യുപിയില്‍ ബിഎസ്പിയ്ക്കും മായാവതിയ്ക്കും ഇപ്പോഴും പ്രസക്തിയുണ്ടെന്ന് അമിത് ഷാ; സഖ്യനീക്കവുമായി ബിജെപി?
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബി എസ് പിയുടെ സ്വാധീനം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബി ജെ പി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മായാവതിയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നും ഉത്തര്‍പ്രദേശില്‍ ബി എസ് പിക്ക് വോട്ട് ലഭിക്കുമെന്നും അമിത് ഷാ പറഞ്ഞു. ഉത്തര്‍പ്രദേശ് നാലാം ഘട്ട വോട്ടെടുപ്പിന് ഒരുങ്ങവെയാണ് അമിത് ഷായുടെ പരാമര്‍ശം. ജാതവ് വോട്ടുകള്‍ ബി എസ് പിയില്‍ തുടരുമെന്നും മുസ്ലീങ്ങളും നിരവധി സീറ്റുകളില്‍ ബി എസ് പിക്ക് വോട്ട് ചെയ്യുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.
എന്നാല്‍ ഇത് ബി ജെ പിയെ സഹായിക്കുമോ എന്ന ചോദ്യത്തിന്, ബി ജെ പിക്ക് നേട്ടമാണോ നഷ്ടമാണോ എന്ന് തനിക്കറിയില്ലെന്നായിരുന്നു അമിത് ഷായുടെ മറുപടി. ഇക്കാര്യം സീറ്റിനെ ആശ്രയിച്ചിരിക്കുന്നു. അത് സീറ്റിന്റെ പ്രത്യേകതയാണ്. എന്നാല്‍ മായാവതിയുടെ പ്രസക്തി അവസാനിച്ചു എന്നത് ശരിയല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. മായാവതി നിശബ്ദ പ്രചരണം നടത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, അവരുടെ പിന്തുണയും അടിത്തറയും പൂര്‍ണ്ണമായും നശിച്ചുവെന്ന് പറയാനാവില്ലെന്നായാരുന്നു അമിത് ഷാ പറഞ്ഞത്. ഉത്തര്‍പ്രദേശില്‍ അധികാരത്തിനായുള്ള ബി ജെ പിയുടെ പ്രധാന എതിരാളിയായി കണക്കാക്കപ്പെടുന്ന സമാജ്വാദി പാര്‍ട്ടി, മുസ്ലീം വോട്ടുകള്‍ നിലനിര്‍ത്താനും മറ്റ് പാര്‍ട്ടികളുടെ പരമ്പരാഗത വോട്ടര്‍മാരെ അകറ്റാനും കണക്കുകൂട്ടുന്നതിനിടെയാണ് അമിത് ഷായുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.

ബി ജെ പി വ്യക്തമായ ഭൂരിപക്ഷം നേടുമെന്നും യു പിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആരുടെയും സഹായം ആവശ്യമില്ലെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. മായാവതിയുമായി തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിന്റെ സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അമിത് ഷായുടെ മറുപടി. 'സര്‍ക്കാര്‍ നടത്തുന്നതിന് ഞങ്ങള്‍ക്ക് വേണ്ടത് പ്രതിപക്ഷ പാര്‍ട്ടികളുടെ ക്രിയാത്മക പിന്തുണയാണ്, അതിന് ഞങ്ങള്‍ക്ക് ബി എസ് പിയും എസ് പിയും ആവശ്യമാണ്, അദ്ദേഹം പറഞ്ഞു. എന്നാല്‍ സഖ്യത്തിന്റെ ആവശ്യമില്ല, ഞങ്ങള്‍ പൂര്‍ണ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും. നല്ല ജോലി ചെയ്യാന്‍ പിന്നീട് എല്ലാ പാര്‍ട്ടികളുടെയും പിന്തുണ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ 80-20 പരാമര്‍ശത്തേയും അദ്ദേഹം ന്യായീകരിച്ചു. യു പി തിരഞ്ഞെടുപ്പിനെ 80-20 പോരാട്ടമെന്ന് വിളിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന സംസ്ഥാനത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള മത്സരമാണ് സൂചിപ്പിക്കുന്നതെന്ന് എന്ന് പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് മുസ്ലീങ്ങളെയോ യാദവന്മാരെയോ ഹിന്ദുക്കളെയോ കുറിച്ചുള്ളതാണെന്ന് ഞാന്‍ കരുതുന്നില്ല. യോഗിജി വോട്ട് ശതമാനത്തെക്കുറിച്ച് സംസാരിച്ചിരിക്കാം, പക്ഷേ മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിലുള്ളതല്ല... വോട്ടിംഗ് രീതിയെ ധ്രുവീകരണമെന്ന് വിളിക്കാനാവില്ല, അമിത് ഷാ പറഞ്ഞു. ധ്രുവീകരണം നടക്കുന്നത് പ്രതിപക്ഷത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദരിദ്രരും കര്‍ഷകരും ധ്രുവീകരിക്കപ്പെടുകയാണ്, അമിത് ഷാ പറഞ്ഞു.

യു പിയിലുടനീളം സഞ്ചരിച്ച്, യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ''ജനങ്ങളുടെ ഹൃദയം'' കീഴടക്കിയിട്ടുണ്ടെന്നും ''പ്രധാനമന്ത്രിയോടുള്ള പിന്തുണയും സ്‌നേഹവും 2013 ഡിസംബറില്‍ ഉണ്ടായിരുന്നതിനേക്കാള്‍ വളരെ ഉയര്‍ന്നതാണ്'' എന്നും അമിത് ഷാ അവകാശപ്പെട്ടു. വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും പകരം പ്രീണനത്തെ കുറിച്ച് പറഞ്ഞ് ബി ജെ പി യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ഒഴിവാക്കുകയാണെന്ന അഖിലേഷ് യാദവിന്റെ പ്രസ്താവനയ്ക്കെതിരെ അമിത് ഷാ രംഗത്തെത്തി. ''നമ്മള്‍ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ഒഴിവാക്കുകയാണോ അതോ അങ്ങനെയാണോ എന്ന് അഖിലേഷ് ജി ഡാറ്റയുടെ അടിസ്ഥാനത്തില്‍ സംസാരിക്കണം.
Recommended Video

കൊവിഡിന് ശേഷം ലോകം മുഴുവന്‍ വിലക്കയറ്റത്തിന് സാക്ഷ്യം വഹിച്ചു. ഒരു പരിധിവരെ അതും ഇവിടെയുണ്ട്. എന്നാലും, മോദിജി അത് ഒരു പരിധി വരെ നിയന്ത്രിച്ചു. മോദി സര്‍ക്കാരിന്റെ 7.5 വര്‍ഷത്തിനിടയില്‍, ഞങ്ങള്‍ ആറ് വര്‍ഷമായി പണപ്പെരുപ്പം നിയന്ത്രിച്ചു. കോവിഡ് -19 ന് ശേഷം, ആഗോള വിപണി സാഹചര്യത്തെ ബാധിച്ചു. ഇറക്കുമതി ചെയ്യുന്നതെന്തിനും ഉയര്‍ന്ന വിലയുണ്ട്. അത് ആഭ്യന്തര വിലകളില്‍ പ്രതിഫലിക്കും. എന്നാല്‍ ഇത് താല്‍ക്കാലികം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications