Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് വാരാന്ത്യ രാഷ്ട്രീയത്തിന്; പരിഹസിച്ച് നേതാക്കള്‍, ബിജെപിയെ വിട്ടുപിടിക്കാന്‍ അണ്ണാഡിഎംകെ

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കളംനിറയുന്നു. പാര്‍ട്ടി അധ്യക്ഷന്‍ നടന്‍ വിജയ് സംസ്ഥാന യാത്രയ്ക്ക് ഒരുങ്ങി. മൂന്നു മാസം നീളുന്ന യാത്രയുടെ തുടക്കം സെപ്തംബര്‍ 13ന് തൃച്ചിയില്‍ നിന്നാണ്. ഓരോ ആഴ്ചയിലും ഒരു ദിവസം പൊതുപരിപാടികള്‍ നടത്തിയാണ് പര്യടനം മുന്നോട്ട് പോകുക. എല്ലാ ശനിയാഴ്ചയുമാണ് വിജയ് പരിപാടി പദ്ധതിയിട്ടിരിക്കുന്നത്.

ടിവികെ പ്രോഗ്രാം ഷെഡ്യൂള്‍ പുറത്തുവന്ന പിന്നാലെ ബിജെപി, ഡിഎംകെ നേതാക്കള്‍ രംഗത്തുവന്നു. കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ ആണ്. വാരാന്ത്യ രാഷ്ട്രീയക്കാരന്‍ എന്നാണ് അദ്ദേഹം വിജയിയെ വിളിച്ചത്. ജനങ്ങളുമായി ആഴ്ചയില്‍ ഒരിക്കല്‍ മാത്രം സംവദിക്കുന്ന വിജയ് രാഷ്ട്രീയത്തെ ഗൗരവമായി കാണുന്നില്ലെന്നും അണ്ണാമലൈ പറഞ്ഞു.

vijay edappadi palaniswami tamilnadu

വിജയുടെ താര പരിവേഷം ടിവികെക്ക് ഒരേസമയം അനുകൂലവും പ്രതികൂലവുമാണ്. തുടര്‍ച്ചയായ ദിവസങ്ങളിലെ യാത്ര വിജയിക്ക് അസാധ്യമാണ്. അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളില്‍ വലിയ ജനസാന്നിധ്യമുണ്ട്. ഇങ്ങനെ യാത്ര കടന്നുപോയാല്‍ ക്രമസമാധാന പ്രശ്‌നവും ട്രാഫിക് തടസവും പാര്‍ട്ടിയും പോലീസും മുന്‍കൂട്ടി കാണുന്നു. മാത്രമല്ല, പോലീസ് അനുമതി പല പരിപാടികള്‍ക്കും ഉപാധികളോടെയാണ്. ഈ സാഹചര്യത്തിലാണ് ശനിയാഴ്ചകളില്‍ മാത്രമാക്കി യാത്ര ചുരുക്കിയത്.

അണ്ണാഡിഎംകെ 'ബിജെപി' കുരുക്കില്‍

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയോടെ രംഗത്തിറങ്ങുന്ന അണ്ണാഡിഎംകെ ആഭ്യന്തര പോരില്‍ കലങ്ങിമറിയുകയാണ്. ബിജെപി അനാവശ്യമായി അണ്ണാഡിഎംകെയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു എന്നാണ് ആക്ഷേപം. പഴയ നേതാക്കളെ അണ്ണാഡിഎംകെ തിരിച്ചെടുക്കണം എന്ന് ബിജെപി ആവശ്യപ്പെടുന്നുണ്ടത്രെ. ഇതിന് ചെയര്‍മാന്‍ എടപ്പാടി പളനിസ്വാമി തയ്യാറല്ല. വിമതരെല്ലാം പുറത്ത് എന്ന നിലപാടാണ് അദ്ദേഹത്തിന്.

അണ്ണാഡിഎംകെയില്‍ നിന്ന് പുറത്തുപോയ ഒ പനീര്‍ശെല്‍വം പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നുവത്രെ. ഡിസംബര്‍ വരെ ക്ഷമിക്കണം എന്ന് അദ്ദേഹത്തോട് ബിജെപി ആവശ്യപ്പെട്ടിരിക്കുകയാണ് എന്നാണ് വാര്‍ത്തകള്‍. അതിന് മുമ്പ് അണ്ണാഡിഎംകെയില്‍ തിരിച്ചെത്താന്‍ വഴിയൊരുക്കാമെന്നാണ് ബിജെപി വാഗ്ദാനം നല്‍കിയത് എന്നും റിപ്പോര്‍ട്ടുണ്ട്.

എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയില്ലെങ്കില്‍ താന്‍ എന്‍ഡിഎയില്‍ തിരിച്ചെത്തുമെന്ന് മറ്റൊരു മുന്‍ അണ്ണാഡിഎംകെ നേതാവായ ടിടിവി ദിനകരന്‍ പറഞ്ഞു. അണ്ണാഡിഎംകെ ഒറ്റക്കെട്ടായി മുന്നോട്ട് പോകണം എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ എടപ്പാടി പളനിസ്വാമിയോട് യോജിക്കാനും സാധിക്കില്ല.

ഐക്യം വേണമെന്ന് ആവശ്യപ്പെട്ട അണ്ണാഡിഎംകെ നേതാവ് സെങ്കോട്ടയ്യനെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് കഴിഞ്ഞ ദിവസം എടപ്പാടി നീക്കിയിരുന്നു. അദ്ദേഹം തൊട്ടടുത്ത ദിവസം ഡല്‍ഹിയിലെത്തി അമിത് ഷാ, നിര്‍മല സീതാരാമന്‍ എന്നിവരെ കണ്ടു. ബിജെപിക്ക് വേണ്ടിയാണ് സെങ്കോട്ടയ്യന്‍ കളിക്കുന്നത് എന്ന വികാരമാണ് അണ്ണാഡിഎംകെയില്‍. ബിജെപിയുമായുള്ള സഖ്യം തിരിച്ചടി മാത്രമാണ് നല്‍കുക എന്ന് ചില അണ്ണാഡിഎംകെ നേതാക്കള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ന്യൂനപക്ഷങ്ങളും പ്രാദേശിക സംഘടനകളും കമ്യൂണിസ്റ്റുകളുമെല്ലാം അണ്ണാഡിഎംകെയുമായി അകന്നിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+