15 വയസ്സിന് മുകളിലുളള കുട്ടികള്‍ക്ക് ജനുവരി 3 മുതല്‍ വാക്‌സിന്‍, പ്രഖ്യാപനവുമായി പ്രധാനമന്ത്രി
ദില്ലി: രാജ്യത്ത് 15 വയസ്സിന് മുകളിലുളള കുട്ടികള്‍ക്ക് ജനുവരി 3 മുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 15 മുതൽ 18 വരെയുളളവർക്കാണ് വാക്സിൻ നൽകുക. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി മുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കും. ജനുവരി 10 മുതല്‍ ആണ് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ ആരംഭിക്കുക. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ച് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കും.
ഒമിക്രോൺ മൂലമുളള കൊവിഡ് വ്യാപനം നേരിടാൻ രാജ്യം സജ്ജമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ലോകത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുകയാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് ഒമിക്രോണിന് എതിരെ ജാഗ്രത പാലിക്കേണ്ട സമയമാണ്. ഒമിക്രോണ്‍ കേസുകള്‍ കൂടുന്നതില്‍ ആരും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡിനെ നേരിട്ടതിന്റെ അനുഭവ പരിചയം രാജ്യത്തിനുണ്ട്. രാജ്യത്ത് 90 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. രാജ്യത്ത് വാക്‌സിന്‍ കരുതല്‍ ശേഖരമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ശാസ്ത്ര ഉപദേശകരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് പുതുവര്‍ഷത്തില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനുളള തീരുമാനത്തിലേക്ക് എത്തിയതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 12 വയസ്സിന് മുകളിലുളള കുട്ടികള്‍ക്ക് കൊവാക്‌സിന്‍ നല്‍കാമെന്ന് വിദഗ്ധ സമിതി ഇന്ന് വ്യക്തമാക്കിയിരുന്നു. കൊറോണ വൈറസ് ഇതുവരെ പോയിട്ടില്ല. ലോകം ഇപ്പോള്‍ സംസാരിക്കുന്നത് ഒമൈക്രോണിനെ കുറിച്ചാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡിനെ തോല്‍പ്പിക്കാനുളള പ്രധാന ആയുധം പ്രതിരോധ മാര്‍ഗങ്ങള്‍ പിന്തുടരുക എന്നത് തന്നെ ആണെന്നാണ് ആഗോള തലത്തിലുളള അനുഭവം പഠിപ്പിക്കുന്നത് എന്നും മോദി കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ക്ക് ഏത് വാക്‌സിന്‍ ആണ് നല്‍കുക എന്നത് വ്യക്തമല്ല. മൂക്കിലൂടെ നല്‍കുന്ന വാക്‌സിനും ലോകത്തിലെ ആദ്യത്തെ ഡിഎന്‍എ വാക്‌സിനും കൊവിഡിനെ പ്രതിരോധിക്കാന്‍ ഉടനെ രാജ്യത്ത് നല്‍കി തുടങ്ങുമെന്നും പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്ത് 18 ലക്ഷം ഐസൊലേഷന്‍ കിടക്കകളും 5 ലക്ഷം ഓക്‌സിജന്‍ കിടക്കകളും 1.40 ലക്ഷം ഐസിയു കിടക്കകളും 90,000 പീഡിയാട്രിക് ഐസിയു-നോണ്‍ ഐസിയു കിടക്കകളും ഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 3000 പിഎസ്എ ഓക്‌സിജന്‍ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും രാജ്യമാകെ 4 ലക്ഷം ഓക്‌സിജന്‍ സിലിണ്ടറുകള്‍ വിതരണം നടത്തിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.