വെങ്കിടേഷിന് അഭിമാനിക്കാം; ദുരന്തം നടന്ന ഉടന്‍ ഫോണ്‍ കോള്‍, എന്‍ഡിആര്‍എഫിനെ വിവരമറിയിച്ചു
ന്യൂഡല്‍ഹി: ഒഡീഷയില്‍ ട്രെയിന്‍ അപകടം നടന്ന കോറമണ്ഡല്‍ എക്സ്പ്രസില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ ഉദ്യോഗസ്ഥനും. എന്‍കെ വെങ്കിടേഷ് എന്ന ഈ ഉദ്യോഗസ്ഥനാണ് വേഗത്തില്‍ വിവരങ്ങള്‍ റെയില്‍വേയ്ക്ക് കൈമാറിയത്. പശ്ചിമ ബംഗാളില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു വെങ്കിടേഷ്.ഇതിനിടയിലാണ് ശക്തമായ കൂട്ടിയിടി ഉണ്ടായത്.
തന്റെ കോച്ചിലെ നിരവധി യാത്രക്കാര്‍ നിലത്തേക്ക് വീഴുന്ന കാഴ്ച്ചയാണ് വെങ്കിടേഷ് കണ്ടത്. ആ സമയം മൂന്നാമത്തെ എസി കോച്ചിലെ 58ാം നമ്പര്‍ സീറ്റിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്. അപകടം നടന്നപ്പോള്‍ ഒരു സെക്കന്‍ഡ് പോലും പാഴാക്കാതെ വെങ്കിടേഷ് തന്റെ ബറ്റാലിയനിലെ സീനിയര്‍ ഇന്‍സ്‌പെക്ടറെ വിവരമറിയിക്കുകയായിരുന്നു.

അപകടം നടന്നതിന്റെ ലൈവ് ലൊക്കേഷനും ഇയാള്‍ എന്‍ഡിആര്‍എഫ് സംഘത്തിന് വാട്‌സ്ആപ്പിലൂടെ നല്‍കി. എന്‍ഡിആര്‍എഫിന്റെ കണ്‍ട്രോള്‍ റൂമിലുണ്ടായിരുന്ന രക്ഷാപ്രവര്‍ത്തകര്‍ അതിവേഗം അപകടസ്ഥലത്തെത്തുകയായിരുന്നു. വെങ്കിടേഷാണ് ഈ അപകടത്തെ കുറിച്ച് അടിയന്തര സര്‍വീസുകളെ അറിയിച്ച ആദ്യ വ്യക്തിയെന്ന് പറയാം.
എന്നാല്‍ അപകടത്തെ കുറിച്ച് വിളിച്ച പറഞ്ഞത് കൊണ്ട് തന്റെ കടമ തീര്‍ന്നിട്ടില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനൊപ്പം അദ്ദേഹം ചേരുകയും ചെയ്തു. എന്‍ഡിആര്‍എഫിന്റെ രണ്ടാം ബറ്റാലിയനൊപ്പം കൊല്‍ക്കത്തയിലാണ് അദ്ദേഹത്തിന്റെ ടീം പ്രവര്‍ത്തിക്കുന്നത്.കോച്ചുകളില്‍ നിന്ന് ആദ്യ യാത്രക്കാരനെ പുറത്തെത്തിച്ചതും വെങ്കിടേഷാണ്. രക്ഷപ്പെടുത്തിയയാളെ റെയില്‍വേ ട്രാക്കിന് സമീപമുള്ള കടയില്‍ ഇരുത്തി സാന്ത്വനിപ്പിച്ച ശേഷം മറ്റുള്ളവരെ കൂടി രക്ഷിക്കാന്‍ അദ്ദേഹം ഓടിയെത്തുകയായിരുന്നു.
'അവിടെ തീര്‍ത്തും ഇരുട്ട് മൂടിയിരിക്കുകയായിരുന്നു. മൊബൈല്‍ ഫോണിന്റെ വെളിച്ചം ഉപയോഗിച്ചാണ്, പരിക്കേറ്റവരെയും, കുടുങ്ങി പോയവരെയും കണ്ടെത്തി. അവരെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റി. എല്ലായിടത്തും ഇരുട്ടായത് കൊണ്ട്, നാട്ടുകാരും മൊബൈല്‍ ഫോണ്‍ വെളിച്ചവും, ടോര്‍ച്ചുകളുമൊക്കെ ഉപയോഗിച്ചാണ് യാത്രക്കാരെ രക്ഷപ്പെടുത്തി. ഇത് രക്ഷാപ്രവര്‍ത്തന സംഘം എത്തുന്നത് വരെ തുടര്‍ന്നുവെന്നും' വെങ്കിടേഷ് പറഞ്ഞു.
' വല്ലാത്ത കാഴ്ച്ചയായിരുന്നു അപകടം നടന്ന ശേഷം കണ്ടത്. തന്റെ കോച്ചിലെ യാത്രക്കാര്‍ താഴേക്ക് വീഴുന്നത് കണ്ടിരുന്നു. ആദ്യ യാത്രക്കാരനെ ഞാന്‍ രക്ഷപ്പെടുത്തി പുറത്തേക്ക് എത്തിച്ചു. ഇയാളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയ ശേഷമാണ് മറ്റുള്ളവരെ സഹായിക്കാനായി പോയത്. പ്രദേശവാസികളും, അവിടെ തന്നെയുള്ള ഒരു മെഡിക്കല്‍ ഷോപ്പ് ഉടമയുമാണ് യഥാര്‍ത്ഥ നായകന്മാര്‍. അവര്‍ക്ക് സാധ്യമായ എല്ലാ വഴിയിലൂടെയും പരിക്കേറ്റവരെ അടക്കം രക്ഷപ്പെടുന്നത് താന്‍ കണ്ടതാണെന്നും' വെങ്കിടേഷ് പറഞ്ഞു.
തമിഴ്‌നാട്ടുകാരനായ വെങ്കിടേഷ് വീട്ടിലേക്കുള്ള യാത്രയിലായിരുന്നു. സുവര്‍ണ മണിക്കൂര്‍ എന്ന ഘട്ടത്തിലായിരുന്നു വെങ്കിടേഷിന്റെ സഹായങ്ങള്‍. എന്‍ഡിആര്‍എഫ് സംഘങ്ങള്‍ ഏകദേശം ഒരു മണിക്കൂറോളം എടുത്താണ് സംഭവ സ്ഥലത്തെത്തിയത്. വെങ്കിടേഷ് വിവരം അറിയിക്കാന്‍ വൈകിയിരുന്നെങ്കില്‍ ഇവര്‍ എത്താന്‍ വൈകുമായിരുന്നു.












Click it and Unblock the Notifications