ആര്‍എസ്എസുകാര്‍ ദളിതുകളെ അടിച്ചവശരാക്കി!! പരസ്യവിചാരണ; വീഡിയോ... യാഥാര്‍ഥ്യം ഇതാണ്
ദില്ലി: ആര്‍എസ്എസുകാര്‍ ദളിതുകളെ ക്രൂരമായി മര്‍ദ്ദിക്കുന്നു. തമിഴ്‌നാട്ടിലാണ് സംഭവം. ക്രൂരകൃത്യം ചെയ്യുന്നത് ആര്‍എസ്എസ് ക്രിമിനലുകളാണ്. കാരണം എന്താണെന്നോ? ദളിതുകള്‍ അംബേദ്കര്‍ക്ക് ജയ് വിളിച്ചു.... അത്ര തന്നെ. ഇതൊരു കുറ്റമാണോ?... ദളിത് യുവാക്കളെ മര്‍ദ്ദിക്കുന്ന ആര്‍എസ്എസുകാര്‍ എന്ന അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ് വീഡിയോ. 20 സെക്കന്റുള്ള വീഡിയോയുടെ നിജസ്ഥിതി അന്വേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായത്. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസുകാരല്ല, നടന്നത് തമിഴ്‌നാട്ടിലുമല്ല... യാഥാര്‍ഥ്യം ഇങ്ങനെ....

വ്യാപകമായ പ്രചരണം
സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട് ഈ വീഡിയോ. ഭീം സേന എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. തമിഴ്‌നാട്ടില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ദളിതുകളെ മര്‍ദ്ദിക്കുന്നുവെന്നാണ് അടിക്കുറിപ്പ്. ഒട്ടേറെ പേര്‍ മര്‍ദ്ദനം കണ്ടുനില്‍ക്കുന്നു. ആരും യുവാക്കളുടെ സഹായത്തിന് എത്തുന്നുമില്ല.

പോലീസുകാര്‍ നോക്കി നില്‍ക്കുന്നു
20 സെക്കന്റ് വീഡിയോ ആണ് ഫേസ്ബുക്കിലിട്ട പോസ്റ്റിലുള്ളത്. രണ്ടു യുവാക്കളെ മര്‍ദ്ദിക്കുന്നതാണ് രംഗം. അവരുടെ കൈകള്‍ കെട്ടിയിട്ടുമുണ്ട്. ലാത്തി കൊണ്ടാണ് മര്‍ദ്ദനം. കുറച്ച് പോലീസുകാര്‍ നോക്കി നില്‍ക്കുന്നത് കാണാം. കൂടാതെ കുറേ ആളുകളും.

ഒരു ലക്ഷത്തിലധികം ആളുകള്‍
വീഡിയോ വന്‍തോതില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഒരു ലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. കൂടാതെ 50000ത്തോളം പേര്‍ ഷെയര്‍ ചെയ്തു. ജയ് ഭീം സേന എന്ന പേജിലും സമാനമായ വീഡിയോ കാണുന്നുണ്ട്. നിരവധി ഫോളവേഴ്‌സുള്ള ദിലാവര്‍ ശൈഖ് എന്നയാളും ഷെയര്‍ ചെയ്തിട്ടുണ്ട്.

എന്താണ് യാഥാര്‍ഥ്യം
യാഥാര്‍ഥ്യം മറ്റൊന്നാണ്. ഗുജറാത്തിലാണ് ഈ സംഭവം നടന്നിട്ടുള്ളത്. അതില്‍ ആര്‍എസ്എസിന് പങ്കുമില്ല. ഭാവ്‌നഗര്‍ ജില്ലയിലെ തലജ ടൗണില്‍ കഴിഞ്ഞമാസം നടന്ന സംഭവത്തിന്റെ വീഡിയോ ആണ് ദുരുപോയഗം ചെയ്യുന്നത്. പോലീസ് പിടികൂടിയ ക്രിമിനലുകള്‍ക്കാണ് മര്‍ദ്ദനമേല്‍ക്കുന്നത്.

മര്‍ദ്ദിക്കുന്നത് പോലീസ്
ദളിതുകളെ മര്‍ദ്ദിക്കുന്നുവെന്നാണ് വീഡിയോക്കുള്ള അടിക്കുറിപ്പ്. എന്നാല്‍ പോലീസ് പിടികൂടിയ പ്രതികളെ കൈ കെട്ടി പരസ്യമായി റോഡിലൂടെ നടത്തുമ്പോള്‍ എടുത്തതാണ് വീഡിയോ. പോലീസ് ഇവരെ പരസ്യമായി മര്‍ദ്ദിക്കുന്നുണ്ട്. ലാത്തി കൊണ്ട് പിന്‍ഭാഗത്ത് അടിക്കുന്നതും വീഡിയോയില്‍ കാണാം.

ചില ഭാഗങ്ങള്‍ മുറിച്ചെടുത്ത്
യഥാര്‍ഥ വീഡിയോ രണ്ടുമിനുറ്റിലധികമുണ്ട്. എന്നാല്‍ അതില്‍ നിന്ന് ചില ഭാഗങ്ങള്‍ മുറിച്ചെടുത്താണ് പ്രചാരണം. ഗുജറാത്തിലെ ഭാവ്‌നഗറില്‍ പിടികൂടിയ കേസിലെ പ്രതികളെ കുറിച്ചുള്ള വാര്‍ത്തകള്‍ ഓഗസ്റ്റ് 29ന് ടൈംസ്ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുമാണ്.

എഴുത്ത് ശ്രദ്ധിച്ചാല്‍ മതി
തമിഴ്‌നാട്ടിലാണ് സംഭവം എന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. എന്നാല്‍ വീഡിയോയില്‍ കാണുന്ന പശ്ചാത്തലം തമിഴ്‌നാട്ടിലല്ല എന്നുറപ്പാണ്. മാത്രമല്ല, തമിഴില്‍ എഴുതിയ ഒരു വാക്കുകളും കാണുന്നുമില്ല. കടകളുടെയും മറ്റും ബോര്‍ഡുകള്‍ ഗുജറാത്തിയില്‍ എഴുതിയതും കാണാം. ഗുഗ്‌ളില്‍ സേര്‍ച്ച് ചെയ്താല്‍ യഥാര്‍ഥ വീഡിയോ ലഭിക്കുകയും ചെയ്യും.












Click it and Unblock the Notifications