അഹമ്മദാബാദ് സ്‌ഫോടനക്കേസിലെ പ്രതിയുടെ അച്ഛന്‍ എസ്പിയ്ക്ക് വേണ്ടി പ്രചരണം നടത്തുന്നു: യോഗി ആദിത്യനാഥ്
ലഖ്‌നൗ: 2008 ലെ അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസിലെ പ്രതിയുടെ പിതാവ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്തുന്നുണ്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമാജ്വാദി പാര്‍ട്ടി തീവ്രവാദികളെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 56 പേര്‍ കൊല്ലപ്പെടുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2008ലെ സ്ഫോടന പരമ്പരയില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഭീകരസംഘടനയിലെ 38 അംഗങ്ങള്‍ക്ക് പ്രത്യേക കോടതി വെള്ളിയാഴ്ച വധശിക്ഷ വിധിച്ചിരുന്നു.
കോടതിയുടെ വിധി ചരിത്രപരമാണെന്നും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 38 പേരില്‍ ഒരാള്‍ അസംഗഢിലെ സഞ്ജര്‍പൂരില്‍ നിന്നുള്ളയാളാണെന്നും ആദിത്യനാഥ് അവകാശപ്പെട്ടു. 'ഈ ഭീകരന്റെ പിതാവ് സമാജ്വാദി പാര്‍ട്ടിയുമായി ബന്ധപ്പെട്ടിരിക്കുന്നു, നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയ്ക്കായി പ്രചാരണം നടത്തുന്നു,' കാണ്‍പൂരിലും ലഖ്നൗവിലും തിരഞ്ഞെടുപ്പ് യോഗങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് യോഗി ആദിത്യനാഥ് പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരു ഭീകരാക്രമണവും നടന്നിട്ടില്ലെന്നും ആദിത്യനാഥ് അവകാശപ്പെട്ടു. 'ഇതിന്റെ ഏറ്റവും വലിയ കാരണം തീവ്രവാദികള്‍ക്ക് അവരെയും അവര്‍ക്ക് അഭയം നല്‍കുന്നവരെയും വെറുതെ വിടാന്‍ അനുവദിക്കില്ലെന്ന് അറിയാമായിരുന്നു.' ബി ജെ പി സര്‍ക്കാര്‍ എല്ലാ വിശ്വാസങ്ങളെയും മാനിക്കുന്നുവെന്നും സുരക്ഷയുടെ കാര്യത്തില്‍ പൂര്‍ണ ശ്രദ്ധയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സമാജ്വാദി പാര്‍ട്ടിയുടെ ഭരണത്തിന്‍ കീഴില്‍ സൈഫായി ഉത്സവം ഉണ്ടായിരുന്നു. എന്നാല്‍ ഞങ്ങളുടെ സര്‍ക്കാരിന്റെ കാലത്ത്, ഛഠ് പൂജ, മഥുരയിലും വൃന്ദാവനിലും രംഗോത്സവ്, ദേവ് ദീപാവലി, കുംഭം തുടങ്ങിയ മഹത്തായ പരിപാടികളുണ്ട്. കര്‍ഹാലില്‍, അഖിലേഷിന് കെട്ടിവെച്ച കാശ് പോലും കിട്ടാന്‍ പോകുന്നില്ലെന്ന് ജനങ്ങള്‍ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച വോട്ടെടുപ്പ് നടക്കുന്ന കര്‍ഹാല്‍ മണ്ഡലത്തില്‍ നിന്നാണ് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മത്സരിക്കുന്നത്. നേരത്തെ എസ് പി ഭരണകാലത്ത് യു പിയില്‍ ക്രമസമാധാന നില വഷളായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആരോപിച്ചിരുന്നു. മാഫിയ ഭരണ കാലത്ത് ആരും പാവപ്പെട്ടവരെ കേട്ടില്ല. ഉത്തര്‍പ്രദേശ് ഭരിച്ചിരുന്ന രാജവംശങ്ങള്‍ അത്തരമൊരു അന്തരീക്ഷം സൃഷ്ടിച്ചു. കലാപകാരികളെയും മാഫിയകളെയും പിന്തുണയ്ക്കുന്നവര്‍ക്ക് സംസ്ഥാനത്തെ വികസിപ്പിക്കാന്‍ കഴിയില്ല എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പാണ് ഫെബ്രുവരി 20 ന് നടക്കാനിരിക്കുന്നത്. ഫെബ്രുവരി 10 നായിരുന്നു ഒന്നാം ഘട്ടം. ഫെബ്രുവരി 14 ന് രണ്ടാം ഘട്ട വോട്ടെടുപ്പും നടന്നു. ഏഴ് ഘട്ടങ്ങളിലായിട്ടാണ് ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഒന്നും രണ്ടും ഘട്ടങ്ങളിലായി 113 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മൂന്നാം ഘട്ടത്തില്‍ 56 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. ഫെബ്രുവരി 23, 27, മാര്‍ച്ച് 3, 7 എന്നീ തീയതികളിലാണ് ബാക്കിയുള്ള ഘട്ടങ്ങള്‍ നടക്കുന്നത്. വോട്ടെണ്ണല്‍ മാര്‍ച്ച് 10 - ന് നടക്കും.

403 നിയമസഭാ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശില്‍ 202 സീറ്റ് നേടുന്നവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാം. ബി ജെ പിയേയും എസ് പിയേയും കൂടാതെ കോണ്‍ഗ്രസും ബി എസ് പിയുമാണ് ഉത്തര്‍പ്രദേശില്‍ മത്സരിക്കുന്ന മറ്റ് പ്രധാന പ്രബല കക്ഷികള്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശില്‍ ആകെ 15.06 കോടി വോട്ടര്‍മാരാണുള്ളത്. 2017 ല്‍ ആകെയുള്ള 403 സീറ്റില്‍ 312 ഉം നേടിയാണ് ബി ജെ പി അധികാരത്തിലെത്തിയത്. രണ്ട് പതിറ്റാണ്ടോളം ഉത്തര്‍പ്രദേശില്‍ മാറി മാറി ഭരിച്ച സമാജ് വാദി പാര്‍ട്ടിയേയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയേയും നിഷ്പ്രഭമാക്കിയായിരുന്നു ബി ജെ പിയുടെ ജയം.












Click it and Unblock the Notifications