ഇന്ത്യ-റഷ്യ ബന്ധം; കാര്യമായെടുക്കാതെ യുഎസ്, ഇന്ത്യ എപ്പോഴും തന്ത്രപരമായ പങ്കാളിയെന്ന് പ്രതികരണം
ന്യൂയോർക്ക്: ഇന്ത്യ യുഎസിന്റെ തന്ത്രപരമായ പങ്കാളിയാണെന്ന നിലപാട് ആവർത്തിച്ച് ബൈഡൻ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ. പ്രധാനമന്ത്രി മോദിയുടെ റഷ്യൻ സന്ദർശനവും പുടിനുമായുള്ള കൂടിക്കാഴ്‌ചയും ഒക്കെ വാർത്തകളിൽ നിറഞ്ഞു നിന്നതിന് പിന്നാലെയാണ് യുഎസ് തങ്ങളുടെ നിലപാട് പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യയുടെ റഷ്യൻ ബന്ധത്തിൽ യുഎസിന് അതൃപ്‌തി ഉണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
എന്നാൽ ഇന്ത്യയ്ക്ക് വേണ്ടി യുഎസ് വിട്ടുവീഴ്‌ചയ്ക്ക് തയ്യാറാണെന്ന സ്വരമാണ് ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തെയും പ്രധാനമന്ത്രി മോദിയുടെ മോസ്കോ സന്ദർശനത്തെയും കുറിച്ചുള്ള ചോദ്യങ്ങളോട് പെന്റഗണിന്റെയും സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെയും വക്താക്കൾ വെവ്വേറെ പ്രതികരണങ്ങൾ നടത്തിയിരുന്നു. അതിൽ ഇന്ത്യയെ തള്ളിപറയാതെ തന്നെയാണ് അവർ നിലപാട് എടുത്തത്.

"ഇന്ത്യയും റഷ്യയും തമ്മിൽ വളരെക്കാലമായി ബന്ധമുണ്ട്. യുഎന്റെ കാഴ്‌ചപ്പാടിൽ ഇന്ത്യ ഒരു തന്ത്രപരമായ പങ്കാളിയാണ്, അവരുടെ റഷ്യയുമായുള്ള ബന്ധത്തിൽ ഉൾപ്പെടെ ഞങ്ങൾ പൂർണ്ണവും വ്യക്തവുമായ സംഭാഷണത്തിൽ ഏർപ്പെടുന്നത് തുടരുന്നു. ഇത് നാറ്റോ ഉച്ചകോടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. തീർച്ചയായും നിങ്ങളെപ്പോലെ, ലോകം മുഴുവൻ അത് ശ്രദ്ധിക്കുന്നുണ്ട്" പെന്റഗൺ പ്രസ് സെക്രട്ടറി മേജർ ജനറൽ പാറ്റ് റൈഡർ പറഞ്ഞു.
മറുവശത്ത്, യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ചുള്ള ആശങ്കകളെക്കുറിച്ച് യുഎസിന് വ്യക്തമായ ധാരണ ഉണ്ടെന്ന് പറയുകയുണ്ടായി. എന്നാൽ ഇരുവരും ഇന്ത്യയെ തള്ളിപറയാനോ പ്രതികൂട്ടിൽ നിർത്താനോ തയ്യാറായില്ല എന്നതാണ് പ്രധാനപ്പെട്ട വസ്‌തുത.
പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി റഷ്യയിൽ വന്നതിന് പിന്നാലെ പാശ്ചാത്യ രാജ്യങ്ങൾ ഉൾപ്പെടെ ഇതിനെ ഉറ്റുനോക്കിയിരുന്നു. പ്രത്യേകിച്ച് യുക്രൈൻ-റഷ്യ സംഘർഷത്തിന്റെ സാഹചര്യത്തിൽ മോദിയുടെ നീക്കം ഏറെ പ്രാധാന്യത്തോടെയാണ് നോക്കി കാണുന്നത്. ഇതിന് പിന്നാലെ യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി മോദിയുടെ നടപടിക്ക് എതിരെ രംഗത്ത് വന്നിരുന്നു.
റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ ഇതുവരെയും അപലപിച്ചിട്ടില്ലെങ്കിലും പലകുറി സമാധാന ചർച്ചകളിലൂടെ വിഷയം പരിഹരിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ച രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ യുദ്ധത്തിന്റെ സമാധാന ശ്രമങ്ങൾക്ക് ഇന്ത്യ നേതൃത്വം നൽകണമെന്ന ആവശ്യവും ശക്തമാണ്. ഇതിനിടയിലായിരുന്നു മോദിയുടെ റഷ്യൻ സന്ദർശനം.
യുഎസിന് ഏഷ്യയിലെ ചൈനയുടെ എതിരാളി എന്ന നിലയിലും അല്ലാതെയും ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളൽ വരാതെ നോക്കേണ്ടത് ആവശ്യമാണ്. തന്ത്രപരമായ പല പദ്ധതികളിലും ഇരു രാജ്യങ്ങളും പങ്കാളികളാണ്. അതുകൊണ്ട് റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം തൽക്കാലം യുഎസ് വലിയൊരു വിഷയമായി ഉയർത്തികൊണ്ട് വരാൻ ഇടയില്ലെന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications