'സ്മൃതി ഇറാനി അമേഠിയിലേക്ക് വരുന്നത് 'ലട്കയും ഝഡ്കയും' കാണിക്കാന്‍', പരിഹസിച്ച് കോൺഗ്രസ് നേതാവ്
ദില്ലി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരെ ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാവ് നടത്തിയ പരാമര്‍ശം വിവാദത്തില്‍. സ്മൃതി ഇറാനി തന്റെ മണ്ഡലമായ അമേഠിയിലേക്ക് വരുന്നത് 'ലട്കയും ഝഡ്കയും' കാണിക്കാന്‍ വേണ്ടി മാത്രമാണ് എന്നാണ് കോണ്‍ഗ്രസ് നേതാവായ അജയ് റായ് പരിഹസിച്ചത്. നൃത്തത്തിലെ ചില ചുവടുകളെ സൂചിപ്പിച്ച് കൊണ്ടുളളതാണ് കോണ്‍ഗ്രസ് നേതാവിന്റെ പരിഹാസം. ഇതോടെ ബിജെപി കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്.
രാജ്യത്തിന് ഒരു വനിതാ പ്രധാനമന്ത്രിയെ നല്‍കിയ പാര്‍ട്ടിയുടെ നേതാവില്‍ നിന്നുമുളള ഇത്തരം പരാമര്‍ശം അപമാനകരമാണെന്ന് ബിജെപി വക്താവ് ആനന്ദ് ദുബെ പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ എക്കാലവും സ്ത്രീ വിരുദ്ധമായ ഭാഷയാണ് ഉപയോഗിക്കുന്നത് എന്നും ബിജെപി നേതാവ് ലഖ്‌നൗവില്‍ വെച്ച് കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേസിലെ അമേഠി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചാണ് സ്മൃതി ഇറാനി പാര്‍ലമെന്റിലെത്തിയത്. നിലവില്‍ വനിതാ ശിശു വികസന വകുപ്പ് മന്ത്രിയാണ് സ്മൃതി ഇറാനി.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് രാഹുല്‍ ഗാന്ധിയുടെ സീറ്റായ അമേഠി സ്മൃതി ഇറാനി പിടിച്ചെടുത്തത്. ഏറെക്കാലമായി അമേഠി കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായിരുന്നു. വയനാട്ടില്‍ നിന്ന് മത്സരിച്ചാണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ സീറ്റുറപ്പിച്ചത്. 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കുമോ എന്ന ചോദ്യത്തിന് അജയ് റായ് നല്‍കിയ മറുപടി ഇങ്ങനെ:''അമേഠി ഗാന്ധി കുടുംബത്തിന്റെ സീറ്റായിരുന്നു. രാഹുല്‍ ജി അവിടെ നിന്നും ലോക്‌സഭാ എംപിയായിട്ടുണ്ട്. രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും ആ മണ്ഡലത്തിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്''.
അമേഠിയിലെ ഭൂരിപക്ഷം ഫാക്ടറികളും അടച്ച് പൂട്ടലിന്റെ വക്കിലെത്തി നില്‍ക്കുകയാണ്. ജഗ്ദീഷ്പൂരിലെ വ്യാവസായിക മേഖലയിലുളള പകുതിയോളം ഫാക്ടറികളും പ്രവര്‍ത്തനരഹിതമായി കിടക്കുന്നു. സ്മൃതി ഇറാനി വരുന്നു, ചില നൃത്തച്ചുവടുകള്‍ കാണിക്കുന്നു, പോകുന്നു, അജയ് റായ് പറഞ്ഞു. അമേഠി മണ്ഡലം ഗാന്ധി കുടുംബത്തിന്റേത് ആയിരുന്നുവെന്നും അത് അങ്ങനെ തന്നെ തുടരുമെന്നും റായ് കൂട്ടിച്ചേര്‍ത്തു. അമേഠിയില്‍ നിന്ന് തന്നെ 2024ലെ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മത്സരിക്കണം എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതന്നും അദ്ദേഹം വ്യക്തമാക്കി.
''കോണ്‍ഗ്രസുകാര്‍ സ്ത്രീകള്‍ക്കെതിരെ എക്കാലവും ഇത്തരം ഭാഷയാണ് ഉപയോഗിച്ചിട്ടുളളതെന്ന് ബിജെപി നേതാവ് ആനന്ദ് ദുബെ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ സംസ്‌ക്കാരവും മാനസിക നിലയും എന്തെന്ന് ഇതിലൂടെ വ്യക്തമാകുന്നു. രാജ്യത്തിന് ഒരു വനിതാ പ്രധാനമന്ത്രിയെ നല്‍കിയ, ഏറെക്കാലം ഒരു വനിതാ അധ്യക്ഷ നയിച്ച ഒരു പാര്‍ട്ടിയുടെ നേതാവില്‍ നിന്നാണ് ഇത്തരം പരാമര്‍ശങ്ങള്‍ വരുന്നത് എന്നത് നാണക്കേടാണ്''. അമേഠിയില്‍ നിന്നും റായ്ബറേലിയില്‍ നിന്നും പ്രമുഖരായ നിരവധി നേതാക്കള്‍ ജയിച്ച് പോയിട്ടും എല്ലാ കാര്യത്തിലും ഈ സ്ഥലങ്ങള്‍ പിന്നോക്കമാണ് എന്നും ദുബെ കുറ്റപ്പെടുത്തി.












Click it and Unblock the Notifications