നടന്‍ വിജയ് ഒടുവില്‍ വഴങ്ങി; സംസ്ഥാന സമ്മേളന തിയ്യതി മാറ്റി, വിജയകാന്തിന്റെ പാര്‍ട്ടി വീഴുമോ
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കളം നിറയാന്‍ ശ്രമിക്കുന്ന നടന്‍ വിജയ്, ടിവികെയുടെ സംസ്ഥാന സമ്മേളന തിയ്യതി മാറ്റി. മധുരയില്‍ ആഗസ്റ്റ് 25ന് കൂറ്റന്‍ സമ്മേളനം നടത്താനായിരുന്നു തീരുമാനിച്ചത്. പോലീസ് തടസം പറഞ്ഞതോടെയാണ് തിയ്യതി മാറ്റിയത്. ആഗസ്റ്റ് 21നാണ് സമ്മേളനം ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
എന്‍ഡിഎയില്‍ നിന്ന് രാജിവച്ച മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം വിജയുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകവുമായി (ടിവികെ) ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് സൂചന. കൂടാതെ, അടുത്തിടെ എഐഎഡിഎംകെ സഖ്യം വിട്ട നടന്‍ വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെയും വിജയ്ക്ക് കൈ കൊടുത്തേക്കും. ഇരു കക്ഷികളുമായും രഹസ്യ ചര്‍ച്ച നടക്കുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

സമ്മേളനം ആഗസ്റ്റ് 25ന് നടത്താന്‍ പറ്റില്ല എന്ന് മധുര പോലീസ് അറിയിച്ചിരുന്നു. വിനായകര്‍ ചതുര്‍ഥി ആഘോഷം ചൂണ്ടിക്കാട്ടിയാണ് പോലീസ് സമ്മേളനത്തിന് അനുമതി നല്‍കാതിരുന്നത്. ചതുര്‍ഥി ആഘോഷം ആഗസ്റ്റ് 27നാണ്. ഇതിന് പോലീസ് വലിയ സുരക്ഷയാണ് ഒരുക്കുന്നത്. അതുകൊണ്ടുതന്നെ സമ്മേളനത്തിന്റെ സുരക്ഷ കൂടി നോക്കുന്നതിന് പ്രയാസമുണ്ട് എന്നാണ് പോലീസ് നിലപാട്.
ആഗസ്റ്റ് 18 മുതല്‍ 22 വരെയുള്ള ഏതെങ്കിലും തിയ്യതികളില്‍ സമ്മേളനം നടത്താമെന്ന് പോലീസ് ടിവികെ നേതാക്കളെ അറിയിച്ചിരുന്നു. ചര്‍ച്ച ചെയ്ത് അറിയിക്കാമെന്ന് നേതാക്കള്‍ മറുപടി നല്‍കി. തുടര്‍ന്ന് വിജയുമായി കൂടിയാലോചിച്ച ശേഷമാണ് സമ്മേളനം 21ലേക്ക് മാറ്റിയത്. പാരപട്ടി ഗ്രാമത്തില്‍ തന്നെയാകും സമ്മേളന വേദി എന്ന് നേതാക്കള്‍ വ്യക്തമാക്കി.
വിജയകാന്തിന്റെ പാര്‍ട്ടി വരുമോ
ആഗസ്റ്റ് 25നാണ് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന്റെ ജന്മദിനം. ഇക്കാര്യം കൂടി പരിഗണിച്ചാണ് വിജയ് മധുരയിലെ സമ്മേളനത്തിന് തിയ്യതി തീരുമാനിച്ചിരുന്നത്. ഡിഎംഡികെ വിജയുടെ പാര്‍ട്ടിയുമായി അടുക്കാന്‍ സാധ്യതയുണ്ട് എന്നാണ് വാര്‍ത്തകള്‍. 2024ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ സഖ്യത്തിലായിരുന്നു ഡിഎംഡികെ. ദയനീയ തോല്‍വിയായിരുന്നു ഈ മുന്നണി നേരിട്ടത്.
നിലവില്‍ ഒരു പാര്‍ട്ടിയുമായും സഖ്യമില്ലെന്ന് അടുത്തിടെ ഡിഎംഡികെ നേതൃത്വം അറിയിച്ചിരുന്നു. അടുത്ത വര്‍ഷം ജനുവരിക്ക് ശേഷം പുതിയ സഖ്യം സംബന്ധിച്ച് പറയാം എന്നാണ് നിലപാട്. വിജയുടെ ടിവികെ എത്രത്തോളം ശക്തി സംഭരിക്കുന്നു എന്ന് പരിശോധിച്ചാകും ഡിഎംഡികെയുടെ അടുത്ത തീരുമാനം. ഈ വേളയിലാണ് കരുത്ത് കാട്ടുക എന്ന ലക്ഷ്യത്തോടെ വിജയ് മധുരയില്‍ കൂറ്റന്‍ സമ്മേളനം നടത്തുമെന്ന് പ്രഖ്യാപിച്ചത്.
മധുരയിലെ ഏതെങ്കിലും നിയമസഭാ മണ്ഡലത്തിലാകും വിജയ് അടുത്ത വര്‍ഷം മല്‍സരിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്. എംജിആര്‍ നീങ്ങിയ പോലെ വിജയും നീങ്ങുമെന്നും പ്രചാരണമുണ്ട്. 1977ല്‍ മല്‍സരിച്ച ആദ്യ തിരഞ്ഞെടുപ്പില്‍ ജയിച്ച് മുഖ്യമന്ത്രിയായ നേതാവാണ് എംജിആര്‍. വിജയിയെ തമിഴ് ജനത അതുപോലെ തിരഞ്ഞെടുക്കുമെന്നും ടിവികെ കരുതുന്നു. ചെന്നൈയില്‍ ടിവികെ വാര്‍ റൂം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യതയും ടിവികെ ആലോചിക്കുന്നു എന്നാണ് വാര്‍ത്തകള്‍.












Click it and Unblock the Notifications