ഉത്തരാഖണ്ഡിൽ കോൺഗ്രസ് വരുമോ? മികച്ച മുഖ്യമന്ത്രി ഹരീഷ് റാവത്തെന്ന് സർവ്വേ ഫലം
ഡറാഡൂൺ; ബി ജെ പിയും കോൺഗ്രസും മാറി മാറി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 57 സീറ്റുകൾ നേടിയായിരുന്നു ബി ജെ പി അധികാരത്തിലേറിയത്. കോൺഗ്രസിന് ലഭിച്ചതാകട്ടെ 11 സീറ്റുകൾ. സംസ്ഥാനത്തെ പതിവ് തെറ്റിയില്ലേങ്കിൽ ഇത്തവണ ഭരണം കോൺഗ്രസിന്റെ കൈകളിലേക്ക് എത്തും. എന്നാൽ ഇത്തവണ ചരിത്രം തിരുത്തി ബി ജെ പി ഭരണ തുടർച്ച നേടുമോയെന്നുമാണ് ഉറ്റുനോക്കപ്പെടുന്നത്.
അതിനിടെ സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുകയാണ് എ ബി പി-സി വോട്ടർ സർവ്വേ ഫലം. അടുത്ത മുഖ്യമന്ത്രിയായി കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിനാണ് സർവ്വേയിൽ പിന്തുണ ലഭിച്ചിരിക്കുന്നത്. വിശദമായി വായിക്കാം

ഒറ്റഘട്ടമായിട്ടാണ് ഉത്തരാഖണ്ഡിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 14 നാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് കൂറ്റൻ ഭൂരിപക്ഷത്തിൽ കഴിഞ്ഞ തവണ അധികാരത്തിലേറിയ ബി ജെ പി ഭരണ തുടർച്ച അവകാശപ്പെടുന്നുണ്ടെങ്കിലും ഭരണ വിരുദ്ധ വികാരങ്ങളും പാർട്ടിക്കുള്ളിലെ പടല പിണക്കങ്ങളും തിരിച്ചടിയാകുമെന്ന ആശങ്ക ശക്തമാണ്.

സംസ്ഥാനത്ത് മുഖ്യമന്ത്രിയെ രണ്ട് തവണ ബി ജെ പി മാറ്റിയതോടെയാണ് പാർട്ടിക്കുള്ളിലെ തർക്കങ്ങൾ പരസ്യമായത്. 2017 ൽ ത്രിവേന്ദ്ര സിംഗ് റാവത്തായിരുന്നു ബി ജെ പിയുടെ ആദ്യ മുഖ്യമന്ത്രി. എന്നാൽ പിന്നീട് ത്രിവേന്ദ്രിനെ മാറ്റി തിരാത്ത് റാവത്തിനെ ബി ജെ പി പരീക്ഷിക്കുകയായിരുന്നു. എന്നാൽ വൈകാതെ തന്നെ തീരത്തിനെതിരെ കലാപക്കൊടി ഉയർന്നു. പിന്നാലെ പുഷ്കർ ധാമിയെ ബി ജെ പി മുഖ്യമന്ത്രിയാക്കി.

യുവ നേതാവ് കൂടിയായ ധാമിയിലൂടെ ഇത്തവണ അട്ടിമറിയാണ് ബി ജെ പി പ്രതീക്ഷ. എന്നാൽ ബി ജെ പിയുടെ കണക്ക് കൂട്ടലുകൾ അസ്ഥാനത്താകുമെന്ന സൂചനയാണ് എബിപി-സി വോട്ടർ സർവ്വേ ഫലം പറയുന്നത്. സർവ്വേയിൽ അടുത്ത മുഖ്യമന്ത്രിയായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്.

സർവ്വേയിൽ പങ്കെടുത്ത 37 ശതമാനം പേരാണ് റാവത്തിനെ പിന്തുണച്ചത്. സപ്റ്റംബറിൽ 30.6 ശതമാനം പേരായിരുന്നു റാവത്തിനെ പിന്തുണച്ചത്. ഒക്ടോബറിൽ ഇത് 36.6 ആയി. നവംബറിൽ 31.5 ഉം ഡിസംബറിൽ 33.5 ശതമാനവുമായിരുന്നു പിന്തുണ.

അതേസമയം രണ്ടാം സ്ഥാനത്ത് ബി ജെ പി മുഖ്യമന്ത്രിയായ പുഷ്കർ സിംഗ് ധാമിയാണ്. 28.6 ശതമാനം പേരാണ് ധാമിയെ പിന്തുണച്ചത്. എന്നാൽ കഴിഞ്ഞ സപ്റ്റംബറിനെ അപേക്ഷിച്ച് ധാമിക്കുള്ള പിന്തുണ ഉയരുകയാണ്. സപ്റ്റംബറിൽ 22.5 ശതമാനം പേരായിരുന്നു സർവ്വേയിൽ ധാമിയെ പിന്തുണച്ചത്. ആം ആദ്മി നേതാവും മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ കേണൽ അജയ് കോത്താരിക്ക് 9 ശതമാനം പേരുടെ പിന്തുണയാണ് സർവ്വേയിൽ ലഭിച്ചത്.

അതിനിടെ സംസ്ഥാനത്ത് കോൺഗ്രസും ബി ജെ പിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് സർവ്വേയിൽ പ്രവചിക്കുന്നത്. ബി ജെ പിക്ക് 31 മുതൽ 37 സീറ്റുകൾ വരെയാണ് സർവ്വേ പ്രവചനം. കോൺഗ്രസിന് 30 മുതൽ 36 സീറ്റുകൾ വരെ പ്രവചിക്കുന്നുണ്ട്. ഇത്തവണ അട്ടിമറി പ്രതീക്ഷിച്ചിറങ്ങുന്ന ആം ആദ്മി പാർട്ടിക്ക് മൂന്ന് സീറ്റുകൾ വരെയാണ് സർവ്വേ പ്രവചിക്കുന്നത്.












Click it and Unblock the Notifications