ഹിന്ദിയിൽ കത്തയച്ച് കേന്ദ്രമന്ത്രി, ഒന്നും മനസിലായില്ലെന്ന് ഡിഎംകെ എംപി; മറുപടി തമിഴിൽ, ഭാഷാ പോര് മുറുകുന്നു
ചെന്നൈ: ഒരിടവേളയ്ക്ക് ശേഷം ഹിന്ദി അടിച്ചേൽപ്പിക്കലുമായി ബന്ധപ്പെട്ട വിഷയം വീണ്ടും ചർച്ചയാക്കി കേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായുള്ള കത്തിടപാട്. കേന്ദ്രമന്ത്രി രവ്നീത് സിംഗ് ബിട്ടു നൽകിയ ഹിന്ദിയിൽ എഴുതിയ കത്തിന് ഡിഎംകെ എംപി പുതുക്കോട്ട എംഎം അബ്‌ദുള്ള അതേ നാണയത്തിൽ തിരിച്ചടിച്ചതോടെയാണ് വീണ്ടും ഭാഷാ പോര് മുറുകുന്നത്. തമിഴിൽ എഴുതിയ മറുപടി കത്തിൽ തനിക്ക് മന്ത്രി അയച്ചത് ഒന്നും മനസിലായില്ലെന്നായിരുന്നു അബ്‌ദുള്ള ചൂണ്ടിക്കാട്ടിയത്.
നേരത്തെ രാജ്യത്തെ ട്രെയിനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം, അവയുടെ ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട് അബ്‌ദുള്ള ഉന്നയിച്ച ചോദ്യങ്ങൾക്ക് കേന്ദ്രമന്ത്രി നൽകിയ മറുപടി ഹിന്ദിയിലായിരുന്നു. രണ്ട് കത്തുകളുടെയും പകർപ്പുകൾ സമൂഹ മാധ്യമത്തിൽ എംഎം അബ്‌ദുള്ള പങ്കുവയ്ക്കുകയും ചെയ്‌തിട്ടുണ്ട്.

വിഷയത്തിൽ നിരവധി തവണ മന്ത്രിയുടെ ഓഫീസിനെ ആശങ്ക അറിയിച്ചിരുന്നു എന്നാണ് അബ്‌ദുള്ള ചൂണ്ടിക്കാണിക്കുന്നത്. തനിക്ക് ഹിന്ദി വശമില്ലെന്നും അതിനാൽ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഉദ്യോഗസ്ഥരെ ഓർമ്മപ്പെടുത്തിയെങ്കിലും ഇപ്പോഴും മറുപടികളിൽ ഏറെയും ഹിന്ദിയിൽ തന്നെയാണ് അയക്കുന്നതെന്നാണ് അബ്‌ദുള്ള കുറ്റപ്പെടുത്തുന്നത്.
കത്തുകളുടെ പകർപ്പുകൾക്കൊപ്പം കടുത്ത വിമർശനമാണ് അബ്‌ദുള്ള ഉന്നയിക്കുന്നത്. മന്ത്രിയുടെ ഓഫീസിൽ നിന്ന് എപ്പോഴും ഹിന്ദിയിലാണ് മറുപടി വരുന്നത്. എന്നാൽ തനിക്ക് ഹിന്ദി വശമില്ലെന്നും ഇംഗ്ലീഷിൽ മറുപടി അയക്കണമെന്നും പലതവണ ആവശ്യപ്പെട്ടതാണ്. ഇപ്പോൾ അദ്ദേഹത്തിന് ഇതിന്റെ ബുദ്ധിമുട്ട് മനസിലാകുന്ന രീതിയിൽ ഞാനൊരു മറുപടി നൽകിയിട്ടുണ്ട്, ഇനി നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അബ്‌ദുള്ള പറയുന്നു.
ഒരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും രാജ്യത്ത് ഭാഷയുടെ പേരിലുള്ള ഭിന്നത മറനീക്കി പുറത്തുവരുന്നത്. രാജ്യത്ത് ഹിന്ദി പ്രധാന ഭാഷയാക്കി ഉയർത്തി കൊണ്ട് വരാനുള്ള തീരുമാനത്തിന് എതിരെ ദക്ഷിണേന്ത്യൻ രാജ്യങ്ങൾ നേരത്തെ തന്നെ എതിർപ്പ് അറിയിച്ചിരുന്നു. ഈ വിഷയത്തിൽ കേന്ദ്ര നിലപാടിനെ അവർ ശക്തമായി എതിർക്കുകയും ചെയ്‌തിരുന്നു.
ഇത് കൂടാതെ ഹിന്ദി അടിച്ചേൽപ്പിക്കലുമായി ബന്ധപ്പെട്ട് നേരത്തെയും ഡിഎംകെയും കേന്ദ്ര സർക്കാരും പരസ്‌പരം കൊമ്പ് കോർത്തിരുന്നു. കഴിഞ്ഞ വർഷം അമിത് ഷായുടെ വിവാദ പ്രസ്‌താവനയോട് ഡിഎംകെ നേതാവ് ഉദയനിധി സ്‌റ്റാലിൻ പ്രതികരിച്ചതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. ഹിന്ദി രാജ്യത്തെ ഏകീകരിക്കുന്നു എന്നായിരുന്നു അമിത് ഷാ പറഞ്ഞത്. എന്നാൽ ഹിന്ദി എങ്ങനെയാണ് കേരളത്തെയും തമിഴ്‌നാടിനെയും ഒന്നിപ്പിക്കുന്നത് എന്നായിരുന്നു ഉദയനിധിയുടെ ചോദ്യം.












Click it and Unblock the Notifications