'വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം'; ലോക്‌സഭയില്‍ കേന്ദ്രത്തോട് രാഹുല്‍
ന്യൂഡല്‍ഹി: രാജ്യത്തെ തന്നെ നടുക്കത്തിലാഴ്ത്തിയ വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന് കേന്ദ്ര സര്‍ക്കാരിനോട് രാഹുല്‍ ഗാന്ധി. ലോക്‌സഭയില്‍ ശൂന്യവേളയില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ''വയനാട്ടില്‍ ഒരു ദുരന്തം ഉണ്ടായിട്ടുണ്ട്. അവര്‍ (ഭരണപക്ഷ അംഗങ്ങള്‍) ഞങ്ങളെ സംസാരിക്കാനും പ്രസ്താവന നടത്താനും അനുവദിക്കാത്തതില്‍ ഞാന്‍ ആശ്ചര്യപ്പെടുന്നു,'' രാഹുല്‍ ഗാന്ധി പറഞ്ഞു.
വയനാടിന് വേണ്ടി സമഗ്രമായ പുനരധിവാസ പാക്കേജും നഷ്ടപരിഹാരവും നല്‍കണമെന്നും രാഹുല്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. 'കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ എന്റെ സഹോദരിയോടൊപ്പം വയനാട് സന്ദര്‍ശിച്ചു. ഈ ദുരന്തത്തിന്റെ ഫലമായുണ്ടായ വേദനയും കഷ്ടപ്പാടും ഞാന്‍ സ്വന്തം കണ്ണുകൊണ്ട് കണ്ടു. 200-ലധികം ആളുകള്‍ മരിച്ചു, ധാരാളം ആളുകളെ കാണാതായി,' രാഹുല്‍ പറഞ്ഞു.

ദുരന്തമുഖത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, ആര്‍മി, നാവികസേന, കോസ്റ്റ് ഗാര്‍ഡ്, അഗ്‌നിശമന സേന എന്നിവയുടെ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുന്നു. കര്‍ണാടക, തമിഴ്നാട്, തെലങ്കാന എന്നിവയുള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സഹായം വയനാടിനായി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാടിന് ദുരന്തത്തെ അതിജീവിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സമഗ്രമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കം.
ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്തുണ ഉറപ്പാക്കണം എന്നും അദ്ദേഹ ആവശ്യപ്പെട്ടു. വയനാട്ടിലെ ദുരന്തത്തില്‍ 200 ലേറെ പേരാണ് മരിച്ചത് എന്നും അത്രയും പേരെ കാണാതായിട്ടുണ്ട് എന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ദുരന്തം നടന്ന പല സ്ഥലങ്ങളും തങ്ങള്‍ സന്ദര്‍ശിച്ചു. കുടുംബം ഒന്നാകെ നഷ്ടമായവരും ഒരാള്‍ മാത്രം അവശേഷിക്കുന്നവരും അവിടെ ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ദുരന്തമുഖത്ത് വ്യത്യസ്ത ആശയങ്ങള്‍ പരിഗണിക്കാതെ എല്ലാ കമ്മ്യൂണിറ്റികളും ആളുകളെ സഹായിക്കാന്‍ ഒരുമിച്ച് വരുന്നത് കാണുന്നത് സന്തോഷകരമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് സുപ്രധാന റോഡുകള്‍ ഇല്ലാതായത് പ്രതിസന്ധി രൂക്ഷമാക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതൊരു വലിയ ദുരന്തമാണ് എന്ന് മനസിലാക്കി സമഗ്രമായ പുനരധിവാസ പാക്കേജ് നല്‍കണം
ദുരിതബാധിതര്‍ക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം വര്‍ധിപ്പിക്കണം എന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ജൂലൈ 30 നായിരുന്നു വയനാട്ടില്‍ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഓഗസ്റ്റ് രണ്ടിനാണ് ഉരുള്‍പൊട്ടലുണ്ടായ വയനാട് ജില്ലയിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും രാഹുലും പ്രിയങ്കയും സന്ദര്‍ശനം നടത്തിയത്. വയനാട് ദുരന്തത്തിന്റെ ഒമ്പതാം ദിനമായ ഇന്നും കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. 152 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.












Click it and Unblock the Notifications