യുപിയിൽ കോൺഗ്രസിന് അടുത്ത തിരിച്ചടി; രാജ് ബബ്ബാർ സമാജ്വാദി പാർട്ടിയിലേക്ക്?
ലഖ്നൗ; നിയമസഭ തിരഞ്ഞെടുപ്പിനോട് അടുക്കവെ യുപിയിൽ കോൺഗ്രസിൽ നിന്ന് നിരവധി നേതാക്കൾ പാർട്ടി വിട്ടിരുന്നു. ഇപ്പോഴിതാ മറ്റൊരു മുതിർന്ന നേതാവ് കൂടി രാജിയ്ക്ക് തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ട്. മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാജ് ബബ്ബാര്‍ ആണ് പാർട്ടി വിടാൻ ഒരുങ്ങുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബബ്ബാർ സമാജ്വാദി പാർട്ടിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്.

തിങ്കളാഴ്ച കോൺഗ്രസ് പ്രഖ്യാപിച്ച 30 താര പ്രചാരകരുടെ പട്ടികയിൽ നിന്ന് പുറത്തുപോകുന്ന രണ്ടാമത്തെ നേതാവാണ് രാജ് ബബ്ബാർ. രണ്ടു ദിവസം മുമ്പ് മുതിര്‍ന്ന നേതാവ് മുന്‍ കേന്ദ്ര മന്ത്രിയുമായ ആര്‍പിഎന്‍ സിങ് കോണ്‍ഗ്രസ് വിട്ടിരുന്നു. താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ടതിന് അടുത്ത ദിവസമായിരുന്നു സിംഗ് പാർട്ടി വിട്ടത്. ഇദ്ദേഹം പിന്നീട് ബി ജെ പിയിൽ ചേരുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് ഇപ്പോൾ കോൺഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കി രാജ് ബബ്ബാറിന്റെ നീക്കം. ഒരുകാലത്ത് ജനപ്രിയ സിനിമാതാരമായിരുന്ന രാജ് ബബ്ബാർ 1980-കളുടെ അവസാനത്തിൽ ജനതാദളിലൂടെയാണ് രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് സമാജ്വാദി പാർട്ടിയിൽ ചേർന്നു. 1999, 2004 വർഷങ്ങളിൽ ആഗ്രയിൽ നിന്ന് ലോക്സഭാംഗമായി.

എന്നാൽ 2006 ൽ ബബ്ബാറിനെ സമാജ്വാദി പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു. എസ് പിയിൽ നിന്നും പുറത്താക്കപ്പെട്ട് രണ്ട് വർഷങ്ങൾക്കപ്പുറമാണ് ബബ്ബാർ കോൺഗ്രസിൽ ചേരുന്നത്. തുടർന്ന് 2009 നവംബറിൽ നടന്ന ഫിറോസാബാദ് മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ രാജ് ബബ്ബാർ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ചിരുന്നു

പിന്നീട് 2014, 2019 തെരഞ്ഞെടുപ്പുകളിൽ ഗാസിയാബാദ്, ഫത്തേപൂർ സിക്രി മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ചെങ്കിലും ബി ജെ പി സ്ഥാനാർത്ഥിയോട് പരാജയപ്പെടുകയായിരുന്നു. ഇതിനിടയിൽ 2015 മാർച്ച് മുതൽ 2020 നവംബർ വരെ അദ്ദേഹം രാജ്യസഭാംഗമായിരുന്നു. 2016 ൽ മുതൽ 2019 വരെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കൂടിയായിരുന്നു ബബ്ബാർ.

ഉടൻ തന്നെ രാജ് ബബ്ബാർ സമാജ്വാദി പാർട്ടിയിൽ ചേർന്നേക്കുമെന്നാണ് സൂചന. കഴിഞ്ഞ പത്ത് ദിവസമായി പാർട്ടിയിലേക്കുമുള്ള മടങ്ങി വരവ് സംബന്ധിച്ച് ബബ്ബാർ അഖിലേഷുമായി ചർച്ച നടത്തുകയാണെന്ന് എസ് പി വൃത്തങ്ങൾ അറിയിച്ചു. 'ഒരേ പ്രത്യയശാസ്ത്രം പുലർത്തുന്ന നേതാക്കളെ സ്വാഗതം ചെയ്യുമെന്ന് നേരത്തേ തന്നെ അഖിലേഷ് യാദവ് വ്യക്തമാക്കിയത്. എസ് പിയുടെ ആശയങ്ങൾ പങ്കിടുന്ന നേതാവാണ് ബബ്ബാർ. അദ്ദേഹം അഖിലേഷ് ജീയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഉടൻ തന്നെ പാർട്ടിയിൽ ചേരാൻ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്., എസ് പി നേതാവ് ഫക്രുൽ ഹസൻ ചന്ദ് പറഞ്ഞു. അതേസമയം വാർത്തകളിൽ രാജ് ബബ്ബാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇക്കുറി സംസ്ഥാനത്ത് വലിയ ചലനങ്ങൾ ഉണ്ടാകാനാകുമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസ് നേതൃത്വം. എന്നാൽ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലും തിരഞ്ഞെടുപ്പ് അടുക്കവെ സംസ്ഥാനത്ത് പാർട്ടി വിയർക്കുന്നതാണ് കാഴ്ച. ശക്തരായ നിരവധി നേതാക്കൾ ഇതിനോടകം പാർട്ടി വിട്ടു കഴിഞ്ഞു. നിലവിൽ മൂന്ന് എം എൽ എമാരാണ് കോൺഗ്രസിന് സംസ്ഥാനത്ത് ഉള്ളത്. പുറത്തുവന്ന അഭിപ്രായ സർവ്വേകൾ എല്ലാം തന്നെ കോൺഗ്രസിന് വെറും 5-7 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്.
'സാഹചര്യങ്ങൾ കഠിനമാകുമ്പോൾ തല ഉയർത്തിപിടിച്ച് തന്നെ നിൽക്കണം'..ചർച്ചയായി റിമ കല്ലിങ്കലിൻറെ ഫോട്ടോകൾ












Click it and Unblock the Notifications