വഖഫ് ഭേദഗതി ബില്‍ പാസാക്കിയത് ചരിത്രനിമിഷമെന്ന് മോദി; 'ദരിദ്ര മുസ്ലീങ്ങള്‍ക്ക് നേട്ടമാകും'
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയത് ചരിത്ര നിമിഷം ആണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വഖഫ് നിയമത്തിലെ ഭേദഗതി മുസ്ലീം സമുദായത്തിലെ അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് ശബ്ദം നല്‍കുകയും വഖഫ് സ്വത്തുക്കളുടെ മാനേജ്‌മെന്റില്‍ സുതാര്യത വര്‍ധിപ്പിക്കുകയും ചെയ്യും എന്ന് അദ്ദേഹം അവകാശപ്പെട്ടു. മിനിയാന്ന് ലോക്‌സഭയില്‍ പാസാക്കിയ ബില്‍ ഇന്നലെ രാജ്യസഭയിലും പാസാക്കിയിരുന്നു.
'സാമൂഹിക-സാമ്പത്തിക നീതി, സുതാര്യത, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച എന്നിവയ്ക്കായുള്ള നമ്മുടെ കൂട്ടായ അന്വേഷണത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും വഖഫ് ഭേദഗതി ബില്‍ പാസാക്കിയത് ഒരു നിര്‍ണായക നിമിഷമാണ്. പ്രത്യേകിച്ചും, വളരെക്കാലമായി പിന്നാക്കം നില്‍ക്കുന്ന, അങ്ങനെ ശബ്ദവും അവസരവും നിഷേധിക്കപ്പെട്ടവരെ ഇത് സഹായിക്കും,' മോദി പറഞ്ഞു.

2019 ല്‍ മുത്തലാഖ് നിയമവിരുദ്ധമാക്കിയതിന് ശേഷം മുസ്ലീം സമൂഹവുമായി ബന്ധപ്പെട്ട് ബിജെപി കൊണ്ടുവരുന്ന മറ്റൊരു പ്രധാന മാറ്റമാണ് വഖഫ് ബില്‍. വഖഫ് ബില്‍ മുസ്ലീങ്ങളിലെ ദരിദ്രരെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു പരിഷ്‌കരണ നടപടിയാണെന്നാണ് ബിജെപി അവകാശപ്പെടുന്നത്. മുസ്ലീം സമുദായത്തിന്റെ കാര്യങ്ങളില്‍ അവര്‍ക്ക് യാതൊരു പങ്കുമില്ലായിരുന്നുവെന്നാണ് ബിജെപി വാദം.
പതിറ്റാണ്ടുകളായി വഖഫ് സമ്പ്രദായം സുതാര്യതയില്ലായ്മയുടെ പര്യായമാണെന്നും ദരിദ്ര മുസ്ലീങ്ങളുടെയും സ്ത്രീകളുടെയും പസ്മാണ്ഡ മുസ്ലീങ്ങളുടെയും താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ നിയമനിര്‍മ്മാണം സുതാര്യത വര്‍ധിപ്പിക്കുകയും ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ഭേദഗതി ബില്‍ നിയമമാകാന്‍ ഇനി രാഷ്ട്രപതിയുടെ അനുമതിയാണ് ആവശ്യമുള്ളത്. ഈ ബില്‍, കൂടുതല്‍ ആധുനികവും സാമൂഹിക നീതിയോട് സംവേദനക്ഷമതയുള്ളതുമായ ഒരു യുഗത്തിന് തുടക്കമിടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'ഓരോ പൗരന്റെയും അന്തസിന് മുന്‍ഗണന നല്‍കുന്നതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. കൂടുതല്‍ ശക്തവും, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും, അനുകമ്പയുള്ളതുമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുന്നത് ഇങ്ങനെയാണ്,' അദ്ദേഹം പറഞ്ഞു.
വഖഫ് നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി അനുസരിച്ച് വഖഫ് കൗണ്‍സിലില്‍ രണ്ട് വനിതാ അംഗങ്ങള്‍ ഉള്‍പ്പെടെ പരമാവധി നാല് അമുസ്ലിം അംഗങ്ങള്‍ ഉണ്ടായിരിക്കണം. മാത്രമല്ല, ഒരു സ്വത്ത് വഖഫ് ആണോ സര്‍ക്കാരിന്റേതാണോ എന്ന കാര്യത്തില്‍ ഇനി അന്തിമ തീരുമാനം ജില്ലാ കളക്ടര്‍മാരുടെ റാങ്കിന് മുകളിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കായിരിക്കും. വഖഫ് ഭേദഗതിക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്.












Click it and Unblock the Notifications