വിവി പാറ്റ് കേസ്: ഹര്‍ജിക്കാര്‍ക്കെതിരെ കേന്ദ്രം; എല്ലാത്തിനെയും സംശയിക്കാനാവില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: വിവിപാറ്റ് കേസ് വിധിപറയാനായി മാറ്റി സുപ്രീം കോടതി. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടും വിവിപാറ്റ് സ്ലിപ്പുകളും നൂറ് ശതമാനം ഒത്തുനോക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. തിരഞ്ഞെടുപ്പിനെ ഹര്‍ജിക്കാര്‍ തമാശയാക്കുന്നുവെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ പറഞ്ഞു. ജനാധിപത്യത്തിന് ഇത് ഹാനികരമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
എല്ലാത്തിനേയും സംശയിക്കാന്‍ സാധിക്കില്ലെന്ന് ഹര്‍ജിക്കാരോട് കോടതി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണത്തില്‍ വോട്ടര്‍മാര്‍ തൃപ്തരെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് വിധിപറയാനായി കോടതി ഹര്‍ജി മാറ്റിയത്.

ഇവിഎമ്മിന്റെ പ്രവര്‍ത്തനത്തെ അടക്കമുള്ള എല്ലാ കാര്യങ്ങളെയും ഹര്‍ജിക്കാര്‍ സംശയത്തോടെ കാണരുതെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയാല്‍ അതിനെ അംഗീരിക്കുകയാണ് വേണ്ടത്. തീര്‍ച്ചയായും ഇത് നിങ്ങളുടെ അവകാശങ്ങളെ കുറിച്ചുള്ളതാണ്.
പക്ഷേ വിവിപാറ്റിന്റെ കാര്യത്തില്‍ അമിതമായ സംശമയാണ് ഇപ്പോഴുള്ളത്. നമ്മുടെ തിരഞ്ഞെടുപ്പ് സംവിധാനം മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ബാലറ്റ് പേപ്പറിന്റെ സമയത്ത് എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. നമ്മുടെ വോട്ടര്‍മാരുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ വിശ്വാസമുണ്ടെന്നണ് ഇത തെളിയിക്കുന്നതെന്നും കോടതി പറഞ്ഞു.
കേന്ദ്രത്തിന് വേണ്ടി സോളിസിറ്റ് ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജരായത്. തുടര്‍ച്ചയായി ഇവിഎമ്മുമായി ബന്ധപ്പെട്ട് ഹര്‍ജി നല്‍കുന്നത് ജനാധിപത്യ അവകാശത്തെ പരിഹസിക്കുന്നതിന് തുല്യമാണ്. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് ഇത്തരം ഹര്‍ജികള്‍ വരാറുള്ളതെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.
എന്നാല്‍ ഹര്‍ജി നേരത്തെ തന്നെ കോടതിയുടെ മുന്നിലുണ്ടായിരുന്നുവെന്നും, അതിന്റെ വാദം കേള്‍ക്കാന്‍ വൈകിയതാണ്. അതില്‍ ഹര്‍ജിക്കാരെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും കോടതി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണം ഉന്നയിക്കുകയല്ല. ഈ സംവിധാനത്തില്‍ ചില സംശയങ്ങള്‍ ഉയര്‍ത്തുക മാത്രമാണ് ചെയ്യുന്നതെന്നും മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ പറഞ്ഞു.












Click it and Unblock the Notifications