കോളജ് കെട്ടിടം നിലംപൊത്തി; വീഡിയോ വൈറല്‍; ഉത്തരാഖണ്ഡില്‍ കനത്ത മഴ... പ്രളയ സാധ്യത
ഡെറാഡൂണ്‍: ശക്തമായ മഴ പെയ്യുന്ന ഉത്തരാഖണ്ഡില്‍ വ്യാപക നാശനഷ്ടം. കോളജ് കെട്ടിടം തകരുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും നിരവധി കെട്ടിടകങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ ആറ് ജില്ലകളില്‍ കനത്ത മഴ മുന്നറിയിപ്പുള്ളതിനാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
ഡെറാഡൂണിലെ മാല്‍ദേവദയിലുള്ള ഡൂണ്‍ ഡിഫന്‍സ് കോളജ് കെട്ടിടമാണ് തകര്‍ന്നതും മഴവെള്ളത്തില്‍ ഒലിച്ചുപോയതും. ബന്താല്‍ നദിയുടെ തീരത്താണ് ഈ കോളജ്. കഴിഞ്ഞ 24 മണിക്കൂറായി പെയ്യുന്ന കനത്ത മഴയില്‍ നദി കരകവിഞ്ഞൊഴുകയാണ്. ശക്തമായ ഒഴുക്കില്‍ മണ്ണ് നീങ്ങിയതാണ് കോളജ് കെട്ടിടം തകരാന്‍ ഇടയാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡെറാഡൂണിലും നൈനിറ്റാളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. മണ്‍സൂണില്‍ മഴ കനക്കുന്ന വേളയില്‍ കനത്ത നാശനഷ്ടമുണ്ടാകുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഉത്തരാഖണ്ഡ്. മലയോര സംസ്ഥാനമായതാണ് ഇതിന് കാരണം. ഈ മഴക്കാലത്ത് ഇതുവരെ 60 പേരാണ് സംസ്ഥാനത്ത് മരിച്ചത്. 17 പേരെ കാണാതായിട്ടുണ്ട്.
മണ്ണിടിച്ചില്‍ കാരണം പലയിടത്തും റോഡുകള്‍ ഒലിച്ചുപോയി. ഗതാഗതം തടസപ്പെട്ടതിനാല്‍ വാഹനങ്ങള്‍ വരിയായി നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. ദേശീയ പാതയിലും ഗതാഗത കുരുക്ക് രൂപപ്പെട്ടു. തെഹ്രിയിലെ കുഞ്ചാപുരി ബാഗര്‍ധറിലുണ്ടായ മണ്ണിടിച്ചില്‍ കാരണം ഋഷികേഷ്-ചംബ ദേശീയ പാത തകര്‍ന്നു. സക്‌നിധറില്‍ വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 1169 വീടുകള്‍ തകര്‍ന്നിട്ടുണ്ട്. കാര്‍ഷിക മേഖലയിലും വലിയ നഷ്ടമാണുണ്ടായിട്ടുള്ളത്. ഡെറാഡൂണിലും ചംബാവത്തിലും സ്‌കൂളുകള്‍ അടച്ചിടാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. പലയിടത്തും ജലനിരപ്പ് ഉയരുകയാണ്. പ്രളയം നേരിടാനുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കാന്‍ കളക്ടര്‍മാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
അതേസമയം, ഹിമാചല്‍ പ്രദേശിലും കനത്ത മഴയാണ്. ഷിംലയില്‍ ശിവക്ഷേത്രം തകര്‍ന്നു. 30ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 11 പേര്‍ മരിച്ചുവെന്നും വാര്‍ത്തകളുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണം എന്ന് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ ഉടന്‍ അവലോകന യോഗം ചേരും.
(കോളജ് കെട്ടിടം തകരുന്ന വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)












Click it and Unblock the Notifications