എസ്പിയെ വീഴ്ത്താന്‍ 2017 ലെ അതേ തന്ത്രം വീണ്ടും പുറത്തെടുത്ത് ബിജെപി: ചർച്ചാ വിഷയമായി കൈരാന
കൈരാന: എസ്പിയെ വീണ്ടുമൊരിക്കല്‍ കൂടി വീഴ്ത്താന്‍ 2017 ലെ അതേ തന്ത്രം പുറത്തെടുത്ത് ബി ജെ പി. കൈരാന പലായനം വിഷയം ഉള്‍പ്പടെ സജീവമാക്കുന്ന ബി ജെ പി യാദവ കുടുംബത്തിലെ വിള്ളലുകളും രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണവും ഒരിക്കല്‍ കൂടി ചർച്ചയിലേക്ക് ഉയർത്തിക്കൊണ്ടുവരികയാണ് ചെയ്യുന്നത്. 'കൈരാനയിൽ നിന്നുള്ള ഹിന്ദു കുടുംബങ്ങളുടെ പലായനം അധികാരത്തിൽ വരുന്നതിന് മുമ്പും ശേഷവും ബി ജെ പിയെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഈ ആളുകളെ നാട്ടിലേക്ക് മടങ്ങാൻ സഹായിക്കുക എന്നതിനാണ് ഞങ്ങള്‍ വലിയ പ്രധാന്യം നല്‍കിയത്"- ഒരു ബി ജെ പി നേതാവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
2016 ജൂണിൽ അന്നത്തെ ബിജെപി എംപി ഹുകും സിംഗ് പടിഞ്ഞാറൻ യുപിയിലെ മുസ്ലീം ഭൂരിപക്ഷ പട്ടണമായ കൈരാനയിൽ നിന്ന് "ഒരു പ്രത്യേക സമുദായത്തിൽ നിന്നുള്ള ക്രിമിനൽ ഘടകങ്ങളുടെ ഭീഷണിയും കൊള്ളയും" കാരണം കുടിയേറാൻ നിർബന്ധിതരായ 346 പേരുടെ പട്ടിക പുറത്തിറക്കിയിരുന്നു. പിന്നീട് സിംഗ് തന്നെ തന്റെ പ്രസ്താവന പിൻവലിക്കുകയും ചെയ്തു. മറ്റ് പല വിഷയങ്ങളാലുമാണ് കുടിയേറ്റമെങ്കിലും ഇതിന് ബി ജെ പി സാമുദായിക വശം നല്‍കുന്നുവെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

2017 ല്‍ അമിത് ഷായുടെ ചുമതലയിലുണ്ടായിരുന്ന യുപി ബി ജെ പി, അസംബ്ലി തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, അന്നത്തെ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്പി സർക്കാരിനെതിരെ ഈ പലായന വിഷയം സജീവ ചർച്ചാ വിഷയമാക്കിയിരുന്നു. കൈരാനയില്‍ മാത്രമല്ല സംസ്ഥാനത്ത് ഉടനീളം ഇത് ബി ജെ പി രാഷ്ട്രീയ പ്രചരണ ആയുധമാക്കി മാറ്റി. അതേ അമിത് ഷാ തന്നെ ഇത്തവണ തന്റെ യുപി പ്രചരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത് കൈരാനയില്‍ നിന്നാണ് എന്നതാണ് ശ്രദ്ധേയം. വീടുകള്‍ തോറും കയറിയുള്ള പ്രചരണമാണ് അമിത് ഷാ കൈരാനയില്‍ നടത്തിയിരുന്നത്.
ജനുവരി 13-ന് എസ്‌പി-ആർഎൽഡി അതിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയപ്പോള്‍ കൈരാനയില്‍ നിന്നും ഇടംപിടിച്ചത് നഹിദ് ഹസനായിരുന്നു. ഹിന്ദു പലായനത്തിന്റെ സൂത്രധാരനെന്ന് ബി ജെ പി ആരോപിക്കുന്ന വ്യക്തിയാണ് നഹിദ് ഹസന്‍. ഇതും ബി ജെ പി പ്രചരണ വിഷയമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കൈരാന കോട്‌വാലിയിൽ യുപി ഗ്യാങ്‌സ്റ്റേഴ്‌സ് ആൻഡ് ആൻറി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്‌ട് പ്രകാരം നഹിദിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ജനുവരി 16 ന് നഹിദിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സഹോദരി ഇക്ര ഹസൻ ഡമ്മി സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു
യുപി തിരഞ്ഞെടുപ്പിനെ വർഗീയമാക്കാനുള്ള ബി ജെ പി തന്ത്രമെന്നാണ് സമാജ്‌വാദി പാർട്ടി ഇതിനെ വിശേഷിപ്പിക്കുന്നത്. "അവർക്ക് ഭരണ നേട്ടങ്ങള്‍ ഒന്നും കാണിക്കാനില്ല. അതുകൊണ്ടാണ് അവർ കൈരാനയെ വീണ്ടും ചൂഷണം ചെയ്യുന്നത്, "എസ്പി വക്താവ് അബ്ദുൾ ഹാഫിസ് പറഞ്ഞു. യാദവകുടുംബത്തിലെ വിള്ളൽ വർധിപ്പിക്കാനുള്ള ബി ജെ പിയുടെ ശ്രമവും അതേ തിരക്കഥയുടെ ഭാഗമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജകുമാരിയെപ്പോലെ.... സുന്ദരി: സാരിയില്‍ തിളങ്ങി സൂര്യ ജെ മേനോന്‍ ചിത്രങ്ങള്‍ വൈറല്‍
എന്നാൽ യാദവ വംശത്തിലെ വിള്ളൽ വളരെക്കാലമായി നിലനിൽക്കുന്ന ഒന്നാണെന്നും അധികാരത്തർക്കമുണ്ടാവുമ്പോഴൊക്കെ അത് പരസ്യമായി പുറത്തുവരുമെന്നുമാണ് ബി ജെ പി നേതാക്കൾ തിരിച്ചടിക്കുന്നത്. നേരത്തെ അഖിലേഷും അമ്മാവൻ ശിവ്‌പാലും തമ്മിലായിരുന്നു അത്, ഇപ്പോൾ അഖിലേഷും ഇളയ സഹോദരൻ പ്രതീകിന്റെ കുടുംബവും തമ്മിലാണ്- യുപി ബിജെപി വക്താവ് ഹീറോ ബാജ്‌പേയ് പറഞ്ഞു. 2017ൽ അഖിലേഷും അമ്മാവൻ ശിവപാൽ യാദവും തമ്മിലുള്ള തർക്കം തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എസ്പിയില്‍ വലിയ പ്രതിസന്ധിയായിരുന്നു സൃഷ്ടിച്ചത്.












Click it and Unblock the Notifications