധിയും ഇന്നലെ അവസാനിച്ചു. പാകിസ്ഥാനിലുള്ള ഇന്ത്യക്കാരോട് അടിയന്തരമായി ഇന്ത്യയിലേക്ക് മടങ്ങാനും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഉത്തരവിട്ടിരുന്നു.












Click it and Unblock the Notifications