ഭാരത് ആട്ട വില കുറച്ചു... എവിടെ കിട്ടും, വില അറിയാം; സൗജന്യ റേഷന് പിന്നാലെ ദീപാവലി സമ്മാനം
ന്യൂഡല്‍ഹി: സൗജന്യ റേഷന്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടിയതായി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഛത്തീസ്ഗഡില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മോദിയുടെ പ്രഖ്യാപനം. അടുത്ത മാസത്തോടെ സൗജന്യ റേഷന്‍ പദ്ധതി അവസാനിക്കുകയാണ്. ഈ വേളയിലാണ് അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കവെയാണ് നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ജനങ്ങളെ ആകര്‍ഷിക്കാനുള്ള വാഗ്ദാനം മാത്രമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു. കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഡ്. നാളെയും ഈ മാസം 17നുമാണ് ഇവിടെ വോട്ടിങ്. കൂടാതെ മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് നടക്കുകയാണ്.

അതിനിടെ ഇന്ന് കേന്ദ്രസര്‍ക്കാര്‍ കുറഞ്ഞ വിലയ്ക്ക് ആട്ട നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചു. ഭാരത് ആട്ട ഇതുവരെ നല്‍കിയതില്‍ നിന്ന് രണ്ട് രൂപ കുറച്ചു. 29.50ന് വിറ്റിരുന്ന ഭാരത് ആട്ട ഇനി മുതല്‍ കിലോയ്ക്ക് 27.50 രൂപയ്ക്ക് ലഭിക്കും. ദീപാവലിക്ക് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സമ്മാനം എന്ന പേരിലാണ് ഇതിന്റെ പ്രചാരണം. കേന്ദ്രമന്ത്രി പീയുഷ് ഗോയലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
നാഫെഡ്, എന്‍സിസിഎഫ്, കേന്ദ്രീയ ബന്ദാര്‍ എന്നിവയുടെ ഔട്ട്‌ലെറ്റുകള്‍ മുഖേനയാണ് ഈ ആട്ട വില്‍ക്കുക. കേരളത്തില്‍ ഈ പദ്ധതി അത്ര ഗുണം ചെയ്യില്ലെങ്കിലും ഉത്തരേന്ത്യയിലുള്ളവര്‍ക്ക് ആശ്വാസമാകും. പൊതുവിപണിയില്‍ 36 മുതല്‍ 70 രൂപ വരെയാണ് കിലോ ആട്ടയുടെ വില. സ്ഥലത്തിനും ഗുണമേന്മയ്ക്കും അനുസരിച്ച് വിലയില്‍ വ്യത്യാസമുണ്ടാകും.
ഈ പദ്ധതിയുടെ ആദ്യഘട്ടം കഴിഞ്ഞ ഫെബ്രുവരിയിലാണ് ആരംഭിച്ചത്. 29.50 രൂപയ്ക്കായിരുന്നു അന്നത്തെ വില്‍പ്പന. പദ്ധതി വിജയമായപ്പോഴാണ് രണ്ട് രൂപ കുറച്ച് വില്‍ക്കുന്നത്. ആദ്യ ഘട്ടം വിജയകരമായതോടെ പദ്ധതി വിപുലീകരിക്കുകയാണെന്ന് പീയൂഷ് ഗോയല്‍ പറഞ്ഞു. മൂന്ന് ഏജന്‍സികള്‍ മുഖേന 2000 ഔട്ട്‌ലെറ്റിലൂടെയും 800 മൊബൈല്‍ വാനുകള്‍ വഴിയുമാണ് ഭാരത് ആട്ടയുടെ വില്‍പ്പന.
ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് രണ്ടര ലക്ഷം ടണ്‍ ഗോതമ്പ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത് മൂന്ന് ഏജന്‍സികള്‍ക്കായി നല്‍കുകയായിരുന്നു. കിലോയ്ക്ക് 21.50 രൂപയ്ക്കാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. തുടര്‍ന്ന് നാഫെഡ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ ഇവ പൊടിച്ച് ഭാരത് ആട്ട എന്ന ബ്രാന്‍ഡില്‍ കിലോയ്ക്ക് 27.50ന് വില്‍ക്കുകയാണ്. ഒരു ലക്ഷം ടണ്‍ ഗോതമ്പ് നാഫെഡിനും ഒരു ലക്ഷം ടണ്‍ ഗോതമ്പ് എന്‍സിസിഎഫിനും ബാക്കി കേന്ദ്രീയ ബന്ദാറിനുമാണ് സര്‍ക്കാര്‍ കൈമാറിയത്.












Click it and Unblock the Notifications