അയോധ്യയെന്ന ബിജെപി കോട്ട; ഇക്കുറി വിയർക്കും? വെല്ലുവിളികൾ ഇങ്ങനെ
ദില്ലി; അയാധ്യയിൽ രാമക്ഷേത്ര നിർമ്മാണം പണിയാൻ സുപ്രീം കോടതി അനുമതി നൽകിയതിന് ശേഷമുള്ള ആദ്യ നിയമസഭ തിരഞ്ഞെടുപ്പാണ് ഇക്കുറി നടക്കാനിരിക്കുന്നത്. എൺപതുകളുടെ അവസാനം രാമജൻമഭൂമി പ്രസ്ഥാനം ആരംഭിച്ചത് മുതൽ ബി ജെ പിയുടെ ശക്തി കേന്ദ്രമാണ് ഇവിടം. എന്നാൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണ ഭൂമിയിൽ ഇത്തവണ പക്ഷേ ബി ജെ പിക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ലെന്നാണ് റിപ്പോർട്ടുകൾ.

സിറ്റിംഗ് എം എൽ എയായ വേദ് പ്രകാശ് ഗുപ്തയെ തന്നെയാണ് ബി ജെ പി ഇവിടെ മത്സരിപ്പിക്കുന്നത്. ബ്രാഹ്മണ മുഖമായ തേജ് നരേൻ പാണ്ഡേയാണ് എസ് പി സ്ഥാനാർത്ഥി. 2012 ൽ ബി ജെ പി സ്ഥാനാർത്ഥിയായ ലല്ലു സിംഗിനെ പരാജയപ്പെടുത്തി തേജ് നരേൻ മണ്ഡലത്തിൽ വിജയിച്ചിട്ടുണ്ട്. എന്നാൽ 2017 ൽ ഗുപ്തയിലൂടെ ബി ജെ പി മണ്ഡലം തിരിച്ച് പിടിച്ചു.

മണ്ഡലത്തിൽ ഭരണ വിരുദ്ധ വികാരം ശക്തമാണെങ്കിലും മോദി-യോഗി ഫാക്ടർ ഇവിടെ ബി ജെ പിയെ തുണയ്ക്കുമെന്നാണ് പാർട്ടി നേതാക്കൾ വിശ്വസിക്കുന്നത്. അതേസമയം ജാതി-മത സമവാക്യങ്ങളിലാണ് എസ് പി പ്രതീക്ഷ. . മണ്ഡലത്തിലെ യാദവ- മുസ്ലീം വോട്ടുകൾ പെട്ടിയിലായാൽ ബി ജെ പിക്ക് വെല്ലുവിളി തീർക്കാൻ എസ് പിക്ക് സാധിക്കും. 37000 ത്തോളം യാദവരാണ് മണ്ഡലത്തിൽ ഉള്ളത്. മണ്ഡലത്തിലെ മുസ്ലീം ജനസംഖ്യ 55,000 ആണ്. ബ്രാഹ്മണ വോട്ടുകൾ കൂടി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാണ്ഡേയെ എസ് പി ഇവിടെ സ്ഥാനാർത്ഥിയാക്കിയത്.

ബ്രാഹ്മണ സമുദായങ്ങൾക്കിടയിൽ ബി ജെ പിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ കടുത്ത അതൃപ്തിയുണ്ട്. ഠാക്കൂർ വിഭാഗക്കാരനായ യോഗി ബ്രാഹ്മണ സമുദായത്തെ അവഗണിക്കുന്നുവെന്നതാണ് സമുദായാംഗങ്ങളുടെ പരാതി. ബി ജെ പിക്കെതിരെ പലപ്പോഴായി സമുാദായാംഗങ്ങൾ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇത്തവണ അയോധ്യയിൽ നിന്നും യോഗി ആദിത്യനാഥിനെ മത്സരിപ്പിക്കുമെന്ന തരത്തിൽ തുടക്കത്തിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള എതിർപ്പ് ഭയന്നാണ് നേതൃത്വം യോഗിയെ ഗൊരഖ്പൂരിൽ മത്സരിപ്പിക്കാൻ തിരുമാനിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ.

അതേസമയം ഇത്തവണയും ബി ജെ പി തന്നെ അയോധ്യ പിടിക്കുമെന്നാണ് ചില പ്രദേശവാസികൾ പ്രതികരിക്കുന്നത്. ബി.ജെ.പി സർക്കാർ അയോധ്യയ്ക്ക് വേണ്ടി ഇതുവരെ ചെയ്ത കാര്യങ്ങൾ മറ്റൊരു സർക്കാരും മണ്ഡലത്തിൽ നടപ്പാക്കിയിട്ടില്ലെന്നാണ് അധ്യാപകനായ ദിനേഷ് കുമാർ പ്രതികരിച്ചത്. എന്നാൽ തങ്ങളുടെ വികസന പ്രവർത്തനങ്ങളിൽ ബി ജെ പിക്ക് അത്രമാത്രം ആത്മവിശ്വാസം ഉണ്ടായിരുന്നുവെങ്കിൽ യോഗി ആദിത്യനാഥ് ഗൊരഖ്പൂരിൽ പോയി മത്സരിക്കില്ലായിരുന്നുവെന്നാണ് പ്രദേശവാസിയായ സിദ്ധാർത്ഥി റാവത്ത് പ്രതികരിച്ചത്. യോഗിക്ക് അയോധ്യയിൽ നിന്നും വിജയിക്കാനാകുമെന്ന ആത്മവിശ്വാസം ഇല്ലെന്നും റാവത്ത് പറയുന്നു.

അതേസമയം അയോധ്യയിലെ സന്യാസി സമൂഹത്തിന്റെ പിന്തുണ ബി ജെ പിക്ക് തന്നെ. അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ആരംഭിച്ചതോടെ വെറും രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രമാണ് ബി എസ് പി നേതാവും ആം ആദ്മി നേതാവ് അരവിന്ദ് കെജരിവാളുമെല്ലാം മണ്ഡലം സന്ദർശിക്കുന്നതെന്ന് ഹനുമാൻ ഗാർഹി ക്ഷേത്രത്തിലെ പുരോഹിതൻ മഹന്ത് രാജു ദാസ് ആരോപിച്ചു. ഉത്തർപ്രദേശിൽ അഞ്ചാം ഘട്ടത്തിലാണ് അയോധ്യ വിധിയെഴുതുക. എന്തായാലും അയോധ്യയുടെ മനസ് അറിയാൻ മാർച്ച് 10 ന് ഫലം വരുന്നത് വരെ കാത്തിരിക്കേണ്ടി വരും
'ചൂമ്മാ തീ...' മീരാ നന്ദന്റെ ഹോട്ട് ലുക്ക്..വൈറലായി പുതിയ ഫോട്ടോസ്












Click it and Unblock the Notifications