മന്ത്രിപദവി കിട്ടിയില്ല; മഹാരാഷ്ട്രയില്‍ എന്‍സിപി എംഎല്‍എ രാജിവച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ എന്‍സിപി എംഎല്‍എ രാജി പ്രഖ്യാപിച്ചു. ബീഡ് ജില്ലയില്‍ നിന്നുള്ള എന്‍സിപി എംഎല്‍എ പ്രകാശ് സോളങ്കിയാണ് രാജിവയ്ക്കുകയാണെന്ന് അറിയിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തനം തനിക്ക് യോജിച്ചതല്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് രാജിവയ്ക്കുന്നതെന്ന് സോളങ്കി പറഞ്ഞു.

മജല്‍ഗാവ് മണ്ഡലത്തില്‍ നിന്ന് നാലുതവണ തിരഞ്ഞെടുക്കപ്പെട്ട എന്‍സിപി നേതാവാണ് സോളങ്കി. മന്ത്രിപദവി കിട്ടാത്തതാണ് രാജിക്ക് കാരണമെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. എന്നാല്‍ മന്ത്രിസഭാ വികസനത്തിലൂടെ തനിക്ക് ബോധ്യമായത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് താന്‍ യോഗ്യനല്ല എന്നാണെന്നും സോളങ്കി പറഞ്ഞു.
രാഷ്ട്രീയം വിടുകയാണ്. തന്റെ രാജിക്കത്ത് പാര്‍ട്ടി നേതാക്കള്‍ക്കും സ്പീക്കര്‍ക്കും ഉടന്‍ കൈമാറുമെന്നും സോളങ്കി പറഞ്ഞു. തിങ്കളാഴ്ചയാണ് മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ മന്ത്രിസഭ വികസിപ്പിച്ചത്. തിങ്കളാഴ്ച മാത്രം 36 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസിന്റെ 12 അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് അധികാരമേറ്റത്. നേരത്തെ മുഖ്യമന്ത്രിയുള്‍പ്പെടെ ആറു പേര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി. ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയും മന്ത്രിസഭയിലുണ്ട്.
288 അംഗ നിയമസഭയില്‍ എന്‍സിപിക്ക് 54 എംഎല്‍എമാരാണുള്ളത്. ശിവസേനയ്ക്ക് 56ഉം കോണ്‍ഗ്രസിന് 44 ഉം അംഗങ്ങളുമുണ്ട്. സോളങ്കിയുടെ രാജിയോടെ എന്‍സിപി എംഎല്‍എമാര്‍ 53 ആയി കുറയും.












Click it and Unblock the Notifications