ജാട്ട് ഭൂമിയില്‍ ബിജെപിക്ക് മുന്‍തൂക്കം, പശ്ചിമ യുപിയില്‍ ഇഞ്ചോടിഞ്ചെന്ന് എബിപി സര്‍വേ
ദില്ലി: ബിജെപിയുടെ തകര്‍ച്ചയ്ക്ക് തുടക്കമിടുമെന്ന് കരുതിയ പശ്ചിമ യുപിയിലും മുന്‍തൂക്കം യോഗി സര്‍ക്കാരിന് തന്നെയെന്ന് എക്‌സിറ്റ് പോള്‍ ഫലം. അവധ് മേഖലയില്‍ ബിജെപിയുടെ വന്‍ കുതിപ്പ് തന്നെ പ്രകടമാകും. അവധില്‍ 118 സീറ്റുകളാണ് ഉള്ളത്. ഇതില്‍ 77 മുതല്‍ 81 സീറ്റ് വരെ ബിജെപി നേടും. അതേസമയം സമാജ് വാദി പാര്‍ട്ടി സഖ്യം 33 മുതല്‍ 37 സീറ്റ് വരെ നേടും. ബുന്ധേല്‍ഖണ്ഡ് മേഖലയിലും ബിജെപി തരംഗം തന്നെ ഇത്തവണ പ്രകടമാകുമെന്ന് എബിപി ന്യൂസ് സി വോട്ടര്‍ സര്‍വേ പറയുന്നു. ഇവിടെ 19 സീറ്റാണ് ഉള്ളത്. 14 മുതല്‍ 18 സീറ്റ് വരെ ബിജെപി നേടും. എസ്പി സഖ്യം പരമാവധി നാല് സീറ്റ് വരെ നേടും. ഒരുപക്ഷേ അക്കൗണ്ട് തുറക്കാതിരിക്കാന്‍ വരെ സാധ്യതയുണ്ടെന്ന് സര്‍വേ പറയുന്നു.

നിര്‍ണായകമായ പൂര്‍വാഞ്ചല്‍ മേഖലയിലും മുന്നേറ്റം ബിജെപിക്ക് തന്നെയാണ്. പക്ഷേ ഇവിടെ എസ്പിയും നേട്ടമുണ്ടാക്കുന്നുണ്ട്. ഇവിടെ 130 സീറ്റുകളുണ്ട്. ബിജെപി 70 മുതല്‍ 74 സീറ്റ് വരെ പൂര്‍വാഞ്ചലില്‍ നേട്ടും. എസ്പി സഖ്യത്തിന് നാല്‍പ്പത് മുതല്‍ 44 സീറ്റ് വരെ നേടാന്‍ കഴിയും. ഇതും മെച്ചപ്പെട്ട നേട്ടമാണ്. ഈ മേഖലയില്‍ സ്ത്രീകളുടെ വലിയ പിന്തുണ ബിജെപിക്കുള്ളതാണ്. അത് വെച്ച് നോക്കുമ്പോള്‍ സര്‍വേ എസ്പിക്കും അനുകൂലമാണ്. അതേസമയം പശ്ചിമ യുപിയിലെ മത്സരമാണ് ഇഞ്ചോടിഞ്ചായി മാറുന്നത്. കര്‍ഷക സമരവും, പിന്നാലെ ബിജെപിക്കെതിരെ ഉണ്ടായ കര്‍ഷക രോഷവും ഈ മേഖലയില്‍ യോഗി സര്‍ക്കാരിനെ ബാധിക്കുന്നുണ്ട്.
പശ്ചിമ യുപിയില്‍ പക്ഷേ ബിജെപി തന്നെ മുന്നിലെത്തുമെന്ന് എബിപി സര്‍വേ പറയുന്നു. 67 മുതല്‍ 71 സീറ്റ് വരെ ബിജെപി നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. അതേസമയം എസ്പി സഖ്യം 59 മുതല്‍ 63 സീറ്റ് വരെ ഈ മേഖലയില്‍ നിന്ന് നേടും. എസ്പിയുടെ സഖ്യത്തിന്റെ ഭാഗമായ ആര്‍എല്‍ഡിയുടെ കരുത്ത് അടക്കം ഈ മേഖലയിലാണ് തെളിയിക്കേണ്ടി വരിക. കിഴക്കന്‍ യുപിയിലും ബിജെപിയുടെ മുന്നേറ്റം പ്രകടമാണ്. 57 സീറ്റുകള്‍ വരെ ഇവിടെ നേടും. അതേസമയം റുഹേല്‍ഖണ്ഡില്‍ 30 സീറ്റ് ബിജെപി നേടും. ഇവിടെ 52 സീറ്റാണ് ഉള്ളത്. ആദ്യ ഘട്ട പോളിംഗ് നടന്ന മേഖലയില്‍ ബിജെപി 43 ശതമാനം വോട്ട് നേടുമെന്നാണ് പ്രവചനം. 58 സീറ്റിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്ന 58 സീറ്റില്‍ 28 മുതല്‍ 32 സീറ്റ് വരെ ബിജെപി നേടുമെന്ന് എബിപി ന്യൂസ് സര്‍വേ പ്രവചിക്കുന്നു. എസ്പിക്ക് 23 മുതല്‍ 27 സീറ്റ് വരെ ലഭിക്കും. കോണ്‍ഗ്രസ് അക്കൗണ്ട് തുറന്നേക്കില്ല. ബിജെപിക്ക് നാല് സീറ്റ് പരമാവധി ലഭിച്ചേക്കും. രണ്ടാം ഘട്ട പോളിംഗ് നടന്ന മണ്ഡലങ്ങളില്‍ എസ്പിക്കാണ് മുന്‍തൂക്കം 26 മുതല്‍ 30 സീറ്റ് വരെ എസ്പിക്ക് ലഭിക്കും. അതേസമയം ബിജെപിക്ക് 23 മുതല്‍ 27 സീറ്റ് വരെ കിട്ടും. മൂന്നാം ഘട്ടം വോട്ടിംഗ് നടന്ന 59 സീറ്റുകളില്‍ നിന്നായി 41 ശതമാനം വോട്ട് ബിജെപിക്ക് ലഭിക്കും. ബിജെപിക്ക് 38 മുതല്‍ 42 സീറ്റ് ലഭിക്കും. സമാജ് വാദി പാര്‍ട്ടി സഖ്യത്തിന് 16 മുതല്‍ ഇരുപത് സീറ്റും ലഭിച്ചേക്കും.












Click it and Unblock the Notifications