വിവാഹത്തിന് 10 ദിവസം മാത്രം.. മകളുടെ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടി അമ്മ! 'പൊന്നും പണവും കൊണ്ടുപോയി'
അലിഗഡ്: മകളുടെ വിവാഹത്തിന് പത്ത് ദിവസം മാത്രം ശേഷിക്കെ പ്രതിശ്രുത-മരുമകനൊപ്പം ഒളിച്ചോടി അമ്മ. ഉത്തര്‍ പ്രദേശിലെ അലിഗഡിലെ മദ്രക് പൊലീസ് സ്റ്റേഷന് കീഴിലുള്ള ഒരു ഗ്രാമത്തില്‍ ആണ് സംഭവം. അനിത എന്ന സ്ത്രീയാണ് മകള്‍ക്ക് വിവാഹം നിശ്ചയിച്ച ആള്‍ക്കൊപ്പം ഒളിച്ചോടിയത്. വിവാഹത്തിനായി കരുതി വെച്ചിരുന്ന പണവും ആഭരണവും അനിത കൊണ്ട് പോയിട്ടുണ്ട് എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
അനിതയുടെ മകള്‍ ശിവാനിയുടെ വിവാഹം ഏപ്രില്‍ 16 നായിരുന്നു നിശ്ചയിച്ചിരുന്നത്. അടുത്ത ഗ്രാമത്തിലെ രാഹുല്‍ എന്ന യുവാവുമായിട്ടായിരുന്നു വിവാഹം നിശ്ചയിച്ചത്. വിവാഹത്തിനായി ക്ഷണക്കത്തുകള്‍ വരെ അച്ചടിച്ച് ബന്ധുക്കളേയും നാട്ടുകാരേയും ക്ഷണിച്ചിരുന്നു എന്നും ഈ സംഭവത്തോടെ എന്ത് ചെയ്യണം എന്ന് അറിയാതെ അമ്പരന്നിരിക്കുകയാണ് കുടുംബം എന്നും ബന്ധുക്കള്‍ പറയുന്നു.

വീട്ടില്‍ ഉണ്ടായിരുന്ന 3.5 ലക്ഷം രൂപയിലധികം പണവും 5 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ആഭരണങ്ങളും എടുത്താണ് അനിത, രാഹുലിനൊപ്പം ഒളിച്ചോടിയിരിക്കുന്നത്. 'ഏപ്രില്‍ 16 ന് ഞാന്‍ രാഹുലിനെ വിവാഹം കഴിക്കേണ്ടതായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ഞായറാഴ്ച എന്റെ അമ്മ അവനോടൊപ്പം ഒളിച്ചോടി. കഴിഞ്ഞ മൂന്ന് നാല് മാസമായി രാഹുലും അമ്മയും ഫോണില്‍ ധാരാളം സംസാരിക്കാറുണ്ടായിരുന്നു,' ശിവാനി പറഞ്ഞു.
തങ്ങളുടെ അലമാരയില്‍ 3.5 ലക്ഷം രൂപയും 5 ലക്ഷത്തിലധികം രൂപയുടെ ആഭരണങ്ങളും ഉണ്ടായിരുന്നു എന്നും അതെല്ലാം അവന്‍ ആവശ്യപ്പെട്ടത് പ്രകാരം അമ്മ എടുത്ത് കൊണ്ട് പോയി എന്നും ശിവാനി കൂട്ടിച്ചേര്‍ത്തു. 10 രൂപ പോലും അനിത വീട്ടില്‍ ബാക്കി വെച്ചിട്ടില്ല എന്നും അമ്മ തങ്ങളുടെ മുഴുവന്‍ സമ്പാദ്യവും കൊണ്ടുപോയി എന്നും ശിവാനി പറഞ്ഞു. സംഭവത്തില്‍ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
'അമ്മയ്ക്ക് ഇഷ്ടമുള്ളത് ചെയ്യാം. ഞങ്ങള്‍ക്ക് അത് പ്രശ്‌നമല്ല. പക്ഷെ ഞങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണവും ആഭരണങ്ങളും ഞങ്ങള്‍ക്ക് തിരികെ നല്‍കണം,' ശിവാനി പറഞ്ഞു. ശിവാനിയുടെ അച്ഛന്‍ ജിതേന്ദ്ര കുമാര്‍ ബെംഗളൂരുവില്‍ ഒരു ബിസിനസ് നടത്തുകയാണ്. അനിത മണിക്കൂറുകളോളം പ്രതിശ്രുത മരുമകനുമായി സംസാരിക്കുന്നുണ്ടെന്ന കാര്യം താന്‍ അറിഞ്ഞിരുന്നു എന്ന് ജിതേന്ദ്ര കുമാര്‍ പറയുന്നു.
മകളുടെ വിവാഹം ഉടന്‍ നടത്താന്‍ തീരുമാനിച്ചതിനാല്‍ തന്നെ ഒന്നും പറയുന്നില്ലെന്ന് തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 'ആ മനുഷ്യന്‍ (രാഹുല്‍) എന്റെ മകളോട് സംസാരിക്കില്ല, പക്ഷേ എന്റെ ഭാര്യയോട് സംസാരിച്ചുകൊണ്ടിരിക്കും. എന്റെ ബിസിനസ് നടത്തുന്നതിനായി ഞാന്‍ ബെംഗളൂരുവിലാണ് താമസിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസമായി അവര്‍ ഒരു ദിവസം 22 മണിക്കൂര്‍ വരെ പരസ്പരം സംസാരിക്കുമെന്ന് ഞാന്‍ കേട്ടിരുന്നു.
എനിക്ക് സംശയമുണ്ടായിരുന്നു. പക്ഷേ വിവാഹം അടുത്തിരുന്നതിനാല്‍ ഒന്നും പറഞ്ഞില്ല. ഏപ്രില്‍ 6 ന് അനിത അവനോടൊപ്പം പോയി. ഞങ്ങളുടെ എല്ലാ പണവും ആഭരണങ്ങളും എടുത്തു,' ജിതേന്ദ്ര കുമാര്‍ പറഞ്ഞു. അനിതയെ താന്‍ പലതവണ വിളിച്ചപ്പോഴും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. രാഹുലിനെ വിൡച്ചപ്പോള്‍ അനിത തന്റെ കൂടെയില്ല എന്ന് പറഞ്ഞ് ആദ്യം നിഷേധിച്ചു.
പിന്നീട് നിരന്തരം വിളിച്ചപ്പോഴാണ് അനിത അവന്റെ കൂടെയുണ്ട് എന്ന സൂചന ലഭിച്ചത്. '20 വര്‍ഷമായി ഞാന്‍ എന്റെ ഭാര്യയെ ശല്യപ്പെടുത്തുകയായിരുന്നുവെന്നും അവളെ മറക്കണമെന്നും രാഹുല്‍ ഒടുവില്‍ പറഞ്ഞു. അതിനുശേഷം അവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ആയി,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനിതയെ കാണാനില്ല എന്ന് പറഞ്ഞ് ജിതേന്ദ്ര കുമാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അനിതയെയും രാഹുലിനെയും ഉടന്‍ കണ്ടെത്താനാകുമെന്ന് പൊലീസ് തന്നോട് പറഞ്ഞിട്ടുണ്ടെന്നും ജിതേന്ദ്ര കുമാര്‍ പറഞ്ഞു. 'കാണാതായതായി പരാതി ലഭിച്ചിട്ടുണ്ട്. ഞങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആവശ്യമായ നടപടി സ്വീകരിക്കും,' മദ്രാക് പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.












Click it and Unblock the Notifications