ബംഗളൂരുവില്‍ വിദേശ യൂട്യൂബര്‍ക്ക് നേരെ കയ്യേറ്റം; ഓടിരക്ഷപ്പെട്ടു, സോഷ്യല്‍ മീഡിയയില്‍ രോഷം
ബംഗളൂരു: ബംഗളൂരു ചിക്‌പേട്ടിലെ മാര്‍ക്കറ്റില്‍ വിദേശ യൂട്യൂബ് വ്‌ളോഗര്‍ക്ക് നേരെ കയ്യേറ്റം. ചോര്‍ ബസാറില്‍ എത്തിയ ഡച്ച് സ്വദേശി പെദ്രോ മോതയ്ക്കാണ് ദുരനുഭവമുണ്ടായത്. മാര്‍ക്കറ്റിലൂടെ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി നടക്കുന്നതിനിടെ കച്ചവടക്കാരില്‍ ഒരാള്‍ പെദ്രോയെ കയ്യേറ്റം ചെയ്യുകയായിരുന്നു. യാതൊരുവിധ പ്രകോപനങ്ങളും കൂടാതെയായിരുന്നു കയ്യേറ്റം.
കച്ചവടക്കാരന്‍ ഇയാളെ കൈ പിടിച്ച് വലിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കുകയുമായിരുന്നു. ഈ വീഡിയോ പെദ്രോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിച്ചിട്ടുണ്ട്. മാഡ്‌ലി റോവര്‍ എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തനായ വ്‌ളോഗറാണ് പെദ്രോ. ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി ചിലര്‍ രംഗത്തെത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

ബംഗളൂരുവിലെ ഏറ്റവും പ്രസിദ്ധമായ മാര്‍ക്കറ്റുകളില്‍ ഒന്നാണ് ചോര്‍ ബസാര്‍. ഞായറാഴ്ച മാര്‍ക്കറ്റ് എന്ന പേരിലും ചോര്‍ ബസാര്‍ പ്രസിദ്ധമാണ്. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി. ഇതാദ്യമായല്ല ഇന്ത്യയില്‍ വച്ച് വിദേശ പൗരന്മാര്‍ ആക്രമിക്കപ്പെടുന്നത്.
മുംബൈയിലെ തെരുവില്‍ വച്ച് ദക്ഷിണ കൊറിയയില്‍ നിന്നുള്ള യൂട്യൂബറായ മ്യോചി എന്ന യുവതിക്ക് നേരെ ആക്രമണമുണ്ടായിരുന്നു. രാത്രി എട്ട് മണിയോടെ തെരുവില്‍ വച്ച് വീഡിയോ എടുക്കുന്നതിനിടെ യുവതിയെ ഒരു യുവാവ് കയ്യേറ്റം ചെയ്യുകയായിരുന്നു. സബേര്‍ബന്‍ ഖാന്‍ മേഖലയിലെ തെരുവിലാണ് സംഭവം നടന്നത്.
ഈ ലൈവ് വീഡിയോ ആയിരത്തില്‍ കൂടുതല്‍ പേര്‍ ആ സമയത്ത് കണ്ടിരുന്നു. യുവതി വീഡിയോ എടുത്തുകൊണ്ടിരിക്കെ ഒരു യുവാവ് അടുത്തുവന്ന് ലിഫ്റ്റ് തരാമെന്ന് പറഞ്ഞു. മ്യോചി ഇത് നിരസിച്ചതോടെ കൈയ്യില്‍ കയറിപ്പിടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.












Click it and Unblock the Notifications