മമതയുടെ തോളിനും കണങ്കാലിനും പരിക്ക്; 48 മണിക്കൂര്‍ നിരീക്ഷണത്തില്‍, നാടകം എന്ന് ബിജെപി
കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ പ്രചാരണത്തിന് പോയ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ആക്രമണത്തില്‍ പരിക്ക്. കാറില്‍ കയറാന്‍ ശ്രമിക്കവെ ചിലര്‍ അവരെ തള്ളുകയായിരുന്നു. ശേഷം നടക്കാന്‍ പറ്റാതായ മമതയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എടുത്ത് കാറില്‍ വെക്കുകയാണ് ചെയ്തത്. പ്രചാരണം മതിയാക്കി കൊല്‍ക്കത്തയിലേക്ക് തിരിച്ച മമത ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. അവരുടെ തോളിനും കണങ്കാലിനും പരിക്കുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
48 മണിക്കൂര്‍ നിരീക്ഷണത്തിലാണ് മമത. ഈ സാഹചര്യത്തില്‍ ശരീരം ഇളകാന്‍ പാടില്ലെന്നാണ് നിര്‍ദേശം. അതേസമയം, മമതക്കെതിരായ ആക്രമണം തിരഞ്ഞെടുപ്പ് നാടകമാണെന്ന് ബിജെപി ആരോപിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

ഡോക്ടര്‍മാര്‍ പറയുന്നത്
കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയില്‍ ചികില്‍സയിലാണ് മമത. ഇടത് കണങ്കാലിന് പരിക്കുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി എന്ന് ഡോക്ടര്‍ എം ബന്ദോപാധ്യായ പറഞ്ഞു. വലതു തോളിനും പരിക്കുണ്ട്. മുന്‍കൈയ്യിനും കഴുത്തിനും പരിക്കുള്ളതായി പരിശോധനയില്‍ തെളിഞ്ഞു.

നെഞ്ചുവേദനയും പനിയും
നെഞ്ചുവേദനയുണ്ട് എന്നാണ് മമത ഡോക്ടര്‍മാരെ അറിയിച്ചിട്ടുള്ളത്. ശ്വാസമെടുക്കുന്നതിന് പ്രയാസം നേരിടുന്നു. 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ് എന്നും ഡോക്ടര്‍ പറഞ്ഞു. എംആര്‍ഐ സ്‌കാനിങ് എടുത്തു. നേരിയ പനി ഉള്ളതിനാല്‍ പ്രത്യേക സുരക്ഷയുള്ള വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്.

സംഭവിച്ചത് ഇതാണ്
നന്ദിഗ്രാമില്‍ നിന്ന് എത്തിയ ഉടനെ ബുധനാഴ്ച രാത്രി എക്‌സ്‌റേ എടുത്തിരുന്നു. അഞ്ച് ഡോക്ടര്‍മാരാണ് മമതയെ പരിശോധിക്കുന്നത്. നന്ദിഗ്രാമില്‍ പ്രചാരണം നടത്തവെ ചിലര്‍ ചേര്‍ന്ന് തന്നെ പിടിച്ചുതള്ളി എന്നാണ് മമത പറയുന്നത്. തുടര്‍ന്ന് അവര്‍ നിലത്ത് വീഴുകയായിരുന്നു. ഈ സയമം പോലീസുകാര്‍ അടുത്തുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ആസൂത്രിതമായി ചിലര്‍ ചെയ്തതാണ് എന്നാണ് സംശയിക്കുന്നത്.

മറുപടി തരുമെന്ന് മുന്നറിയിപ്പ്
ഇന്നലെ രാവിലെ നന്ദിഗ്രാമില്‍ മമത നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. മമത ആശുപത്രിയില്‍ കിടക്കുന്ന ഫോട്ടോ തൃണമൂല്‍ നേതാവും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി ട്വിറ്ററില്‍ പങ്കുവച്ചു. ബംഗാളിലെ ജനങ്ങള്‍ ബിജെപിക്ക് മെയ് രണ്ടിന് മറുപടി നല്‍കുമെന്നാണ് അഭിഷേകിന്റെ പ്രതികരണം.

സിബിഐ അന്വേഷിക്കണം
സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. കമ്മീഷന്‍ പോലീസിനോടും ജില്ലാ കളക്ടറോടും വിശദീകരണം തേടിയിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാക്കള്‍ വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ട് കാണുമെന്ന് മന്ത്രി പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു. പോലീസ് കേസെടുത്തിട്ടുണ്ട്. സിബിഐ അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.












Click it and Unblock the Notifications