യുപിയിലെ 135 സ്ഥാനാര്‍ത്ഥികള്‍ക്ക് ക്രിമിനല്‍ കേസ്; 245 കോടീശ്വരന്മാര്‍, മൂന്നാം ഘട്ടത്തിലെ കണക്കുകള്‍ പുറത്ത്
ദില്ലി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ മത്സരരംഗത്തുള്ള 135 സ്ഥാനാര്‍ഥികള്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ടെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ് ഇലക്ഷന്‍ വാച്ച് ആന്‍ഡ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ചൊവ്വാഴ്ച ഒരു വിശകലന റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു. ആ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഫെബ്രുവരി 20 ന് നടക്കുന്ന യുപി തെരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടത്തില്‍ മത്സരിക്കുന്ന 627 പേരില്‍ 623 സ്ഥാനാര്‍ത്ഥികളുടെ സത്യവാങ്മൂലം വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

പ്രധാന പാര്‍ട്ടികളായ, സമാജ്വാദി പാര്‍ട്ടിയില്‍ നിന്നുള്ള 58 സ്ഥാനാര്‍ത്ഥികളില്‍ 30 പേരും ബി ജെ പിയില്‍ നിന്നുള്ള 55 സ്ഥാനാര്‍ത്ഥികളില്‍ 25 പേരും, ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍ (ബി എസ് പി) നിന്ന് 59 സ്ഥാനാര്‍ത്ഥികളില്‍ 23 പേരും, കോണ്‍ഗ്രസിന്റെ 56 സ്ഥാനാര്‍ത്ഥികളില്‍ 20 പേരും ആം ആദ്മി പാര്‍ട്ടിയുടെ (എ എ പി) 49 സ്ഥാനാര്‍ത്ഥികളില്‍ 11 പേരും തങ്ങളുടെ സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ കേസുകള്‍ ഉള്ളതായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എസ് പിയുടെ 21, ബിജെപിയുടെ 20, ബിഎസ്പിയുടെ 18, കോണ്‍ഗ്രസിന്റെ 10, എഎപിയുടെ 11 സ്ഥാനാര്‍ത്ഥികള്‍ തങ്ങള്‍ക്കെതിരെ ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഈ ഘട്ടത്തിലെ 59 മണ്ഡലങ്ങളില്‍ 26 എണ്ണവും റെഡ് അലര്‍ട്ട് മണ്ഡലങ്ങളായി പ്രഖ്യാപിച്ചു.

245 കോടിപതികള്‍
623 സ്ഥാനാര്‍ത്ഥികളില്‍ 245 (ഏകദേശം 39%) സ്ഥാനാര്‍ത്ഥികളും കോടീശ്വരന്മാരാണെന്ന് വിശകലന റിപ്പോര്‍ട്ട് പറയുന്നു. എസ് പിയുടെ 52, ബി ജെ പിയുടെ 48, ബി എസ ്പിയുടെ 46, കോണ്‍ഗ്രസിന്റെ 29, എ എ പിയുടെ 18 സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു കോടിയിലധികം രൂപ ആസ്തിയുള്ളതായി വെളിപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥിയായ സ്ഥാനാര്‍ത്ഥി സമാജ്വാദി പാര്‍ട്ടിയുടെ യശ്പാല്‍ സിംഗ് യാദവിന്റെ ആകെ ആസ്തി 70 കോടി രൂപയാണ്. ഝാന്‍സി ജില്ലയിലെ ബബിന മണ്ഡലത്തില്‍ നിന്നുള്ള ്ഥാനാര്‍ത്ഥിയാണ് ഇദ്ദേഹം.

55 ബി ജെ പി സ്ഥാനാര്‍ത്ഥികളില്‍ 48 (87 ശതമാനം) കോടീശ്വരന്മാരാണ്. 59 ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളില്‍ 46 (78 ശതമാനം) പേരും കോടിപതികളാണ്. കോണ്‍ഗ്രസിലെ 56 സ്ഥാനാര്‍ത്ഥികളില്‍ 29 പേരും (52 ശതമാനം) കോടീശ്വരന്മാരാണ്. മൂന്നാം ഘട്ടത്തിലെ രണ്ടാമത്തെയും മൂന്നാമത്തെയും സമ്പന്നരായ സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവരാണെന്ന് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാക്കുന്നു. കാണ്‍പൂര്‍ നഗറിലെ കിദ്വായ് നഗര്‍ മണ്ഡലത്തില്‍ നിന്നുള്ള അജയ് കപൂര്‍ 69 കോടിയിലധികം രൂപയുടെ ആസ്തി പ്രഖ്യാപിച്ചിട്ടുണ്ട്. ആര്യ നഗര്‍ മണ്ഡലത്തില്‍ നിന്നുള്ള പ്രമോദ് കുമാറിന് 45 കോടിയിലധികം രൂപയുടെ ആസ്തിയുണ്ട്.

ആം ആദ്മി പാര്‍ട്ടിയില്‍ നിന്നുള്ള 37 ശതമാനം സ്ഥാനാര്‍ത്ഥികളും ഒരു കോടി രൂപയിലധികം ആസ്തി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് എഡിആര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയുടെ ശരാശരി ആസ്തി 2.82 കോടി രൂപയാണെന്ന് എഡിആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് ഫെബ്രുവരി 20 ന് നടക്കും. ഫെബ്രുവരി 23, ഫെബ്രുവരി 27, മാര്‍ച്ച് 3, മാര്‍ച്ച് 7 തീയതികളില്‍ നാല് ഘട്ടങ്ങള്‍ കൂടി നടക്കും. പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നിവയ്ക്കൊപ്പം മാര്‍ച്ച് 10 നാണ് ഉത്തര്‍ പ്രദേശില്‍ വോട്ടെണ്ണല്‍.












Click it and Unblock the Notifications