യുപിയില്‍ ബിജെപി 30 സീറ്റിനുള്ളിലേക്ക് ഒതുങ്ങും: അധികാരം പിടിക്കുക കോണ്‍ഗ്രസെന്ന് അജയ് കുമാര്‍ ലല്ലു
ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അമ്പരപ്പിക്കുമെന്ന് പ്രവചിച്ച കോൺഗ്രസ് സംസ്ഥാന ഘടകം അധ്യക്ഷൻ അജയ് കുമാർ ലല്ലു. അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 30 സീറ്റുകൾ കൂടുതല്‍ നേടാന്‍ സാധിക്കില്ലെന്നും തന്റെ പാർട്ടി വ്യക്തമായ ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം പറഞ്ഞു.
അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്പിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മാത്രമാണ് താൽപ്പര്യമുള്ളതെന്നും ജനങ്ങളുടെ പ്രശ്‌നങ്ങൾക്കായി അവര്‍ സമര രംഗത്ത് ഇറങ്ങുന്നില്ല. ഇതോടെ ഉത്തർപ്രദേശിൽ കോൺഗ്രസ് ബിജെപിക്കുള്ള ഏക ബദലായി മാറിയിരിക്കുകയാണെന്നും അജയ് കുമാര്‍ ലല്ലു അവകാശപ്പെട്ടു.

സമാജ്‌വാദി പാർട്ടിയുമായും ബഹുജൻ സമാജ് പാർട്ടിയുമായും കോണ്‍ഗ്രസ് സഖ്യമുണ്ടാക്കില്ല. എന്നാൽ ഉത്തർപ്രദേശിലെ ചെറിയ പാർട്ടികൾക്കായി കോണ്‍ഗ്രസ്, അതിന്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും ലല്ലു പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ആവർത്തിച്ചു. രാഷ്ട്രീയത്തിൽ എല്ലാ കാര്യങ്ങളും പരസ്യമായി പറയാന്‍ സാധിക്കില്ല. എന്നാല്‍ മറ്റ് പാർട്ടികൾ പ്രഖ്യാപിച്ച സഖ്യങ്ങളിൽ മാറ്റങ്ങളുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു
ലച്ചുവിനെ ചേര്‍ത്ത് പിടിച്ച് നീലു: നിഷ സാരംഗിന്റെയും ജൂഹി റുസ്തഗി പുതിയ ചിത്രം വൈറല്‍

കുറച്ച് സമയം കാത്തിരുന്നാല്‍ നിങ്ങൾക്ക് പലതും കാണാൻ കഴിയും, ചെറിയ സഖ്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പല പാർട്ടികൾക്കും അവരുടെ കൂട്ടുകെട്ട് മാറ്റാൻ കഴിയും. എസ്പിയും ബിജെപിയും രഹസ്യമായ സഖ്യത്തിലേര്‍പ്പെട്ടിരിക്കുകയാണ്. ജനങ്ങളുടെ യഥാർത്ഥ പ്രശ്‌നങ്ങൾക്കും ബിജെപിയുടേയും എസ്പിയുടേയും രഹസ്യ നീക്കത്തിനുമെതിരായിട്ടാണ് കോൺഗ്രസ് സമരം ചെയ്യുന്നത്. ഉത്തര്‍പ്രദേശില്‍ എസ്പി അവസാനിക്കാന്‍ പോവുകയാണെന്നും അജയ് കുമാര്‍ ലല്ലു പറഞ്ഞു.

കോൺഗ്രസും എസ്പിയും ബിഎസ്പിയും ഒന്നിച്ചാലും ബിജെപിയെ തോൽപ്പിക്കാൻ കഴിയില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന്, ബിജെപിക്ക് 30 ല്‍ കൂടുതൽ സീറ്റുകളില്‍ വിജയിക്കാൻ കഴിയില്ലെന്നും കോൺഗ്രസിന്റെ ഉത്തർപ്രദേശ് സംസ്ഥാന അധ്യക്ഷൻ അവകാശപ്പെട്ടു.

മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നാലുടൻ ബിജെപി നേതാക്കൾ പോയി വോട്ട് തേടട്ടെ, എന്താണ് സംഭവിക്കുന്നതെന്ന് അപ്പോള്‍ കാണാം, വിലക്കയറ്റം, തൊഴിലില്ലായ്മ, സ്ത്രീ സുരക്ഷ, ക്രമസമാധാനം, തുടങ്ങിയ വിഷയങ്ങളിൽ ജനം അപ്പോള്‍ അവരോട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കും. "ജനങ്ങൾ തിരഞ്ഞെടുപ്പിനായി കാത്തിരിക്കുകയാണ്, ബിജെപിക്ക് 30 സീറ്റുകൾ കടക്കാൻ കഴിയില്ലെന്നും അവരുടെ അവകാശവാദങ്ങളെല്ലാം കടലാസിൽ അവശേഷിക്കുമെന്നും വളരെ ആത്മവിശ്വാസത്തോടെ പറയുന്നു," ലല്ലു അഭിപ്രായപ്പെട്ടു.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 403 അംഗ നിയമസഭയിൽ കേവലം 7 സീറ്റ് മാത്രമായിരുന്നു കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചിരുന്നത്. അന്ന് എസ്പിയുമായി സഖ്യം ചേര്‍ന്നായിരുന്നു കോണ്‍ഗ്രസിന്റെ മത്സരം. ഭരണത്തിലിരുന്ന എസ്പ് 47 സീറ്റിലേക്ക് ഒതുങ്ങുകയും ചെയ്തു. ബിജെപി 312 സീറ്റുകള്‍ നേടി അധികാരത്തില്‍ എത്തിയപ്പോള്‍ ബിഎസ്പി 19 സീറ്റുകളായിരുന്നു നേടിയത്. എന്നാല്‍ ഇത്തവണ ഏവരേയും അമ്പരിപ്പിക്കുന്ന പ്രകടനം കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടാവുമെന്നാണ് ലല്ലു പറയുന്നത്.

തിരഞ്ഞെടുപ്പില്‍ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കും. ഉത്തർപ്രദേശിൽ ബിജെപിക്ക് പ്രധാന വെല്ലുവിളിയായി കോൺഗ്രസ് ഉയർന്നുവന്നിട്ടുണ്ട്. അടുത്ത സർക്കാർ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നാണ് ഞങ്ങളുടെ ആത്മവിശ്വാസം. ദരിദ്രർ, യുവാക്കൾ, കർഷകർ എന്നിവർക്കിടയിൽ കോൺഗ്രസ് ഉയർന്നുവരുന്നതാണ് കാണാന്‍ കഴിയുന്നത്.

സ്ത്രീസുരക്ഷ, ക്രമസമാധാനം തുടങ്ങിയ വിഷയങ്ങളിൽ കോണ്‍ഗ്രസ് നിരവധി പ്രക്ഷോഭങ്ങളാണ് ഇതിനോടകം സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊണ്ടുള്ള പ്രകടനപത്രികയായിരിക്കും കോണ്‍ഗ്രസ് തയ്യാറാക്കുക. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും പാര്‍ട്ടിയില്‍ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ആദ്യഘട്ട സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications