രാഷ്ട്രീയം വെട്ടാനാവില്ലെന്ന് വിജയ്‌യുടെ നിലപാട്; ജനനായകൻ വൈകുന്നത് അതിനാൽ, ലക്ഷ്യം ടിവികെ ആശയപ്രചാരണമോ?
ചെന്നൈ: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തലപതി വിജയ് ചിത്രം 'ജനനായകൻ' റിലീസിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഈ മാസം നിശ്ചയിച്ചിരുന്ന റിലീസ് തീയതി മാറ്റിയിരിക്കുകയാണ്. സിനിമയിലെ രാഷ്ട്രീയ സൂചനകളുള്ള വിവാദ സംഭാഷണങ്ങളും ചില വയലൻസ് രംഗങ്ങളും വർധിച്ചുവരുന്ന നിയമപരവും സെൻസർ സംബന്ധവുമായ പ്രശ്‌നങ്ങൾക്ക് കാരണമായെന്നാണ് റിപ്പോർട്ടുകൾ.
2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് രാഷ്ട്രീയ പ്രവേശനം സാഹചര്യത്തിൽ ഇതിന് പ്രാധാന്യം ഏറെയാണ്. സിനിമയിലെ വിവാദ രാഷ്ട്രീയ സംഭാഷണങ്ങളിൽ ഒരു മാറ്റവും വരുത്താൻ വിജയ് വിസമ്മതിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ജനുവരി 27-ന് മദ്രാസ് ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിക്കാനിരിക്കെ, സിനിമയുടെ റിലീസ് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

നിർമ്മാതാവും സംവിധായകനും ചില മാറ്റങ്ങൾ വരുത്താൻ സമ്മതിച്ചേക്കാമെങ്കിലും, രാഷ്ട്രീയ സംഭാഷണങ്ങൾ സിനിമയുടെ ആത്മാവാണെന്ന് വിശ്വസിക്കുന്ന വിജയ് അവ ഒഴിവാക്കുന്നതിനോ അല്ലെങ്കിൽ അതിന്റെ കാഠിന്യം കുറയ്‌ക്കുന്നതിനോ എതിരായി ഉറച്ചുനിൽക്കുകയാണ്. അതുകൊണ്ട് തന്നെ പല കോണുകളിൽ നിന്നും ചില ചോദ്യങ്ങളും ഉയരുനുണ്ട്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ് മത്സരിക്കാൻ സാധ്യതയുള്ളതിനാൽ, ചിത്രത്തിന്റെ റിലീസ് സമയം നിർണായകമാണ്. 'ജനനായകൻ' അദ്ദേഹത്തിന്റെ രാഷ്ട്രീയ ആശയങ്ങളുടെ മുഖപത്രമായാണ് കരുതപ്പെടുന്നത്. സിനിമയിലെ രാഷ്‌ട്രീയ ഉള്ളടക്കം ലഘൂകരിക്കുന്നത് അതിന്റെ പ്രധാന സന്ദേശത്തെ ദുർബലപ്പെടുത്തുമെന്ന് രാഷ്ട്രീയപ്രവർത്തകൻ എന്ന നിലയിൽ വിജയ് വിശ്വസിക്കുന്നു.
മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് മാറുന്നതിന് മുൻപുള്ള അവസാന ചിത്രമെന്ന നിലയിൽ, തന്റെ ആശയം ആളുകളിലേക്ക് എത്തിക്കാൻ വിജയ് അതീവ നിശ്ചയദാർഢ്യത്തിലാണ്. അതിന്റെ പ്രതിഫലനമാണ് ഇപ്പോഴത്തെ സാഹചര്യം എന്നാണ് വിലയിരുത്തൽ. അതായത് ജനനായകനിലൂടെ ആയിരിക്കും വിജയ് തന്റെ രാഷ്ട്രീയം പറയുക എന്നത് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.
സിനിമയും രാഷ്ട്രീയവും രണ്ടായി കാണാത്ത തമിഴ് മക്കളെ കൈയിലെടുക്കാനും, തനിക്ക് പറയാനുള്ള പറയാനുമുള്ള അവസാന വേദിയായാണ് വിജയ് ഇതിനെ കാണുന്നത്. അതുകൊണ്ട് കൂടിയാണ് താരം ഇക്കാര്യത്തിൽ പിടിവാശിക്ക് മുതിരുന്നത്. ആയിരം വേദികളിൽ ഒരുമിച്ച് കയറി പ്രസംഗിക്കുന്നതിലും കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരാൻ ഒരൊറ്റ സിനിമ മതിയെന്ന് വിജയ്ക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും കൃത്യമായി അറിയാം.
നിലവിലെ സാഹചര്യത്തിൽ ജനനായകൻ റിലീസ് വൈകുന്നതിൽ വിജയ്ക്ക് മനോവിഷമം ഉണ്ടാവേണ്ട യാതൊരു സാഹചര്യവുമില്ലെന്നതാണ് മറ്റൊരു വസ്‌തുത. കാരണം തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് ചിത്രം റിലീസ് ചെയ്യുന്നതെങ്കിൽ അത് കൂടുതൽ ഗുണകരമാവുക വിജയ്ക്ക് തന്നെയാവും. ചിത്രത്തിന്റെ വിജയമോ സാമ്പത്തിക ലാഭമോ അല്ല മറിച്ച് എത്രയധികം പേരിൽ എത്തിക്കാൻ കഴിയുമെന്നത് തന്നെയാവും വിജയ്‌യുടെ പരിഗണന.
ജനനായകനിൽ എന്ന് തീരുമാനം ഉണ്ടാകും?
ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വിഷയത്തിൽ ജനുവരി 27ന് മദ്രാസ് ഹൈക്കോടതി വിധി പറയാൻ പോവുകയാണ്, അതിനാൽ കോടതിയുടെയും സിബിഎഫ്‌സിയുടെയും തീരുമാനമനുസരിച്ച് ആയിരിക്കും ഇതിന്റെ ഭാവി. വിജയ് യാതൊരു വിധ വിട്ടുവീഴ്‌ചയ്ക്കും തയ്യാറാവാത്ത സാഹചര്യത്തിൽ എന്താവും കോടതിവിധി എന്ന് കണ്ടറിയേണ്ടി വരും.












Click it and Unblock the Notifications