വയനാട്ടിലെ ഉപതിരഞ്ഞെടുപ്പ്; അഭ്യൂഹങ്ങളില്‍ വ്യക്തത വരുത്തി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് വഴി ഒഴിവ് വന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നു സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. വയനാട് ലോക്‌സഭ മണ്ഡലത്തിലെ ഇ വി എം യൂണിറ്റുകളുടെ മോക് പോളിംഗ് നടത്തിയത് വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള സാധാരണ നടപടി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപതിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനം എടുക്കേണ്ടതെന്നും നിലവില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ കോഴിക്കോട് കളക്ടറേറ്റില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ നേതൃത്വത്തില്‍ മോക് പോളിംഗ് നടത്തിയിരുന്നു.

ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള മോക്പോളില്‍ സാന്നിധ്യമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് അയച്ച കത്താണ് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു എന്ന അഭ്യൂഹത്തിന് വഴിവെച്ചത്. ഇക്കാര്യത്തിലാണ് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തത വരുത്തിയിരിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി ഒമ്പത് മാസമാണ് അവശേഷിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇനി ഉപതിരഞ്ഞെടുപ്പു നടത്തേണ്ട ആവശ്യമുണ്ടോ എന്ന് പലകോണില്‍ നിന്നും ചോദ്യമുയരുന്നുണ്ട്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ മോദി പരാമര്‍ശത്തെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയെ കുറ്റക്കാരനെന്ന് കണ്ട് സൂറത്ത് സി ജെ എം കോടതി രണ്ട് വര്‍ഷത്തെ തടവിന് വിധിച്ചത്.
ഇതിന് പിന്നാലെ ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കുകയായിരുന്നു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചത്. 2019 ലെ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്നും വയനാട്ടില്‍ നിന്നും രാഹുല്‍ ഗാന്ധി ജനവിധി തേടിയിരുന്നു. അമേഠിയില്‍ പരാജയപ്പെട്ടപ്പോള്‍ വയനാട്ടില്‍ കൂറ്റന്‍ വിജയമാണ് രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത്. രാഹുല്‍ തരംഗത്തില്‍ സംസ്ഥാനത്തെ 20 സീറ്റില്‍ 19 എണ്ണത്തിലും യു ഡി എഫിനായിരുന്നു ജയം.
വയനാട്ടിലേയും മലപ്പുറത്തേയും മൂന്ന് നിയമസഭാ മണ്ഡലങ്ങളും കോഴിക്കോടെ ഒരു നിയമസഭാ മണ്ഡലവും ഉള്‍പ്പെടുന്നതാണ് വയനാട് ലോക്സഭാ മണ്ഡലം. 2019 ല്‍ രാഹുല്‍ ഗാന്ധിക്ക് ഇവിടെ നിന്ന് 706367 വോട്ടാണ് ലഭിച്ചിരുന്നത്. 431770 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി വിജയം സ്വന്തമാക്കിയത്. സി പി ഐയുടെ പി പി സുനീറിനെയാണ് (274597) രാഹുല്‍ ഗാന്ധി പരാജയപ്പെടുത്തിയത്.












Click it and Unblock the Notifications