ഞാന്‍ മുഖ്യമന്ത്രിയാകുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ ആര്‍ക്കും എതിര്‍പ്പില്ല: വോട്ടെടുപ്പിനിടെ ഹരീഷ് റാവത്ത്
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ താന്‍ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും അതില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്. വോട്ടെടുപ്പിന് തൊട്ടുമുന്‍പ് ഞായറാഴ്ച രാത്രിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. അതേസമയം ഉത്തരാഖണ്ഡില്‍ തിങ്കളാഴ്ച രാവിലെ തന്നെ വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്. എ എന്‍ ഐയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ഹരീഷ് റാവത്തിന്റെ പ്രസ്താവന. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന പേരില്‍ തന്നോട് പാര്‍ട്ടിയില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഞാന്‍ സമരത്തിന്റെ രാഷ്ട്രീയമാണ് ചെയ്യുന്നത്, അധികാരത്തിന്റേയല്ല. തിരഞ്ഞെടുപ്പ് പ്രചാരണം എന്റെ നേതൃത്വത്തിലായിരിക്കുമെന്ന് പാര്‍ട്ടി എന്നോട് പറഞ്ഞിട്ടുണ്ട്, ഹരീഷ് റാവത്ത് കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഞങ്ങള്‍ പോരാടുകയാണ്. പാര്‍ട്ടിയില്‍ ആര്‍ക്കും എന്റെ പേരില്‍ എതിര്‍പ്പില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഒരു പാര്‍ട്ടി അംഗവും എന്റെ പേരിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, '40% ത്തിലധികം ആളുകള്‍' ഇത്തവണ ആ റോള്‍ ഏറ്റെടുക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി തറപ്പിച്ചു പറഞ്ഞു.

ഉത്തരാഖണ്ഡില്‍ ഒരു ദളിത് മുഖ്യമന്ത്രി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചാബില്‍ ഒരു ദളിത് സിഖ് മുഖ്യമന്ത്രിയുണ്ടായിട്ടുണ്ടെങ്കില്‍ ഉത്തരാഖണ്ഡിലും ഉണ്ടാകും. പക്ഷെ അത് എപ്പോഴെന്ന് പറയാനാകില്ലെന്നും ഹരീഷ് റാവത്ത് പറഞ്ഞു. നിങ്ങള്‍ അത്തരം ആഗ്രഹങ്ങള്‍ ഉന്നയിക്കുമ്പോള്‍, സമയപരിധി നല്‍കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയതയുടെ പേരില്‍ 125 കോടി ജനങ്ങളെ ബി ജെ പി ദുര്‍ബലപ്പെടുത്തുകയാണ്. ഞങ്ങളുടെ പ്രകടനപത്രികയില്‍ എന്ത് പ്രഖ്യാപിച്ചാലും ഞങ്ങള്‍ അതില്‍ ഉറച്ചുനില്‍ക്കും. എന്റെ ട്രാക്ക് റെക്കോര്‍ഡ് ഉത്തരാഖണ്ഡിനെ മെച്ചപ്പെടുത്തുക എന്നതാണ്.

ജനങ്ങള്‍ ബി ജെ പിക്കെതിരെ വോട്ട് ചെയ്യും, അവര്‍ക്ക് ഇവിടെ നിന്ന് ഓടേണ്ടി വരും ഹരീഷ് റാവത്ത് പറഞ്ഞു. കോണ്‍ഗ്രസിനെ സംബന്ധിച്ച് അഭിമാന പോരാട്ടത്തിനാണ് ഉത്തരാഖണ്ഡിലിറങ്ങുന്നത്. 2014 മുതലാണ് ഉത്തരാഖണ്ഡില്‍ ട്രെന്‍ഡ് മാറി തുടങ്ങിയത്. ആ വര്‍ഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റും ബി ജെ പി സ്വന്തമാക്കിയിരുന്നു. 2012ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 32 സീറ്റിലാണ് വിജയിച്ചത്. 33.79 ശതമാനം വോട്ടും നേടി. ബി ജെ പി 31 സീറ്റ് നേടി തൊട്ടുപിന്നിലെത്തി. 33.13 ശതമാനം വോട്ടും ബി ജെ പി നേടി. ചെറുകക്ഷികളോടൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് അന്ന് അധികാരം പിടിക്കുകയായിരുന്നു.

എന്നാല്‍ 2017ല്‍ ബി ജെ പി 56 സീറ്റാണ് നേടിയത്. 46.51 ശതമാനം വോട്ടാണ് ബി ജെ പിയ്ക്ക് കിട്ടിയത്. കോണ്‍ഗ്രസിന് 33.49 ശതമാനം വോട്ടും കിട്ടിയെങ്കിലും പതിനൊന്ന് സീറ്റാണ് ആകെ കിട്ടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇത്തവണയും ബി ജെ പിയുടെ തുറുപ്പുച്ചീട്ട്. 2019ല്‍ ബി ജെ പി 61.66 ശതമാനം വോട്ടാണ് പിടിച്ചത്. ലോക്സഭയിലേക്കുള്ള അഞ്ച് സീറ്റും തൂത്തുവാരി. കോണ്‍ഗ്രസ് 31.73 ശതമാനം വോട്ടിലൊതുങ്ങി. 2019ല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വോട്ടിലുള്ള വ്യത്യാസം മുപ്പത് ശതമാനമാണ്. ഇത് മറികടക്കുകയാണ് എന്നതാണ് കോണ്‍ഗ്രസിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

അതേസമയം കഴിഞ്ഞ സര്‍ക്കാരില്‍ മൂന്ന് തവണ മുഖ്യമന്ത്രി മാറി വന്നതും തൊഴിലില്ലായ്മയും ബി ജെ പിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. ബിപിന്‍ റാവത്ത് അടക്കമുള്ള സൈനികരേയും സൈന്യത്തേയും ഉയര്‍ത്തി കാട്ടിയാണ് ബി ജെ പി ഇവിടെ പ്രചരണം നടത്തിയത്. എല്ലാ പ്രചരണങ്ങളുടേയും അവസാനം ഇന്ന് ഉത്തരാഖണ്ഡ് ജനത വിധിയെഴുതുകയാണ്. മാര്‍ച്ച് 10 ന് ഫലമറിയാം.












Click it and Unblock the Notifications